"എന്‍റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണു തുടങ്ങി, എത്ര നാൾ ഇങ്ങനെ യാത്ര തുടരാനാകുമെന്ന് അറിയില്ല": നൊമ്പരമായി സലിംകുമാറിന്‍റെ പിറന്നാൾ കുറിപ്പ്

അസ്തമയം വളരെ അകലെയല്ലെന്ന് അദ്ദേഹം എഴുതി
salim kumar about death

സലിം കുമാർ

Updated on

ദ്വാരങ്ങൾ വീണ് തുടങ്ങിയ ആ വഞ്ചിയുമായുള്ള സലിം കുമാറിന്‍റെ യാത്ര അവസാനിക്കുകയാണ്. ഈ മഹാസാഗരത്തിൽ എവിടെയോ തനിക്കുവേണ്ടി ആ ചുഴിയിലേക്ക് അദ്ദേഹം വീണുപോയിരിക്കുന്നു. ആരോഗ്യം മോശമായ കാലം മുതൽ മരണത്തെ പ്രതീക്ഷിച്ചു തന്നെയാണ് സലിം കുമാർ ജീവിച്ചത്. 55ാം പിറന്നാൾ ദിനത്തിൽ സലിം കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചത് തനിക്കു മുന്നിലുള്ള ആ മരണത്തെക്കുറിച്ചായിരുന്നു. അസ്തമയം വളരെ അകലെയല്ലെന്ന് അദ്ദേഹം എഴുതി. പ്രിയതാരം വിടപറഞ്ഞതിനു പിന്നാലെ ആ കുറിപ്പ് ആരാധകരെ കണ്ണീരിലാഴ്ത്തുകയാണ്. കുറിപ്പ് വായിക്കാം:

‘ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ്. ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല.

ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം, അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റൂ. എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്. എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം. സ്നേഹപൂർവ്വം, നിങ്ങളുടെ സലിംകുമാർ.’

ഏറെ നാളായി കരൾ രോഗ ബാധിതനായിരുന്നു അദ്ദേഹം. ആരോഗ്യം മോശമായ സമയത്ത് തനിക്കുണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കാൻ അദ്ദേഹം മടിച്ചില്ല. മൂന്ന് പതിറ്റാണ്ടുകൾ മലയാളികളെ ചിരിപ്പിച്ച് സലിം കുമാർ കടന്നുപോകുമ്പോൾ ബാക്കിയാകുന്നത് അദ്ദേഹം നമുക്കായി സമ്മാനിച്ച കുറച്ച നിമിഷങ്ങളാണ്.

logo
Metro Vaartha
www.metrovaartha.com