'സി സ്പേസ്': ഒരു സിനിമയ്ക്ക് 75 രൂപ

സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓടിടി പ്ലാറ്റ്‌ഫോം. കലാമൂല്യമുള്ള സിനിമകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി.
C Space
C Space
Updated on

തിരുവനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഒടിടി പ്ലാറ്റ് ഫോമായ 'സി സ്പേസ്' എത്തുമ്പോൾ, 75 രൂപയ്ക്ക് ഒരു സിനിമയാണ് വാഗ്ദാനം. ലാഭം മാത്രം ലക്ഷ്യമിട്ട് സ്വകാര്യ ഒടിടി പ്ലാറ്റ് ഫോമുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കലാമൂല്യമുള്ള സിനിമകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കാനുള്ള ദൗത്യമാണ് സി സ്പേസിലൂടെ കേരളം ഏറ്റെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമയ്ക്കൊപ്പം മലയാള ഭാഷയ്ക്കും സംസ്കാരത്തിനുമുള്ള പ്രോത്സാഹനമെന്ന ബഹുമുഖ ലക്ഷ്യം കൂടിയാണ് ഇതുവഴി സാധ്യമാകുകയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് (കെഎസ്എഫ്ഡിസി) സി സ്പേസിന്‍റെ നിര്‍വഹണച്ചുമതല. കാണുന്ന സിനിമയ്ക്ക് മാത്രം പണം നല്‍കുക എന്ന വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന സി സ്പേസില്‍ ഒരു സിനിമ 75 രൂപയ്ക്ക് കാണാം. സി സ്പേസില്‍ സ്ട്രീം ചെയ്യുന്ന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന് 40 രൂപയും 30 മിനിറ്റുള്ളവയ്ക്ക് 30 രൂപയും 20 മിനിറ്റുള്ളവയ്ക്ക് 20 രൂപയുമാണ് ഈടാക്കുക. പകുതി തുക നിര്‍മ്മാതാവിന് ലഭിക്കും. പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്പേസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

നിർമാതാക്കള്‍ക്ക് അവരുടെ സിനിമകള്‍ കാണുന്ന പ്രേക്ഷകരുടെ പിന്തുണയിലൂടെ നിർമാണച്ചെലവ് തിരിച്ചുപിടിക്കാനുള്ള അവസരം നല്‍കി ക്രൗഡ് ഫണ്ടിങ്ങില്‍ പുതിയ സമ്പ്രദായം ആരംഭിക്കാനാണ് സി സ്പേസ് ഉദ്ദേശിക്കുന്നതെന്ന് കെഎസ്എഫ് ഡിസി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ പറഞ്ഞു.

സി സ്പേസിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുക്കാനും അംഗീകരിക്കാനും ചലച്ചിത്ര പ്രവര്‍ത്തകരായ സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി, എഴുത്തുകാരായ ഒ.വി. ഉഷ, ബെന്യാമിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള 60 അംഗ ക്യൂറേറ്റര്‍ സമിതി കെഎസ്എഫ് ഡിസി രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ ശുപാര്‍ശ ചെയ്യുന്ന സിനിമകളേ പ്ലാറ്റ് ഫോമില്‍ പ്രദര്‍ശിപ്പിക്കൂ. ആദ്യഘട്ടത്തില്‍ 42 സിനിമകളാണ് ക്യൂറേറ്റര്‍മാര്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ 35 ഫീച്ചര്‍ ഫിലിമുകളും 6 ഡോക്യുമെന്‍ററികളും ഒരു ഹ്രസ്വചിത്രവുമാണുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com