വിന്‍റേജ് കാർ, ചോര പുരണ്ട കൈകൾ; 20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ, ഫസ്റ്റ് ലുക്ക് പുറത്ത്

2027 ജനുവരി 21 ന് തിയെറ്ററിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് ലവ് ആൻഡ് വാർ
Sanjay Leela Bhansali's Love & War ranbir kapoor character poster out

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ക‍്യാരക്റ്റർ പോസ്റ്റർ

Updated on

സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ രൺബീർ കപൂർ നായകനായി 2027 ജനുവരി 21 ന് തിയെറ്ററിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് ലവ് ആൻഡ് വാർ. ഇപ്പോഴിതാ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ രൺബീറിന്‍റെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ബൻസാലി പ്രൊഡക്ഷന്‍റെ ഔദ‍്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ട പോസ്റ്ററിൽ വിന്‍റേജ് കാറിൽ വെള്ള ടി-ഷർട്ട് ധരിച്ച് കൂളിങ്ഗ്ലാസ് വച്ച് സ്റ്റൈലൻ ലുക്കിലാണ് രൺബീർ. ഒരു കൈ കാറിന്‍റെ സ്റ്റിയറിങ്ങിലും മറ്റെ കൈ ചോരയിൽ കുളിച്ച നിലയിലുമാണ്. പിരീയഡ് ഡ്രാമയായി പുറത്തിറങ്ങുന്ന ചിത്രത്തിൽ ആക്ഷൻ രംഗങ്ങളുണ്ടാകുമെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്.

രൺബീറിനെ കൂടാതെ ആലിയ ഭട്ടും വിക്കി കൗശാലും ചിത്രത്തിൽ പ്രധാന വേഷം കൈകാര‍്യം ചെയ്യും. ആദ‍്യമായാണ് മൂവരും ഒരുമിച്ച് സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ അഭിനയിക്കുന്നത്. സാവരിയ എന്ന ചിത്രം പുറത്തിറങ്ങി രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ് രൺബീറും സഞ്ജയ് ലീല ബൻസാലിയും വീണ്ടും ഒന്നിക്കുന്നത്. 2007ൽ പുറത്തിറങ്ങിയ സാവരിയ രൺബീറിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്നു.

രൺബീറും വിക്കി കൗശാലും വ‍്യോമസേന ഉദ‍്യോഗസ്ഥരായാണ് ചിത്രത്തിൽ വേഷമിടുന്നതെന്നും യുദ്ധപശ്ചാത്തലത്തിൽ ത്രികോണ പ്രണയമായിരിക്കും ചിത്രം പറയുന്നതെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സഞ്ജ‍യ്‌യും ഇല ബേദി ദത്തയും രചന നിർവഹിക്കുന്ന ചിത്രത്തിൽ സുപ്രിയ പതക്കും പ്രധാന വേഷത്തിലെത്തും. ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്.

logo
Metro Vaartha
www.metrovaartha.com