
സജി നന്ത്യാട്ട്
കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് നിർമാതാവ് സജി നന്ത്യാട്ട്. സംഘടനാ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് രാജി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളിൽ സജി നന്ത്യാട്ട് സാന്ദ്ര തോമസിനെ പിന്തുണച്ചിരുന്നു. ഇതാണ് അഭിപ്രായ ഭിന്നതകൾക്ക് കാരണമെന്നാണ് വിവരം.
സാന്ദ്ര തോമസ് രണ്ട് സിനിമകള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളെന്നും, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനങ്ങളിലേക്കു മത്സരിക്കണമെങ്കില്‍ മൂന്നിലേറെ സിനിമകള്‍ നിര്‍മിച്ചിരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര തോമസിന്‍റെ രണ്ട് പത്രികകളും വരണാധികാരി തള്ളിയത്. തുടര്‍ന്ന് ഏറെ നേരം വാക്ക് തര്‍ക്കമുണ്ടായി.
താൻ മൂന്നിലധികം സിനിമകൾ നിർമിച്ചിട്ടുണ്ടെന്നും എന്നാൽ മനഃപൂർവം തന്നെ മാറ്റിനിർത്തുകയാണെന്നും ആരോപിച്ച് സാന്ദ്ര തോമസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ടു കാര്യങ്ങളാണ് എറണാകുളം സബ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സാന്ദ്ര ചൂണ്ടിക്കാട്ടുന്നത്. ഒന്ന് ബൈലോ പ്രകാരം ഓഫിസ് സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സ്ഥിരാംഗമാവണം, ഒപ്പം മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണം. തന്‍റെ പേരില്‍ മൂന്നിലേറെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളുണ്ടെന്നും, മത്സരിക്കാന്‍ യോഗ്യയാണെന്നും സാന്ദ്ര പറയുന്നു.