ഒരേയൊരു യോദ്ധ, ഓർമയാകുന്ന സംഗീത്
സംഗീത് ശിവൻMV

ഒരേയൊരു യോദ്ധ, ഓർമയാകുന്ന സംഗീത്

മലയാള സിനിമയ്ക്ക് എക്കാലത്തെയും മികച്ച കഥാശിൽപ്പങ്ങൾ സമ്മാനിച്ച സംവിധായകൻ ഓർമയാകുമ്പോൾ ശിൽപ്പിക്കും അദ്ദേഹമൊരുക്കിയ ശിൽപ്പങ്ങൾക്കും ആരാധകരുടെ നെഞ്ചകങ്ങളിൽ മരണമില്ല....

ശ്രീജിത്ത് കൃഷ്ണൻ

"ശിൽപ്പമെൻ മുന്നിൽ, ശിൽപ്പിയെൻ പിന്നിൽ..''

സംഗീത് ശിവനൊരുക്കിയ എക്കാലത്തെയും ഹിറ്റ് ചിത്രം യോദ്ധയിലെ പാട്ടിന്‍റെ വരികളാണിത്. മലയാള സിനിമയ്ക്ക് എക്കാലത്തെയും മികച്ച കഥാശിൽപ്പങ്ങൾ സമ്മാനിച്ച സംവിധായകൻ ഓർമയാകുമ്പോൾ ശിൽപ്പിക്കും അദ്ദേഹമൊരുക്കിയ ശിൽപ്പങ്ങൾക്കും ആരാധകരുടെ നെഞ്ചകങ്ങളിൽ മരണമില്ല....

Q

മാറിക്കയറിയ ജീവിതവണ്ടി

A

നാട്ടിലെ അമ്പലവും ക്ലബും ബന്ധുവായ അപ്പുക്കുട്ടനുമായുള്ള മത്സരങ്ങളുമെല്ലാമായി ഉഴപ്പിനടന്ന തൈപ്പറമ്പിൽ അശോകൻ നേപ്പാളിലെത്തിയത് ഒരു നിയോഗത്തിനു വേണ്ടിയായിരുന്നു. റിംപോച്ചയെന്ന ബുദ്ധസന്ന്യാസിയെ രക്ഷിക്കാനുളള അശോകന്‍റെ ശ്രമവും അതിന്‍റെ വിജയവുമെല്ലാം മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ലായി. മലയാളിക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവവുമായി യോദ്ധ എന്ന ആ ചിത്രം.

രാജസ്ഥാനിലേക്ക് ടിക്കറ്റെടുത്ത് അരുണാചൽ പ്രദേശിലേക്ക് വണ്ടി കയറിയ സംഗീത് ശിവന്‍റേതും അതുപോലൊരു നിയോഗമായിരുന്നു. അതിനു നിമിത്തമായത് സഹോദരൻ സന്തോഷ് ശിവന്‍റെ ഒരു ചോദ്യം. എസ്ബിഐക്ക് അന്നു നഷ്ടമായത് ഒരു പ്രൊബേഷണറി ഓഫിസറെയാണെങ്കിൽ മലയാള സിനിമയ്ക്ക് അതൊരു നേട്ടമായി. സിനിമാട്ടോഗ്രഫിയുടെ മികവും മുഴുനീള നർമരംഗങ്ങളുമായുള്ള യോദ്ധയും നിർണയവും ഗാന്ധർവവുമടക്കം ചിത്രങ്ങളിലൂടെ അദ്ദേഹം ദൃശ്യകലയുടെ വ്യത്യസ്ത സാധ്യതകൾ മലയാളിക്കു മുന്നിൽ തുറന്നു. എസ്ബിഐയിൽ പ്രൊബേഷണറി ഓഫിസറായി ജോയിൻ ചെയ്യാൻ രാജസ്ഥാനിലേക്ക് തിരിക്കുന്നതിനു തൊട്ടു മുൻപാണ് സഹോദരനും പ്രശസ്ത ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ ഇടപെട്ടതെന്ന ജീവിതകഥ ഒരിക്കൽ വെളിപ്പെടുത്തിയത് സംഗീത് ശിവൻ തന്നെയാണ്. അരുണാചൽ പ്രദേശിൽ വച്ച് ഷൂട്ട് ചെയ്യാനിരുന്ന ഡോക്യുമെന്‍ററിയുടെ ഭാഗമാകാൻ ക്ഷണിക്കുകയായിരുന്നു സന്തോഷ്. അവിടെവച്ച് ജീവിതത്തിന്‍റെ വണ്ടിയും മാറിക്കയറി.

Q

വ്യൂഹത്തിന്‍റെ പിറവി

A

ചെറുപ്പത്തിലേ ധാരാളം സിനിമ കാണും. സിനിമയിലെ ഇഷ്ടപ്പെട്ട കാര്യങ്ങൾ ഒരു ചെറിയ ബുക്കിൽ എഴുതിവയ്ക്കും. എഡിറ്റിങ്ങിനെക്കുറിച്ചും സിനിമാട്ടോഗ്രഫിയെക്കുറിച്ചും ബുക്കിൽ മാർക്ക് ചെയ്യും. കൂടുതൽ കണ്ട സിനിമകളെക്കുറിച്ചാണ് നോട്ടുണ്ടാക്കുക. ഇംഗ്ലിഷ് സിനിമകളോടായിരുന്നു കമ്പം. ഭരതൻ, പദ്മരാജൻ, സേതുമാധവൻ എന്നിവരുടെ ചിത്രങ്ങൾ ഇഷ്ടമാണ്. ഭരതൻ സാറിന്‍റെ സിനിമകൾ പ്രചോദനമായിട്ടുണ്ട്. പ്രത്യേകിച്ചും അവയിലെ ദൃശ്യങ്ങൾ- സംഗീത് ശിവൻ അന്നു പറഞ്ഞു.

സിനിമ ഒരിക്കലും സംഗീത് ശിവന്‍റെ സ്വപ്നമായിരുന്നില്ല. ഡോക്യുമെന്‍ററികളോടായിരുന്നു താത്‌പര്യം. ഇതിനിടെയാണ് എസ്ബിഐയിൽ ജോലി കിട്ടിയത്. എന്നാൽ, ചേട്ടന് ഇപ്പണിയൊക്കെ പറ്റുമോയെന്ന സന്തോഷിന്‍റെ ചോദ്യം വഴിത്തിരിവായി.

ഡോക്യുമെന്‍ററിയുടെ ലോകത്തേക്ക് വരുന്നതിൽ അച്ഛന് സന്തോഷമായിരുന്നെങ്കിലും മകൻ ഡോക്റ്ററോ ബാങ്ക് ഉദ്യോഗസ്ഥനോ ആകണമെന്നായിരുന്നു അമ്മയുടെ മോഹം. പിന്നീട്, കുറെയേറെ ഡോക്യുമെന്‍ററികളും പരസ്യങ്ങളുമൊക്കെ ചെയ്തു. അങ്ങനെയിരിക്കെയാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കാൻ സന്തോഷ് ആവശ്യപ്പെടുന്നത്. അങ്ങനെയാണ് വ്യൂഹം എന്ന ചിത്രത്തിന്‍റെ പിറവി.

സുഹൃത്തിനൊപ്പം തയാറാക്കിയ തിരക്കഥ നടൻ സുകുമാരനെ കാണിച്ചപ്പോൾ മലയാളത്തിന്‍റെ ശൈലിയിലേക്ക് മാറ്റിയെവുതാനായിരുന്നു ഉപദേശം. അദ്ദേഹം അക്കാര്യത്തിൽ സഹായിച്ചു. സുകുമാരനും രഘുവരനുമായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ആറിലേറെ സംഘട്ടനരംഗങ്ങളുണ്ടായിരുന്നു. അന്നത്തെ കാലത്ത് അതൊരു വ്യത്യസ്ത സിനിമയായിരുന്നു.

Q

അരശുമ്മൂട്ടിൽ അപ്പുക്കുട്ടനും തൈപ്പറമ്പിൽ അശോകനും

A

മാർഷ്യൽ ആർട്സിനോടുണ്ടായിരുന്ന ആവേശമാണ് യോദ്ധയുടെ പിറവിയിലേക്കു നയിച്ചത്. നാച്ചുറൽ ടാലന്‍റ് ഉള്ളൊരാൾ കേരളത്തിൽനിന്ന് വിദേശത്തുപോയി താരമായി മാറുന്നതിനെക്കുറിച്ച് ആലോചിച്ചതിൽനിന്നാണ് യോദ്ധയുടെ ആശയം മനസിലേക്കു വരുന്നത്. പിന്നീട്, കഥയിലേക്ക് ബുദ്ധിസവും മറ്റും കൂട്ടിച്ചേർക്കുകയായിരുന്നു.

ബുദ്ധമതത്തിന്‍റെ പശ്ചാത്തലമുള്ള ഏറ്റവും അടുത്ത പ്രദേശത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് നേപ്പാളിലെത്തിയത്. അവിടെപോയി കാര്യങ്ങളൊക്കെ മനസിലാക്കി. ആശയം പങ്കുവച്ചപ്പോൾ തന്നെ മോഹൻ ലാൽ ഓകെ പറഞ്ഞു. സിനിമയിൽ കേരളവുമായി ബന്ധപ്പെട്ടുവരുന്ന ഭാഗങ്ങൾ എഴുതാൻ പലരെയും സമീപിച്ചെങ്കിലും ഒട്ടുമിക്കവരും താത്‌പര്യം പ്രകടിപ്പിച്ചില്ല. മലയാള സിനിമയിൽ ഇക്കഥ വർക്ക്ഔട്ടാകില്ലെന്നായിരുന്നു അവരുടെ പക്ഷം. ഒടുവിൽ ശശിധരൻ ആറാട്ടുവഴി എന്ന എഴുത്തുകാരനിലേക്ക് എത്തുകയായിരുന്നു. അദ്ദേഹമെഴുതിയത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. പിന്നെ അദ്ദേഹവും ഞങ്ങളും ഒരുമിച്ചിരുന്നാണ് തിരക്കഥ പൂർത്തിയാക്കിയത്. അരശുമ്മൂട്ടിൽ അപ്പുക്കുട്ടനും തൈപ്പറമ്പിൽ അശോകനുമെല്ലാം അദ്ദേഹമിട്ട പേരുകളാണ്.

മലയാളത്തിൽ എക്കാലത്തെയും മികച്ച കോമഡി രംഗങ്ങളായിരുന്നു യോദ്ധയിലേത്. എന്നാൽ, അവയിൽ മോഹൻ ലാലും ജഗതി ശ്രീകുമാറും ഒടുവിൽ ഉണ്ണികൃഷ്ണനുമുൾപ്പെടെ താരങ്ങൾക്കും പങ്കുണ്ടെന്ന് തുറന്നുപറയാൻ ഒരിക്കലും മടിച്ചിട്ടില്ല സംഗീത് ശിവൻ. അവരുതന്നെ പലതും കൈയിൽനിന്നിടും. അതനുസരിച്ച് ഡയലോഗുകൾ പലപ്പോഴും മാറ്റിയെഴുതി.

ചെസ്‌ കളി പരിശീലിക്കുന്ന ജഗതിയുടെ കഥാപാത്രം അമ്മ കൊടുക്കുന്ന ഹോർലിക്‌സ് കുടിച്ചിട്ട് “കലങ്ങിയില്ല’ എന്നു പറയുന്ന ഡയലോഗ് യഥാർഥത്തിൽ എഴുതിവച്ചതായിരുന്നില്ല. സാന്ദർഭികമായി ജഗതി സൃഷ്ടിച്ചതാണ്. തൊട്ടു പിന്നാലെ അതിന് കൗണ്ടർ എഴുതി ശശിധരൻ മീനച്ചേച്ചിക്ക് കൊടുത്തു, “ഒന്നു കൂടി കലക്കി കൊണ്ടുവരട്ടെ’യെന്ന്. അതുപോലെ തന്നെ “ദേ വരുന്നു നിന്‍റെ മോൻ’ എന്നു മാത്രമേ തിരക്കഥയിൽ എഴുതിവച്ചിട്ടുള്ളൂ. അതിനെ മോ....ൻ എന്നു നീട്ടിയത് ഒടുവിൽ. അരശുമ്മൂട്ടിൽ അപ്പുക്കുട്ടൻ കുളത്തിൽ സാധകം ചെയ്യുന്നതിനിടെ, അശോകൻ സൈക്കിളിൽ വരുന്ന രംഗമുണ്ട്. സൈക്കിളിലിരുന്ന് വിറയ്ക്കുന്ന അശോകൻ മോഹൻലാലിന്‍റെ സംഭാവനയാണ്.

Q

ചിന്ന ചിന്ന ആസൈ...

A

പരസ്യമേഖലയിൽ പ്രശസ്തനായിരുന്ന അന്നത്തെ ദിലീപിനെ (എ.ആർ. റഹ്മാൻ) ആദ്യമായി മലയാളത്തിലേക്കു ക്ഷണിക്കുന്നതും സംഗീത് ശിവനാണ്. അതു ചെയ്യും മുൻപ് നേരത്തേ ചെയ്ത വർക്കുകൾ എന്തെങ്കിലും ഇരിപ്പുണ്ടെങ്കിൽ കേൾപ്പിക്കാൻ പറ്റുമോയെന്നു ചോദിച്ചിരുന്നു സംഗീത് ശിവൻ. അന്നു റഹ്‌മാൻ ഒരു പാട്ട് കേൾപ്പിച്ചു; ചിന്ന ചിന്ന ആസൈ, ചിറകടിക്കും ആസൈ... റോജ റിലീസ് ചെയ്യുന്നതിനു മുൻപ് ചിന്ന ചിന്ന ആസൈ കേട്ട ആദ്യത്തെയാളായി അങ്ങനെ സംഗീത് ശിവൻ. തിരുവനന്തപുരം മെഡിക്കൽ കോളെജ് ഗ്രൗണ്ടിൽ ക്രിക്കറ്റും ഹോക്കിയും കളിക്കാൻ പോയതിൽ നിന്നാണ് നിർണയത്തിന്‍റെ തുടക്കം. സംഗീതിനെ ഡോക്റ്ററാക്കാനായിരുന്നു അമ്മയ്ക്ക് ഇഷ്ടം. എൻട്രൻസ് എഴുതുകയും ചെയ്തു. പിന്നെയത് മാറിപ്പോയി. പക്ഷേ, എന്നോ മനസിൽ കിടന്ന ഡോക്റ്റർ മോഹവും മെഡിക്കൽ ത്രില്ലർ പുസ്തകങ്ങൾ വായിച്ച ശീലവുമെല്ലാം ചേർന്നപ്പോൾ നിർണയം പിറന്നു.

Q

മോഹൻ ലാലുമായി ഏറെ അടുപ്പം

A

യോദ്ധ, നിർണയം, ഗാന്ധർവം.... മോഹൻലാലായിരുന്നു സംഗീതിന്‍റെ നായകൻ. അതൊരു അനുഭവമെന്നാണ് അദ്ദേഹം പറയുക. ഗാന്ധർവം ഷൂട്ടിങ് നടക്കുന്ന സമയം, ഷൂട്ടിനൊപ്പം തന്നെയാണ് സ്ക്രിപ്റ്റിലെ എഴുത്തും തിരുത്തലും മറ്റും നടത്തിയിരുന്നത്. ഷൂട്ടിങ് കഴിഞ്ഞാലും തിരക്കഥയെഴുത്തിന്‍റെ തിരക്കിലായിരിക്കും. ഉറക്കമൊക്കെ വൈകും. ചിലപ്പോൾ മൂന്നുമണിയാകും ഉറങ്ങുമ്പോൾ. ഒരു ദിവസം രാവിലെ ആറുമണിക്ക് ചിത്രീകരണമാരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. വൈകിയുറങ്ങാൻ കിടന്നതു കൊണ്ട് എഴുന്നേൽക്കാൻ വൈകി. 6.05നാണ് ഞാൻ സെറ്റിലെത്തുന്നത്. അന്നേരം ഫുൾമെയ്ക്കപ്പിൽ ലാൽ സാർ ഷൂട്ടിങ്ങിന് റെഡിയായി നിൽക്കുകയാണ്. എന്നെ കണ്ടപ്പോൾ സംഗീതേ നമുക്ക് തുടങ്ങണ്ടേ എന്നൊരു ചോദ്യവും. അത്രയ്ക്ക് കൃത്യനിഷ്‌ഠയാണ് ലാൽസാറിനെന്നും സംഗീത് ഒരിക്കൽ പറഞ്ഞു.