

തീവ്രവാദത്തെ ന്യായീകരിക്കുകയും മഹത്വ വത്ക്കരിക്കുകയും ചെയ്യുന്നു; എമ്പുരാനെതിരേ വീണ്ടും ഓർഗനൈസർ
മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരേ ആർഎസ്എസ് മുഖവാരികയായ ഓർഗനൈസർ വീണ്ടും. ഇരു സമുദായങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുന്ന സിനിമയാണ് എമ്പുരാനെന്ന് ഓൺലൈനിലെ പതിപ്പിൽ ഓർഗനൈസർ ആരോപിക്കുന്നു.
"എമ്പുരാൻ വിവാദം; അപകടകരമായ പ്രവണത'' എന്ന തലക്കെട്ടോടെ തിങ്കളാഴ്ച രാത്രിയാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. എമ്പുരാന് പുറമേ മറ്റ് സിനിമകളെക്കുറിച്ചും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
2002ലെ ഗുജറാത്ത് കലാപത്തിന്‍റെ ഏകപക്ഷീയമായ ചിത്രീകരണം മാത്രമല്ല ചിത്രത്തിനെതിരേ വിമർശനം ഉന്നയിക്കാൻ കാരണമെന്ന് ലേഖനത്തിൽ പറയുന്നു. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിന് സിനിമയിലൂടെ നൽകാൻ ശ്രമിക്കുന്ന സന്ദേശമാണ് ആശങ്കയ്ക്കു കാരണം. വികലവും ഭിന്നിപ്പിക്കുന്നതുമായ ആശയത്തിലൂടെ ഇരു സമുദായങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുന്ന സിനിമയാണിതെന്നും ലേഖനത്തിൽ പറയുന്നു.
രാജ്യത്തെ പ്രധാന തീവ്രവാദ വിരുദ്ധ ഏജൻസിയായ ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) ലോഗോ ദുരുപയോഗം ചെയ്തു, ഇന്‍റലിജൻസ് ബ്യൂറോ പോലുള്ള ഏജൻസികളുടെ ചിത്രീകരണം തുടങ്ങിയ കാര്യങ്ങളും ലേഖനം ചൂണ്ടിക്കാട്ടുന്നു. തീവ്രവാദത്തെ ന്യായീകരിക്കുന്നതും മഹത്വവത്കരിക്കുന്നതുമാണ് ചിത്രം. എമ്പുരാനിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം സയ്യിദ് മസൂദിന് പാക് ഭീകരൻ മൗലാനാ മസൂദ് അസറുമായുള്ള സൗമ്യം ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും ഓർഗനൈസർ പറയുന്നു.
ഭീഷ്മപർവം, മുംബൈ പൊലീസ് എന്നീ സിനിമകളിൽ നാവിക സേനാ ഉദ്യോഗസ്ഥരെ മോശമായി ചിത്രീകരിക്കുന്നു. ഉണ്ട മവോയിസത്തെ പ്രോത്സാഹിപ്പിക്കുന്നു. നിരവധി മലയാളം- തമിഴ് ചിത്രങ്ങൾ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.