

കിച്ചു ടെല്ലസും റോഷ്ന ആൻ റോയും
നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും നടി റോഷ്ന ആൻ റോയിയും അടുത്തിടെയാണ് വിവാഹമോചിതരായത്. സോഷ്യൽ മീഡിയയിലൂടെ റോഷ്ന തന്നെയാണ് വിവാഹമോചിതരായെന്ന വിവരം പങ്കുവച്ചത്. ഇപ്പോൾ ചർച്ചയാവുന്നത് കിച്ചു ടെല്ലസിന്‍റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. റോഷ്നയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് കിച്ചു പങ്കുവച്ചത്. ചിത്രങ്ങൾക്കു താഴെ റോഷ്ന കുറിച്ച കമന്റും ആരാധകർക്കിടയിൽ ചർച്ചയായി.
ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് എന്നാണ് മുൻ ഭർത്താവിനോട് റോഷ്‌ന ആവശ്യപ്പെട്ടത്.‘‘കിച്ചു, ഇത് ചെയ്യരുത്. നമ്മൾ വളരെ നല്ല കൂട്ടുകാരാണ്. എന്താണ് നമുക്കിടയിൽ സംഭവിച്ചതെന്ന് നമുക്ക് പരസ്പരം അറിയാം. അതുകൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. അത് വളരെ മോശമാണ്. ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ട്. ഞാൻ എപ്പോഴും നിന്റെ നല്ല സുഹൃത്തായിരിക്കും- റോഷ്ന കുറിച്ചു.
പിന്നാലെ നിരവധി ആരാധകരും റോഷ്നയ്ക്ക് മറുപടിയുമായി എത്തി. ‘അദ്ദേഹം നിങ്ങളെ ഇപ്പോഴും മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു ഒരാളുടെ കമൻറ്. പോസ്റ്റ് ചർച്ചയായതോടെ റോഷ്നയ്ക്കൊപ്പമുള്ള ചിത്രം കിച്ചു പിൻവലിച്ചു.
2020 നവംബറിലായിരുന്നു റോഷ്നയുടെ കിച്ചുവും വിവാഹിതരായത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. കഴിഞ്ഞ വർഷം വരെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. എന്നാൽ കഴിഞ്ഞ സെപ്റ്റംബറിലാണ് വിവാഹമോചിതരായ വിവരം റോഷ്ന പങ്കുവച്ചത്.