
എഴുപതുകളുടെ അത്ഭുതമായിരുന്നു ഷോലെ. അമിതാഭ് ബച്ചനും ധർമ്മേന്ദ്രയും തരംഗമായി മാറാൻ കാരണായ രമേഷ് സിപ്പി ചിത്രം. എന്നാൽ സിനിമയിൽ ബച്ചന്‍റെ വേഷം ചെയ്യാൻ ആദ്യം വിളിച്ചതു തന്നെയായിരുന്നെന്നു പറയുന്നു നടൻ ശത്രുഘ്നൻ സിൻഹ. എന്നാൽ അക്കാലത്തു തിരക്കായിരുന്നുവെന്നും, അഭിനയിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
അതുപോലെ തന്നെ ദീവാറിലേക്കും ക്ഷണിച്ചു. ആറു മാസത്തോളം ആ ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് കൈയിലുണ്ടായിരുന്നു. ചില അഭിപ്രായ വ്യത്യാസങ്ങൾ വന്നതിനെത്തുടർന്ന് ആ ചിത്രവും വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നു ശത്രുഘ്നൻ സിൻഹ പറയുന്നു. ജീവിതത്തിൽ വലിയ നഷ്ടമായി തോന്നിയ സംഭവങ്ങളായിരുന്നു ഇത്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വ്യത്യസ്തമായ ലുക്കുമായി വന്നു ബോളിവുഡിൽ പ്രതിഷ്ഠ നേടിയ താരമാണു ശത്രുഘ്നൻ സിൻഹ. അറുപതുകളുടെ അവസാനം തുടങ്ങി കാലങ്ങളോളം ആ അഭിനയസപര്യ നീണ്ടു. പിന്നീട് രാഷ്ട്രീയത്തിലും സിൻഹ സാന്നിധ്യമറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ സജീവമാണു ഇദ്ദേഹം. ഇക്കാലത്തു സോഷ്യൽ മീഡിയക്ക് വളരെയധികം ശക്തിയുണ്ടെന്നും, എന്നാൽ അതു ദുരുപയോഗം ചെയ്യുന്നവർ കൂടിവരികയാണെന്നും ശത്രുഘ്നൻ സിൻഹ പറയുന്നു.