
എന്നും മണ്ണില്‍ ചവിട്ടി നിന്ന കലാകാരന്‍. അംഗീകാരത്തിന്‍റെ ഉയരങ്ങള്‍ കീഴടക്കുമ്പോഴും ഭൂതകാലത്തിന്‍റെ യാതനകളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടുള്ള ജീവിതം. തിരികെയെത്താനൊരു നാടും, ചേര്‍ത്തു പിടിക്കാന്‍ നാട്ടാരുമുണ്ടെന്ന തിരിച്ചറിവില്‍ തന്നെയായിരുന്നു നേട്ടങ്ങളുടെ ഓരോ യാത്രകളും. ഒടുവിലൊരുനാള്‍ അപ്രതീക്ഷിതമായി വിട പറയുമ്പോള്‍ വിശ്വസിക്കാനാവാത്തതും അതുകൊണ്ടു തന്നെ. ജനകീയകലാകാരന്‍ എന്ന വിശേഷണം അത്രമേല്‍ ചേര്‍ന്നു നില്‍ക്കുന്നു കലാഭവന്‍ മണിക്കൊപ്പം. വിയോഗത്തിന്‍റെ ഏഴാം വര്‍ഷത്തിലും ആ കലാജീവിതം ആസ്വദിച്ചവരുടെ മനസിലും, ആ സാന്നിധ്യത്തിന്‍റെ ഊഷ്മളതയും കാരുണ്യവും ഏറ്റുവാങ്ങിയവരുടെ ഉള്ളിലും
വേദനയായി കലാഭവന്‍ മണിയുണ്ട്.
സമുദായം, അക്ഷരം എന്നിവയായിരുന്നു ആദ്യചിത്രങ്ങള്‍. സല്ലാപത്തിലെ ചെത്തുകാരന്‍റെ വേഷം ഒരു അഭിനേതാവിന്‍റെ വരവറിയിച്ചു. പിന്നെ കുറെക്കാലം സ്ഥിരം വേഷങ്ങളുടെ ചമയങ്ങളിലേക്ക്. വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തിലെ അന്ധഗായകന്‍, വാല്‍ക്കണ്ണാടിയിലെ അപ്പുണ്ണി, അനന്തഭദ്രത്തിലെ ചെമ്പന്‍ ഗുരുക്കള്‍ തുടങ്ങിയ ചിത്രങ്ങള്‍ ആ അഭിനയത്തികവിന്‍റെ മാറ്ററിയിച്ചു. നായകന്‍റെ അരികിലലിയുന്ന കഥാപാത്രങ്ങളില്‍ നിന്നും നായകനിലേക്കും വില്ലനിലേക്കും സ്വഭാവനടനിലേക്കുമൊക്കെ ഏച്ചുകെട്ടലുകളില്ലാതെ പകര്‍ന്നാട്ടം നടത്താന്‍ മണിക്കു സാധിച്ചിരുന്നു. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും ശക്തമായ സാന്നിധ്യമായി. അതിര്‍ത്തികളില്ലാതെ അഭിനയജീവിതം പരന്നൊഴുകിയ കാലത്തായിരുന്നു മണിയുടെ അപ്രതീക്ഷിത വിയോഗം, 2016 മാര്‍ച്ച് 6-ന്.
കൂലിപ്പണിക്കാരനായും മണല്‍വാരല്‍ തൊഴിലാളിയായും ഓട്ടോ ഡ്രൈവറായും ജീവിതത്തിലെ കഷ്ടപ്പാടുകളുടെ കാലം കടന്നാണു മണി സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തുന്നത്. ദാരിദ്രത്തിന്‍റെയും കഷ്ടപ്പൊടിന്‍റെയും അനുഭവങ്ങളെ ഒരിക്കലും പുറകില്‍ ഉപേക്ഷിച്ചില്ല. മരിക്കുവോളം മറന്നതുമില്ല. അരങ്ങായിരുന്നു എന്നും ആവേശം. ആര്‍ത്തിരമ്പുന്ന ജനക്കൂട്ടത്തെ ആസ്വാദനത്തിന്‍റെ പരകോടിയില്‍ എത്തിക്കാന്‍ മണിയോളം സിദ്ധി ലഭിച്ചവര്‍ വിരളമാണ്. തൊണ്ണൂറുകളിലും രണ്ടായിരത്തിലുമൊക്കെ മണിയുടെ നാടന്‍പാട്ടുകള്‍ കസെറ്റുകളിലൂടെ ഏറെ ജനകീയമായി. ഇന്നും കേരളത്തിലെ ഏതെങ്കിലും വേദിയില്‍ മണിയുടെ നാടന്‍പാട്ടുകള്‍ മുഴങ്ങികേള്‍ക്കാതെ ഒരു രാത്രിയൊടുങ്ങുന്നുണ്ടാവില്ല. വിയോഗത്തിന്‍റെ ഏഴാം വര്‍ഷം പിന്നിടുമ്പോഴും, ഈ ജനകീയകലാകാരന്‍ മലയാളിയുടെ മനസില്‍ നിറഞ്ഞു തന്നെ നില്‍ക്കുന്നു.