

ഋതിക സിങ്
തന്‍റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകൾക്കെതിരേ വിഡിയോയുമായി നടി ഋതിക സിങ്. ഫെയ്സ്ബുക്കിൽ നടിയുടെ പേരിൽ പേജ് തുടങ്ങുകയും സബ്സ്ക്രിപ്ഷൻ ആരംഭിക്കുകയായിരുന്നു. ഗ്ലാമർ വിഡിയോകൾക്ക് 400 രൂപ സബ്സ്ക്രിപ്ഷൻ എന്നാണ് വ്യാജ അക്കൗണ്ടിൽ പറയുന്നത്. ഇത് കണ്ട് നിരവധി പേർ പണം നൽകിയിട്ടുണ്ടെന്നും നടി വ്യക്തമാക്കുന്നു. തന്‍റെ ഒരേയൊരു ഔദ്യോഗിക അക്കൗണ്ട് ബ്ലൂ ടിക്കുള്ള ഇൻസ്റ്റഗ്രാം പ്രൊഫൈൽ മാത്രമാണെന്നും തനിക്ക് ഫെയ്സ്ബുക്കിൽ പ്രചരിക്കുന്ന അക്കൗണ്ടുമായി ബന്ധമില്ലെന്നും ഋതിക വിഡിയോയിൽ പറയുന്നു.
''ഫെയ്സ്ബുക്കിൽ എന്‍റെ പേരിൽ ഒരു പേജ് ആരംഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രതിമാസം 400 രൂപ നിരക്കിൽ സബ്സ്ക്രിപ്ഷൻ മോഡലിലാണ് അവർ അത് പ്രവർത്തിപ്പിക്കുന്നത്. ആളുകൾ അതിനായി പണം നൽകുന്നുണ്ട്. അത് വെരിഫൈഡ് അക്കൗണ്ട് അല്ല. മാത്രമല്ല, എന്‍റെ പേരിൽ സ്പെല്ലിങ് പോലും തെറ്റായാണ് നൽകിയിരിക്കുന്നത്. അതിനായി പണം നൽകുന്നവർ ദയവായി സ്വന്തം പണത്തിന്‍റെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധ പുലർത്തണം''- ഋതിക വ്യക്തമാക്കി.
തുടക്കത്തിൽ താനത് കാര്യമാക്കിയില്ലെന്നും ഇപ്പോൾ തന്‍റെ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും ഋതിക പറയുന്നു. ''എന്നെപ്പോലെ തോന്നിക്കുന്ന, തികച്ചും യഥാർഥമെന്ന് തോന്നിപ്പിക്കുന്ന, എഐ വിഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ഇത്തരത്തിൽ വന്ന് കാര്യങ്ങൾ വ്യക്തമാക്കേണ്ടിവരുന്നതിൽ വിഷമമുണ്ട്. എഐ സാങ്കേതിക വിദ്യയുടെ കാര്യം വിശ്വസിക്കാൻ പോലുമാകാത്തത്ര ഭയങ്കരമാണ്.''
വ്യക്തിഗത ഇമേജിനെ തകർക്കുന്ന തരത്തിലുള്ള വിഡിയോകളാണ് ഇപ്പോൾ ഉണ്ടാക്കുന്നതെന്നും ഋതിക. എന്‍റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഇത് കണ്ടാൽ ഞാനല്ലെന്ന് തിരിച്ചറിയാൻ പോലും അവർക്ക് കഴിഞ്ഞെന്ന് വരില്ല. ഇത്തരം പേജുകൾ വിശ്വസിക്കരുതെന്നും സബ്സ്ക്രിപ്ഷൻ എടുക്കരുതെന്നും ഋതിക വിഡിയോയിൽ വ്യക്തമാക്കുന്നു. വ്യാജ പേജ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാൻ സഹായിക്കണമെന്നും നടി അഭ്യർഥിക്കുന്നു.