സജിന്‍റെ സിനിമാവഴികൾ...

ചുരുളിയിലെ ജീപ്പ് ഡ്രൈവറും, ജാനേ മന്നിലെ സജിയേട്ടനും സജിനിലെ അഭിനേതാവിന്‍റെ മിന്നലാട്ടങ്ങൾ തിരിച്ചറിയിപ്പിച്ച സിനിമകളായിരുന്നു
സജിന്‍റെ സിനിമാവഴികൾ...

#അനൂപ് കെ. മോഹൻ

ജീവിതത്തിലുടനീളം പരുക്കനെന്ന വിശേഷണത്തിന്‍റെ പുതപ്പിനുള്ളിൽ ഒളിക്കുന്നവരുണ്ട്. സ്വന്തം കണ്ണു നിറയുന്നതൊരിക്കൽ പോലും മറ്റുള്ളവർ കാണരുതെന്ന നിർബന്ധം പുലർത്തുന്നവർ. ഒരു വലിയ ആൺകൂട്ടത്തിന്‍റെ തലവനായി, അങ്ങേയറ്റം പരുക്കനായി പകർന്നാടിയ വ്യക്തി, ഒരു നിമിഷത്തിൽ അമ്മയെ വിളിച്ചു കരയുന്നൊരു രംഗമുണ്ട്, രോമാഞ്ചം സിനിമയിൽ. സജിൻ ഗോപു എന്ന നടന്‍റെ അഭിനയത്തികവിനെ രേഖപ്പെടുത്തിയ നിമിഷമായിരുന്നു അത്.

അത്തരത്തിലുള്ള അനവധി കഥാപാത്രങ്ങളെ ജീവിതത്തിൽ കണ്ടുപരിചയിച്ചവർക്കു കൃത്യമായി തിരിച്ചറിയാനാകും പരുക്കനായ നിരൂപിനെ. നിരൂപ് എന്ന കഥാപാത്രം സജിൻ ഗോപുവെന്ന ആലുവാക്കാരന്‍റെ അഭിനയജീവിതത്തിലെ വഴിത്തിരിവാണ്. ജാനേ മന്നിലെ സജിയേട്ടനെ അവതരിപ്പിച്ച സജിൻ ഗോപു ഇപ്പോൾ തിരിച്ചറിയുന്നുണ്ട്, ഇനിയുള്ള വഴി സിനിമയിലൂടെ തന്നെയാണെന്ന്. തന്‍റെ സിനിമാവഴികളെക്കുറിച്ച് സജിൻ സംസാരിക്കുന്നു.

സിനിമാപശ്ചാത്തലമില്ല, മോഹം മാത്രം

സിനിമാപശ്ചാത്തലമോ, സിനിമയിൽ എത്തിപ്പെടാനുള്ള സാഹചര്യമോ ഉണ്ടായിരുന്നില്ല. ടിവിയിലും തിയറ്ററിലുമൊക്കെ പോയി സിനിമ കാണുമെന്നതിനപ്പുറമൊരു സിനിമാബന്ധം പറയാനുമില്ല. എന്നാലും ഡിഗ്രി പഠനകാലയളവിലാണു സിനിമാമോഹം ഉള്ളിലുദിക്കുന്നത്. പഠനകാലത്ത് ഇൻട്രോവെർട്ട് കൂടിയായിരുന്നതു കൊണ്ടുതന്നെ ഇത്തരമൊരു മേഖലയിൽ എത്തിപ്പെടുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നു സജിൻ പറയുന്നു.

ഡിഗ്രി പഠനത്തിനു ശേഷം പൂർണമായും സിനിമയുടെ പുറകെത്തന്നെയായിരുന്നു. ഓഡിഷനു പോയും, അവസരങ്ങൾ ചോദിച്ചുമാണു സിനിമയിൽ മുഖം കാണിക്കുന്നത്. കുറച്ചുകാലം എറണാകുളം ആസ്ഥാനമായുള്ള ക്രിയേറ്റീവ് എഫർട്സ് നാടകസംഘത്തിന്‍റെ കൂടെ അമേച്വർ നാടക അവതരണങ്ങളും നടത്തിയിരുന്നു. എ പി അനിൽകുമാറിന്‍റെ നാടകങ്ങളാണ് അവതരിപ്പിച്ചിരുന്നത്.

ആദ്യകാലത്ത് തിലോത്തമ, മുംബൈ ടാക്സി, മരുഭൂമിയിൽ ആന എന്നീ സിനിമകളിൽ അഭിനയിച്ചു. ചുരുളിയിലെ ജീപ്പ് ഡ്രൈവറും, ജാനേ മന്നിലെ സജിയേട്ടനും സജിനിലെ അഭിനേതാവിന്‍റെ മിന്നലാട്ടങ്ങൾ തിരിച്ചറിയിപ്പിച്ച സിനിമകളായിരുന്നു. എങ്കിലും ടൈപ്പ് കാസ്റ്റ് ആക്കപ്പെടുന്നോ എന്നൊരു ആശങ്കയുണ്ടായിരുന്നു. ആ ആശങ്ക അകറ്റിയതു രോമാഞ്ചത്തിലെ നിരൂപാണ്.

രോമാഞ്ചത്തിലേക്കുള്ള വഴി

സ്ഥിരം ഗുണ്ടാ വേഷങ്ങളിലേക്ക് ഒതുക്കപ്പെടുന്ന സമയത്താണ് ജോൺ പോൾ ജോർജ് രോമാഞ്ചത്തിലേക്ക് വിളിക്കുന്നത്. വ്യത്യസ്തമായൊരു കഥാപാത്രമാണെന്നു കേട്ടപ്പോൾ തന്നെ തോന്നി. അങ്ങനെ നിരൂപിലേക്ക് എത്തുകയായിരുന്നു. സംവിധായകൻ കഥാപാത്രത്തെക്കുറിച്ചു വ്യക്തമായ ധാരണ നൽകിയിരുന്നു. നാൽപതിലധികം ദിവസത്തെ വർക്കായിരുന്നു രോമാഞ്ചത്തിന്‍റേത്. ചെന്നൈയ‌ിൽ ‌ഷൂട്ട് നടക്കുന്നയിടത്തിനു തൊട്ടടുത്തു തന്നെയായിരുന്നു താമസവും. ഒരു കൂട്ടായ്മ പോലെയാണു രോമാഞ്ചത്തിന്‍റെ വർക്കുകൾ നടന്നത്.

രോമാഞ്ചം സിനിമയെ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. സിനിമ റിലീസ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ തന്നെ സംഭവം ക്ലിക്കായെന്നു ബോധ്യപ്പെട്ടു. നിരവധി പേർ അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. ചാക്കോച്ചൻ, ടൊവിനോ തോമസ് തുടങ്ങിയവരൊക്കെ അഭിനന്ദനങ്ങൾ അറിയിച്ചു.

ഇനിയും സിനിമകൾ

ആലുവ യുസി കോളെജിനടുത്തു വെളിയത്തുനാട് മില്ലുംപടിയിലാണു സജിന്‍റെ വീട‌്. അച്ഛൻ ഗോപു. അമ്മ പ്രമീള. അനിയൻ ജിതിൻ. പഠനത്തിനു ശേഷം സിനിമയെന്ന മോഹവുമായി നടക്കുമ്പോൾ വീട്ടുകാർക്കും ആശങ്കയുണ്ടായിരുന്നു. എന്നാൽ ഓരോ സിനിമയും ആശങ്ക കുറച്ചു കൊണ്ടു വന്നു, ജാനേ മൻ എത്തുമ്പോഴേക്കും സിനിമയിൽ തന്നെ വേരുറയ്ക്കുമെന്ന ധാരണ ഉണ്ടായിരുന്നു. രോമാഞ്ചം സജിനിലെ നടനെ രേഖപ്പെടുത്തുകയാണ്, സ്വീകാര്യത വർധിപ്പിക്കുകയാണ്.

ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേറാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. നെയ്മർ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ജിത്തു മാധവന്‍റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിലാണ്. സജിന്‍റെ സിനിമായാത്രകൾ തുടർന്നു കൊണ്ടേയിരിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com