

'ആ വയർ കണ്ടാൽ അറിയില്ലേ', സമാന്ത ഗർഭിണി? വൈറലായി വിഡിയോ
നടി സാമന്ത റൂത്ത് പ്രഭു പ്രധാന വേഷത്തിലെത്തിയ മാ ഇൻതി ബൻഗാരം വൻ അഭിപ്രായമാണ് നേടുന്നത്. ആദ്യ ദിവസം തന്നെ മികച്ച കളക്ഷനാണ് ചിത്രം നേടിയത്. പിന്നാലെ വിജയം ആഘോഷിക്കാൻ ഭർത്താവും സംവിധായകനുമായ രാജിനൊപ്പം നടി എത്തിയിരുന്നു. ഇതിന്‍റെ വിഡിയോ വൈറലായതിനു പിന്നാലെ സാമന്ത ഗർഭിണിയാണ് എന്ന അഭ്യൂഹം പ്രചരിക്കുകയാണ്.
വെള്ള ടീ ഷർട്ടും ജീൻസും അണിഞ്ഞാണ് സാമന്ത എത്തിയത്. താരത്തിന്‍റെ സഹപ്രവർത്തകരും അണിയറ പ്രവർത്തകരുമെല്ലാം ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കേക്ക് മുറിച്ചാണ് താരം ചിത്രത്തിന്‍റെ വിജയം ആഘോഷിച്ചത്. ഇതിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ആഘോഷത്തേക്കാൾ ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് സാമന്തയുടെ വയറിലാണ്. താരത്തിന് ചെറിയ ബേബി ബംപ് ഉണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഇതോടെ ദമ്പതികൾക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ഇതിൽ സാമന്തയോ രാജോ പ്രതികരിച്ചിട്ടില്ല.
ഫാമിലി ആക്ഷൻ കോമഡി ചിത്രമാണ് മാ ഇൻതി ബംഗാരം. നന്ദികനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തത്. രാജും വാസന്തി മരിൻഗന്ധിയുമാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്. ചിത്രത്തിന്‍റെ റിലീസിന് മുൻപ് സാമന്തയും രാജും തിരുമല ക്ഷേത്രം സന്ദർശിച്ചിരുന്നു. 2025 ഡിസംബർ ഒന്നിനാണ് സാമന്തയും രാജും വിവാഹിതരാവുന്നത്. കൊയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം നടന്നത്.