ഡ്രഗ്സിറ്റ് സമ്മിറ്റ്: 'സെക്കൻഡ് ചാൻസ്' മികച്ച ഷോർട്ട് ഫിലിം
കോട്ടയം: ലഹരിവിപത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സംഘടിപ്പിച്ച 'ഡ്രഗ്സിറ്റ്' സമ്മിറ്റിന്‍റെ ഭാഗമായുള്ള ഷോർട്ട് ഫിലിം മത്സര വിജയികളെ പ്രഖ്യാപിച്ചു. ലഹരി വിമുക്തമാകൂ എന്ന ആശയത്തിലൂന്നി സംഘടിപ്പിച്ച മത്സരത്തിൽ കോട്ടയം മീനടം സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി യുവജനപ്രസ്ഥാനം നിർമിച്ച 'സെക്കൻഡ് ചാൻസ്' ഒന്നാം സ്ഥാനം കരസ്ഥമാക്കി. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായാണ് വിജയികളെ പ്രഖ്യാപിച്ചത്.
ലഹരിയിൽ മുങ്ങിത്താഴുന്നവർക്ക് ജീവിതം രണ്ടാമത് ഒരു അവസരം നൽകണമെന്നില്ല എന്നതാണ് ഹ്രസ്വചിത്രത്തിന്‍റെ പ്രമേയം. ബിജിൻ ബോബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രവ്യ അന്ന ജോസഫ് ആശയവും-രചനയും നിർവഹിച്ചിരിക്കുന്നു. 10000 രൂപയുടെ ക്യാഷ്പ്രൈസും, മൊമെന്‍റോയും, സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്ക്കാരം ജൂൺ 14ന് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കുന്ന 'ഡ്രഗ്സിറ്റ് സമ്മിറ്റ്' കോൺക്ലേവിൽ സമ്മാനിക്കും. കാതോലിക്കേറ്റ് ഓൺലൈൻ മീഡിയയാണ് ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിച്ചത്.