
കൊച്ചി: നടൻ സുരേഷ് ഗോപിക്കെതിരേ താൻ മോശമായി സംസാരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി സംവിധായകൻ ഷാജി കൈലാസ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റര്‍ പങ്കുവച്ചാണ് ഷാജി രംഗത്തെത്തിയത്. വ്യാജ വാർത്തകൾ നിർമിച്ച് ആനന്ദം കണ്ടെത്തുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും ഇത്തരം വാര്‍ത്തകള്‍ വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
""കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയർ ചെയ്യുന്നത് കാണാനിടയായി. ഒന്നോർക്കുക. കമ്മീഷണർ എന്ന സിനിമയിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്നു മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. എന്‍റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്‍റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ.
ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്‍റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം. അന്നും ഇന്നും സഹജീവിസ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. അവന്‍റെ രാഷ്‌ട്രീയവും എന്‍റെ രാഷ്‌ട്രീയവും വ്യത്യസ്തമാണ്.
പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃദ്ബന്ധം രാഷ്‌ട്രീയത്തിന് അതീതമാണ്. അതിനെ നശിപ്പിക്കാൻ സാധിക്കില്ല. ഇത്തരം വ്യാജ വാർത്തകൾ നിർമിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ആ പ്രവൃത്തികൾ നിർത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത്''- ഷാജി കൈലാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
""കമ്മീഷണർ എന്ന സിനിമയോടു കൂടി അവൻ പൂർണമായും കൈയിൽ നിന്നും പോയിരുന്നു. ശാരീരിക ഭാഷയും കൈകൊണ്ടുള്ള പ്രയോഗങ്ങളും സംസാരവുമടക്കം മൊത്തത്തിൽ സിനിമയേതാ ജീവിതമേതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം സുരേഷ് മാറിപ്പോയി. ഞാനതു പലതവണ ചൂണ്ടിക്കാട്ടിയപ്പോൾ ഭരത് ചന്ദ്രനെ ഉണ്ടാക്കിയ എന്നോടു പോലും ഭരത് ചന്ദ്രൻ സ്റ്റൈലിൽ തട്ടിക്കയറി'' എന്നു ഷാജി കൈലാസ് പറഞ്ഞതായാണ് രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ചിത്രങ്ങൾ വച്ച് പ്രചരിച്ച വാര്‍ത്ത.