
ഷൈൻ ടോം ചാക്കോ
File photo
കൊച്ചി: എറണാകുളത്തെ ഹോട്ടലിൽ ലഹരി മരുന്ന് കണ്ടെത്താൻ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന.
ചൊവ്വാഴ്ച രാത്രിയാണ് ഷൈൻ ഹോട്ടലിൽനിന്ന് ഇറങ്ങിയോടുന്നത്. ബുധനാഴ്ച പുലർച്ചെ തമിഴ്ടനാട്ടിലേക്കു കടന്നെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നടനെ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും, തിരിച്ചെത്തുമ്പോൾ വിളിച്ചു വരുത്താമെന്നുമുള്ള നിലപാടിലാണ് പൊലീസ്.
അതേസമയം, ഷൈനിനെ രക്ഷപെടാൻ സഹായിച്ച ആളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഷൈനിന്‍റെ ഹോട്ടൽ മുറിയിൽ നിന്ന് ലഹരി മരുന്നൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.
ഇതിനിടെ, ഷൈൻ ടോം ചാക്കോ സിനിമ സെറ്റിൽ ലഹരി മരുന്ന് ഉപോയഗിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാരോപിച്ച് നടി വിൻസി അലോഷ്യസ് താരസംഘടന അമ്മയ്ക്ക് നൽകിയ പരാതിയിൽ ഇനിയും നടപടിയായിട്ടില്ല.
ഷൈനിനെ ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും, നടന്‍റെ വിശദീകരണം കേട്ട ശേഷം നടപടിയെക്കുറിച്ച് ആലോചിക്കാമെന്നുമുള്ള നിലപാടിലാണ് നിലവിൽ അമ്മയെ നയിക്കുന്ന അഡ്ഹോക് കമ്മിറ്റി.