'ഞാൻ തൽക്കാലം രാഹുലിന്റെ ഗർഭം കൊണ്ടുപോകട്ടെ, നിന്‍റെ കാര്യം വീട്ടുകാരോട് നോക്കാൻ പറ'; സീമ ജി. നായർ

തനിക്ക് കോൺഗ്രസ് അംഗത്വമില്ലെന്നും രാഹുലിനെ പിന്തുണയ്ക്കുന്നതുകൊണ്ട് വ്യക്തിപരമായി തനിക്കൊരു ഗുണവുമില്ലെന്നും സീമ ജി. നായർ
seema g nair on cyber attack

'ഞാൻ തൽക്കാലം രാഹുലിന്റെ ഗർഭം കൊണ്ടുപോകട്ടെ, നിന്‍റെ കാര്യം വീട്ടുകാരോട് നോക്കാൻ പറ'; സീമ ജി. നായർ

Updated on

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന് തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് നടി സീമ ജി. നായർ. തനിക്ക് കോൺഗ്രസ് അംഗത്വമില്ലെന്നും രാഹുലിനെ പിന്തുണയ്ക്കുന്നതുകൊണ്ട് വ്യക്തിപരമായി തനിക്കൊരു ഗുണവുമില്ലെന്നും സീമ ജി. നായർ ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു. രാഹുൽ തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണമെന്നും അത് രണ്ട് ഭാഗത്തെയും കാര്യങ്ങള്‍ കേട്ട ശേഷമായിരിക്കണമെന്നും അവർ വ്യക്തമാക്കി.

സൈബർ സഖാക്കന്മാർ ഒരുമിച്ച് തന്നെ ആക്രമിക്കുകയാണെന്ന് സീമ ജി. നായർ ആരോപിച്ചു. 'ആർക്കു ബാധ ഇളകിയാലും കോഴിക്കു കിടക്കപ്പൊറുതിയില്ലെന്നു പറയുന്നതുപോലെ കോഴിയുടെ കഴുത്താണ് കണ്ടിക്കാൻ വരുന്നത്. നമ്മളൊരു പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് ഈ സൈബർ അറ്റാക്ക്. സൈബർ സഖാക്കന്മാർ ഓരോ വിഭാഗമായി തിരിഞ്ഞാണ് എന്നെ ആക്രമിക്കുന്നത്. എനിക്കെതിരെ പോസ്റ്റ് ഇട്ടാൽ നിങ്ങൾക്ക് എന്തെങ്കിലും കിട്ടുന്നുണ്ടെങ്കിൽ ഇട്ടോളൂ. സ്ത്രീ സുരക്ഷ പറയുന്ന ആളുകൾ തന്നെയാണ് ഒരു പോസ്റ്റിന്റെ പേരിൽ എന്നെ ഇങ്ങനെ ആക്രമിക്കുന്നത്. അമ്മയും പെങ്ങന്മാരും ഇല്ലാത്ത രീതിയിലുള്ള ചീത്ത വിളികളാണ് ഇവർ നടത്തുന്നത്.'- സീമ പറഞ്ഞു.

'കഴിഞ്ഞ ദിവസം 70 വയസ്സുള്ള ഒരപ്പൂപ്പൻ പറഞ്ഞ വാക്കുകൾ ഇവിടെ പറയാൻ പറ്റില്ല. പ്രൊഫൈല്‍ പിക്ചറിൽ കൊച്ചുമക്കളുടെ പടവും. ആറ്റിങ്ങലെ ഒരു സ്ത്രീ പറഞ്ഞത്, ഞാനൊരു നശിച്ച ജന്മമാണ്, രാക്ഷസിയാണ് എന്നൊക്കെ. എന്റെ വ്യക്തി സ്വാതന്ത്ര്യം ആരുടെ മുന്നിലും ഞാനടിയറവ് വയ്ക്കില്ല. കേട്ടു മടുത്തതു കൊണ്ടാണ് ഇങ്ങനെയൊരു ലൈവുമായി വന്നത്. ഒരു സ്ത്രീയും പുരുഷനും അവരുടെ ഇഷ്ടത്തിനനുസരിച്ച് സൗഹൃദമായി. അതിന് ഏതു കോടതിയാണ് ശിക്ഷിക്കുക എന്ന് എനിക്കറിയില്ല. രാഹുൽ തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണമെന്ന് ആദ്യം തൊട്ടേ ഞാൻ പറയുന്നുണ്ട്. ഒരുകാര്യം സംഭവിക്കുമ്പോൾ രണ്ട് വശത്തുനിന്നും കേൾക്കണം. എന്താണ് ഇതിലെ യഥാര്‍ഥ വിഷയം എന്നത് നമുക്ക് ആർക്കും അറിയില്ല.'

'ഈ ഗർഭം എന്നുള്ള വാക്ക് അല്ലാതെ വേറെന്തെങ്കിലും നിങ്ങൾക്കു പറയാനുണ്ടോ? രാഹുൽ പൈസ തന്നിട്ടാണ് ഇതു ചെയ്യുന്നതെന്നു പറയുന്നവർക്കെല്ലാം ഞാൻ വീട്ടിൽ കൊണ്ടെ പൈസ തന്നിട്ടുണ്ടല്ലോ. ഞാനൊരു ഗർഭമുണ്ടാക്കി എന്നെ സപ്പോർട്ട് ചെയ്യുമോ എന്നു ചോദിച്ചൊരുത്തൻ വന്നിട്ടുണ്ട്. ഇവനോടൊക്കെ എന്തു മറുപടിയാണ് കൊടുക്കേണ്ടത്. ഇതൊരു ലൈവ് ആയി പോയി, കട്ടിയുള്ള വാക്കുകളൊന്നും പറയുന്നില്ല, പറയാൻ അറിയാൻ പാടില്ലാഞ്ഞിട്ടുമല്ല. നിന്റെ വീട്ടിൽ ആളുകളുണ്ടല്ലോ, ഞാൻ തൽക്കാലം രാഹുലിന്റെ ഗർഭം കൊണ്ടുപോകട്ടെ, നിന്റെ വീട്ടിലുള്ളവരോട് പറ നീ ഉണ്ടാക്കിയതിനെ സപ്പോർട്ട് ചെയ്യാൻ. എന്റെ ഗർഭകാലം എങ്ങനെയായിരുന്നുവെന്ന് ചോദിച്ചവനോട്, ആദ്യം നിന്റെ അമ്മയോട് ചോദിക്ക് എങ്ങനെയായിരുന്നുവെന്ന്. അവർ പറഞ്ഞുതരും, അതിൽ വലിയ വ്യത്യാസമൊന്നും ഉണ്ടാകാൻ പോകുന്നില്ല.'- സീമ.ജി.നായർ കൂട്ടിച്ചേർത്തു.

തനിക്കെതിരെ പോസ്റ്റിട്ട സിപിഎം നേതാവ് പി.പി. ദിവ്യയ്ക്കും സീമ.ജി. നായർ മറുപടി നൽകി. ‘‘രണ്ട് പെൺകുട്ടികളെ അനാഥരാക്കിയവരാണ് ഇന്ന് എനിക്കെതിരെ വരുന്നത്. ഗോവിന്ദച്ചാമിമാരുടെ പകരക്കാരാണെന്നു പറയുന്നു. നവീൻ ബാബു സാറിന്റെ മുഖം ഇപ്പോഴും എനിക്ക് ഓർമയുണ്ട്. ഈ സ്ത്രീ കയറി വരുമ്പോൾ അദ്ദേഹം ചിരിച്ച മുഖത്തോടെയാണ് സ്വീകരിക്കുന്നത്. അതിനുശേഷം ഇവര്‍ നടത്തിയ പ്രസംഗത്തിനുശേഷം ആ മുഖം മാറുന്നതു കാണാം. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. ഞാൻ ആ മുഖം മറന്നിട്ടില്ല. അപ്പോൾ വാക്കുകളിലൂടെ മറ്റുള്ളവരെ കൊല്ലാൻ ശ്രമിക്കുന്ന ആളുകൾ വന്നിട്ട് എന്‍റെ മുഖം വച്ച് പോസ്റ്റ് ഇടുന്നു, ഇത്ര വിഷയ ദാരിദ്ര്യമോ പി.പി. ദിവ്യയ്ക്ക്. അതും ഇത്രയും നിസ്സാരമായ കേസിനൊക്കെ. ഇതിനൊക്കെ എന്തു പറയാനാണ്. സഖാക്കന്മാർ എല്ലാം ഒരുമിച്ചാണ് സൈബർ അറ്റാക്ക്.'

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com