samantha responds telangana minister konda surekha linking her divorce
സാമന്ത റൂത്ത് പ്രഭു

'വിവാഹമോചനം വ്യക്തിപരം, രാഷ്ട്രീയ പോരിലേക്ക് എന്‍റെ പേര് വലിച്ചിഴയ്ക്കരുത്'; സാമന്ത

'മിസ്റ്റര്‍ കൊണ്ട സുരേഖ, എന്‍റെ യാത്രയില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിനെ നിസാരവല്‍ക്കരിക്കരുത്'
Published on

തെന്നിന്ത്യൻ‌ താരങ്ങളായ നാഗചൈതന്യയും സാമന്ത റൂത്ത് പ്രഭുവും വിവാഹ മോചിതരായതിനു പിന്നിൽ മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ മകനും ബിആര്‍എസ് നേതാവുമായ കെ.ടി. രാമറാവുവിന് പങ്കുണ്ടെന്ന തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയുടെ ആരോപണത്തിൽ പ്രതികരണവുമായി നടി. തന്‍റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണ്. അതുസംബന്ധിച്ച ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനുള്ള ഞങ്ങളുടെ തീരുമാനത്തെ തെറ്റായി ചിത്രീകരിക്കാൻ പാടില്ലെന്നും നടി വ്യക്തമാക്കി. മന്ത്രിയുടെ പേരെടുത്തു പറഞ്ഞായിരുന്നു സാമന്തയുടെ പ്രതികരണം.

സാമന്തയുടെ കുറിപ്പിന്‍റെ പൂർണരൂപം....

ഒരു സ്ത്രീയാകാന്‍, പുറത്തിറങ്ങി ജോലിചെയ്യാന്‍, സ്ത്രീകളെ നിസ്സാരമായി പരിഗണിക്കുന്ന ഒരു ഗ്ലാമറസ് ഇന്‍ഡസ്ട്രിയില്‍ അതിജീവിക്കാനും പ്രണയത്തിലാകാനും പ്രണയത്തിലാകാനും പ്രണയത്തില്‍നിന്ന് പുറത്തുവരാനും, ഇപ്പോഴും എഴുന്നേറ്റു നില്‍ക്കാനും പോരാടാനും ഒരുപാട് ധൈര്യവും ശക്തിയും വേണം. മിസ്റ്റര്‍ കൊണ്ട സുരേഖ, എന്‍റെ യാത്രയില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിനെ നിസ്സാരവല്‍ക്കരിക്കരുത്. ഒരു മന്ത്രി എന്ന നിലയില്‍ താങ്കളുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന കാര്യം താങ്കൾ മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു. വ്യക്തികളുടെ സ്വകാര്യതയേക്കുറിച്ച് ഉത്തരവാദിത്വബോധവും ബഹുമാനവും പുലർത്തണമെന്ന് ഞാന്‍ താങ്കളോട് അഭ്യര്‍ഥിക്കുകയാണ്.

എന്‍റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണ്. അതുസംബന്ധിച്ച ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനുള്ള ഞങ്ങളുടെ തീരുമാനത്തെ തെറ്റായവിധത്തിൽ ചിത്രീകരിക്കാൻ പാടില്ല. കൂടുതൽ തെളിച്ചുപറഞ്ഞാല്‍, വിവാഹമോചനം സംബന്ധിച്ച തീരുമാനം പരസ്പരസമ്മതത്തോടെയും സൗഹാര്‍ദത്തോടെയും എടുത്തതാണ്. അതുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ ഗൂഢാലോചനയുമില്ല. രാഷ്ട്രീയ പോരിനായി എന്‍റെ പേര് ദയവായി ഉപയോഗിക്കരുത്. രാഷ്ട്രീയമില്ലാതെയാണ് ഞാന്‍ എക്കാലവും നിലകൊണ്ടിട്ടുള്ളത്, ഇനിയും അങ്ങനെ തുടരാനാണ് ഇഷ്ടപ്പെടുന്നത്

logo
Metro Vaartha
www.metrovaartha.com