

ഷാരൂഖിന്‍റെ അഞ്ച് സിനിമകളിൽ നിന്ന് ഐശ്വര്യ പുറത്തായി; കാരണം സൽമാൻ?
സ്ക്രീനിൽ പ്രേക്ഷകർ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന പ്രണയ ജോഡികളിൽ ഒന്നാണ് ഷാരൂഖ് ഖാൻ- ഐശ്വര്യ റായ് ജോഡികൾ. ഇരുവരും ഒന്നിച്ച മൊഹ്ബത്തീൻ, ദേവ്ദാസ്, ജോഷ് എന്നീ ചിത്രങ്ങൾ സൂപ്പർഹിറ്റായിരുന്നു. എന്നിട്ടും തന്‍റെ അഞ്ച് ചിത്രങ്ങളിൽ നിന്ന് ഷാരൂഖ് ഖാൻ ഐശ്വര്യ റായിയെ ഒഴിവാക്കിയിരുന്നു. ഐശ്വര്യ റായ് തന്നെയാണ് കരാർ ഒപ്പിട്ട ചിത്രത്തിൽ നിന്നു വരെ കാരണമൊന്നും പറയാതെ താൻ ഒഴിവാക്കപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നത്. സിമി ഗരേവാളുമായി നടത്തിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം തുറന്നു പറഞ്ഞത്.
ചൽത്തേ ചൽത്തേ എന്ന ചിത്രത്തിനു വേണ്ടി കരാർ ഒപ്പിട്ടിരുന്നു. പക്ഷേ പാതിയിൽ വച്ച് ആ ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അതിനു പുറമേ വീർ സാറ, കൽ ഹോ നഹോ എന്നീ ചിത്രങ്ങളിലേക്കും ആദ്യം പരിഗണിച്ചിരുന്നത് ഐശ്വര്യയെയായിരുന്നു. ഈ മൂന്നു ചിത്രങ്ങൾ കൂടാതെ തന്നെ ഉൾപ്പെടുത്തി പ്ലാൻ ചെയ്തിരുന്ന മറ്റ് രണ്ട് ചിത്രങ്ങളിൽ നിന്ന് കൂടി താൻ ഒഴിവാക്കപ്പെട്ടുവെന്നും ഐശ്വര്യ പറയുന്നു. ഒഴിവാക്കപ്പെട്ടതായി അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി, തീർച്ചയായും സങ്കടമുള്ള കാര്യമായിരുന്നു. ആരും അക്കാര്യത്തിൽ വിശദീകരണം ഒന്നും നൽകിയിരുന്നില്ല. വിശദീകരണം ആവശ്യപ്പെടുന്ന ഒരു വ്യക്തി ആയിരുന്നില്ല താനെന്നും ഐശ്വര്യ.
പിന്നീട് പല ചിത്രങ്ങളിൽ നിന്നും ഐശ്വര്യയെ നീക്കം ചെയ്തതിൽ ഷാരൂഖ് ഖാൻ ക്ഷമ ചോദിച്ചിരുന്നു. 2003 ലാണ് ഇക്കാര്യം ഷാരൂഖ് സമ്മതിച്ചത്. ഒരാൾക്കൊപ്പം ഒരു പ്രോജക്റ്റ് തുടങ്ങി വയ്ക്കുകയും അവരുടേതല്ലാത്ത കാരണത്താൽ ആ പ്രോജക്റ്റിൽ നിന്ന് അവരെ ഒഴിവാക്കുകയും ചെയ്യുന്നത് വളരെ വേദനാജനകമാണ്. വ്യക്തിപരമായി ഐശ്വര്യ നല്ല സുഹൃത്താണെങ്കിലും അങ്ങനെയൊരു തെറ്റ് ചെയ്യേണ്ടതായി വന്നു. പക്ഷേ ഒരു നിർമാതാവ് എന്ന നിലയിൽ ആ തീരുമാനം ശരിയായിരുന്നുവെന്നും ഐശ്വര്യയോട് മാപ്പ് ചോദിക്കുന്നുവെന്നുമാണ് ഷാരൂഖ് പറഞ്ഞത്.
അക്കാലത്ത് ഐശ്വര്യ റായ് സൽമാൻ ഖാനുമായി പ്രണയത്തിലായിരുന്നു. സൽമാൻ ഖാൻ ഉണ്ടാക്കിയ പ്രശ്നങ്ങളാണ് ഐശ്വര്യയുടെ കരിയറിൽ നഷ്ടങ്ങളുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ചൽത്തേ ചൽത്തേയുടെ സൈറ്റിൽ സൽമാൻ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഷാരൂഖ് ഖാനുമായി സൽമാൻ ഇടഞ്ഞതായും അക്കാലത്ത് അഭ്യൂഹങ്ങൾ പടർന്നിരുന്നു. 2008ൽ കത്രീന കൈഫിന്‍റെ പിറന്നാൾ ആഘോഷത്തിനിടയും ഐശ്വര്യയെ ചൊല്ലി സൽമാനും ഷാരൂഖും കയർത്തിരുന്നു. വർഷങ്ങൾക്കു ശേഷമാണ് ഇരുവരുടെയും വഴക്ക് പരിഹരിക്കപ്പെട്ടത്.യേ ദിൽ ഹേ മുശ്കിൽ എന്ന ഐശ്വര്യ ചിത്രത്തിൽ ഷാരൂഖ് അഭിനയിച്ചിരുന്നു.