ഇന്ത‍്യയും ചൈനയും തമ്മിലുള്ള ഗാൽവൻ സംഘർഷത്തെ ആസ്പദമാക്കിയുള്ള ചിത്രം; റിലീസ് തീയതി സ്ഥിരീകരിച്ച് സൽമാൻ ഖാൻ

'മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത മാസം ഡിസംബർ നാലിന് തിയെറ്ററുകളിൽ എത്തുമെന്നാണ് സൽമാൻ ഖാൻ പറയുന്നത്
Salman Khan announces December 4 release date for his much-delayed movie 'Maatrubhumi'

സൽമാൻ ഖാൻ

Updated on: 

ഇന്ത‍്യയും ചൈനയും തമ്മിലുണ്ടായ ഗാൽവൻ സംഘർഷത്തെ ആസ്പദമാക്കി അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്ത്. മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത മാസം ഡിസംബർ നാലിന് തിയെറ്ററുകളിൽ എത്തുമെന്ന് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ സ്ഥിരീകരിച്ചു. ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് സൽമാൻ ഖാൻ ഇക്കാര‍്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്‍റെ റിലീസ് തീയതികൾ നേരത്തെ മാറ്റിവച്ചിരുന്നു.

ചിത്രം എന്തുകൊണ്ടാണ് വൈകുന്നതെന്ന ചോദ‍്യത്തിന് വിഎഫ്എക്സ് മികച്ച നിലവാരത്തിലുള്ളതാണെന്ന് അണിയറ പ്രവർത്തകർക്ക് ഉറപ്പാക്കാൻ വേണ്ടിയാണെന്നായിരുന്നു സൽമാന്‍റെ മറുപടി. ഇന്ന് ചിത്രത്തിലെ ഓരോ ഷോട്ടും സൂക്ഷ്മമായി പരിശോധിക്കുന്ന വിഎഫ്എക്സ് വിദഗ്ധരുണ്ടെന്നും അതിനാൽ ഈ സിനിമയിലെ ഏതെങ്കിലും ഒരു രംഗം മാത്രമെടുത്ത് അതിലെ വിഎഫ്എക്സിനെ മാത്രം വിമർശിക്കാൻ ആർക്കും അവസരം നൽകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സൽമാൻ കൂട്ടിച്ചേർത്തു.

45-50 ദിവസത്തിനിടയിൽ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് തങ്ങൾ കരുതിയിരുന്നുവെന്നും എന്നാൽ സഹതാരം ചിത്രാംഗദ സിങ്ങിന് പരുക്കേറ്റതിനാൽ ഭേദമാകാൻ സമയമെടുത്തെന്നും ജനുവരിയിലോ ജൂണിലോ റിലീസ് ചെയ്യാനായിരുന്നു ആദ‍്യം തീരുമാനിച്ചതെന്നും പിന്നീട് ഓഗസ്റ്റിലേക്ക് മാറ്റുകയായിരുന്നുവെന്നും ഇപ്പോൾ ഡിസംബർ നാലിന് തിയെറ്ററിലെത്തുമെന്നും സൽമാൻ വ‍്യക്തമാക്കി.

'ബാറ്റിൽ ഓഫ് ഗാൽവൻ'എന്നായിരുന്നു ചിത്രത്തിന് ആദ‍്യം പേരിട്ടിരുന്നത്. 2020ൽ നടന്ന ഗാൽവൻ സംഘർഷത്തിൽ 20 ഓളം ഇന്ത‍്യൻ സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. ഗാൽവൻ ഏറ്റുമുട്ടലിനിടെ മരണപ്പെട്ട 16 ബിഹാർ റെജിമെന്‍റിലെ ബിക്കുമല്ല സന്തോഷ് ബാബുവായാണ് സൽമാൻ ചിത്രത്തിൽ വേഷമിടുന്നത്.