"നിന്‍റെ ആദ്യ ശ്വാസത്തിൽ ഞാൻ പുനർജനിച്ചു, നിന്‍റെ അമ്മയെ കുറച്ച് കൂടി സ്നേഹിക്കാമായിരുന്നെന്ന് തോന്നി"; അച്ഛനായ സന്തോഷം പങ്കുവച്ച് സംഗീത്

"വേദനകൊണ്ട് പുളയുമ്പോൾ അവളുടെ കൈ ചേർത്തുപിടിച്ച് അരികിലിരിക്കുമ്പോൾ എന്‍റെ മനസ്സിൽ ആകെ തോന്നിയത്, അതിനുമുമ്പ് അവളെ കുറച്ചുകൂടി സ്നേഹിക്കാമായിരുന്നല്ലോ എന്നായിരുന്നു"
Sangeet Pratap shares the news of his daughters birth

"നിന്‍റെ ആദ്യ ശ്വാസത്തിൽ ഞാൻ പുനർജനിച്ചു, നിന്‍റെ അമ്മയെ കുറച്ച്കൂടി സ്നേഹിക്കാമായിരുന്നെന്ന് തോന്നി"; അച്ഛനായ സന്തോഷം പങ്കുവച്ച് സംഗീത്

Updated on: 

അച്ഛനായ സന്തോഷം പങ്കുവച്ച് നടൻ സംഗീത് പ്രതാപ്. സം​ഗീതിനും ഭാര്യ ആൻസിക്കും ചൊവ്വാഴ്ച രാത്രി പെൺകുഞ്ഞാണ് പിറന്നത്. മകളുടെ വരവിന്‍റെ സന്തോഷം മനോഹരമായൊരു കുറിപ്പിലൂടെയും രസകരമായ വിഡിയോയിലൂടെയുമാണ് സംഗീത് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

പ്രസവവേദനയിലൂടെ കടന്നുപോയ ഭാര്യയുടെ ധൈര്യത്തെക്കുറിച്ചും കുഞ്ഞ് പിറന്നപ്പോൾ തനിക്കുണ്ടായ വൈകാരിക അനുഭവങ്ങളെക്കുറിച്ചും താരം കുറിപ്പിൽ പറയുന്നു. നീ ആദ്യമായി ശ്വാസമെടുത്തപ്പോൾ താൻ വീണ്ടും പിറന്നുവെന്നും വേദനകൊണ്ട് പുളയുമ്പോഴും അവളുടെ കൈ ചേർത്തുപിടിച്ച് അരികിലിരിക്കുമ്പോൾ തനിക്ക് തോന്നിയത്, അതിനുമുമ്പ് അവളെ കുറച്ചുകൂടി സ്നേഹിക്കാമായിരുന്നല്ലോ എന്നായിരുന്നുവെന്നും സംഗീത് പറയുന്നു.

നിരവധി താരങ്ങളും ആരാധകരുമടക്കം ഒട്ടനവധി പേരാണ് സംഗീതിന് ആശംസകളുമായി എത്തിയിരിക്കുന്നത്. മമിത ബൈജുവിനൊപ്പം എത്തുന്ന ‘ഹലോ ഡിയർ’ ആണ് സംഗീതിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.

കുറിപ്പിങ്ങനെ...

കുഞ്ഞേ, നിന്‍റെ അമ്മ എപ്പോഴും ഏറ്റവും ചെറിയ കാര്യങ്ങളെപ്പോലും ഭയപ്പെട്ടിരുന്ന ഒരാളായിരുന്നു. ഒരു സൂചി കണ്ടാൽപ്പോലും അവൾ കരഞ്ഞുപോകുമായിരുന്നു. എന്നാൽ ഇന്നലെ രാത്രി, നിന്നെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ അവൾ കാണിച്ച ധൈര്യം ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലുതായിരുന്നു.

ജീവിതത്തിന്‍റെ ഏറിയ പങ്കും സ്വന്തം കഴിവുകളെയും എടുക്കുന്ന ഓരോ തീരുമാനങ്ങളെയും സംശയിച്ചാണ് ഞാൻ മുന്നോട്ടുപോയത്. എന്നാൽ ഇന്നലെ വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ എനിക്ക് എടുക്കേണ്ടിവന്നു. വേദനകൊണ്ട് പുളയുമ്പോഴും അവളുടെ കൈ ചേർത്തുപിടിച്ച് അരികിലിരിക്കുമ്പോൾ എന്‍റെ മനസ്സിൽ ആകെ തോന്നിയത്, അതിനുമുമ്പ് അവളെ കുറച്ചുകൂടി സ്നേഹിക്കാമായിരുന്നല്ലോ എന്നായിരുന്നു.

നിന്‍റെ കുഞ്ഞുതല പുറത്തേക്ക് വരുന്നത് കണ്ട നിമിഷം, ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞുപോയി ഞാൻ. ആ നിമിഷം, മൂന്ന് ഹൃദയങ്ങൾ ഒരേ താളത്തിൽ മിടിക്കുന്നതുപോലെ തോന്നി. നീ ഇന്നലെ രാത്രിയാണ് ജനിച്ചതെന്ന് ആളുകൾ പറയും. പക്ഷേ, സത്യം അതല്ല. നീ ആദ്യമായി ശ്വാസമെടുത്ത ആ നിമിഷം, ഞാൻ ഒരു പുതിയ മനുഷ്യനായി വീണ്ടും ജനിക്കുകയായിരുന്നു...