

ഹനാൻ ഷായുടെ പരിപാടിക്കിടെ ആളുകൾ കുഴഞ്ഞുവീണു, സംഘാടകർക്കെതിരേ കേസ്
കാസർകോട്: ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്. സംഭവത്തിൽ സംഘാടകർക്കെതിരേ പൊലീസ് കേസെടുത്തു. സംഘാടകരായ അഞ്ചു പേർക്കെതിരേയും കമ്മിറ്റി അംഗങ്ങൾക്കെതിരേയുമാണ് കേസ്. മൂവായിരത്തോളം ആളുകൾക്കാണ് പ്രവേശനാനുമതിയുണ്ടായിരുന്നു. എന്നാൽ സംഘാടകർ പതിനായിരം പേരെ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് എഫ്ഐആറിലുള്ളത്.
ഹനാൻഷയായുടെ പരിപാടിയിൽ തിക്കും തിരക്കിലുംപ്പെട്ട് പത്ത് പേരാണ് കുഴഞ്ഞു വീണത്. കാസർകോട് യുവജന കൂട്ടായ്‌മയായ 'ഫ്ലീ' യുടെ നേതൃത്വത്തിൽ നടത്തിയ ഗാനമേളക്കിടയിലാണ് അപകടം. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശുകയും ചെയ്തു. സംഘാടകര്‍ പൊലീസ് മുന്നറിയിപ്പ് അവഗണിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. മനുഷ്യജീവനും, പൊതുസുരക്ഷയ്ക്കും അപകടം വരുന്ന രീതിയിൽ പ്രവർത്തിച്ചതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പുതിയ ബസ്റ്റാൻഡിനു സമീപമുള്ള മൈതാനത്താണ് പരിപാടി നടന്നത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുൻപേ ആളുകൾ ഇവിടെ തടിച്ചുകൂടുകയായിരുന്നു. തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശിയിരുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ സംഗീത പരിപാടി പിന്നീട് അവസാനിപ്പിച്ചു. പൊലീസിന്റെ നിർദേശപ്രകാരമാണ് പരിപാടി അവസാനിപ്പിച്ചത്.
അപകട വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ്ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ജില്ലാ പൊലീസ് മോധാവി തന്നെ ജാഗ്രത പാലിക്കണമെന്ന് മൈക്കിലൂടെ മുന്നറിയിപ്പ് നൽകി. ഇതിനിടെ പരിപാടി കാണാനായി എത്തിയവരെ പാതയോരത്ത് വച്ച് പൊലീസ് ലാത്തി വീശി വിരട്ടിയോടിച്ചു. ചിലർ കുറ്റിക്കാട്ടിലെ കുഴിയിൽ വീണു. അപകടത്തിൽ പെട്ടവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.