

കമലിന് സ്നേഹപ്പൂക്കളുമായി ഷൈൻ ടോം ചാക്കോ; പിറന്നാൾ ആശംസ കണ്ട് ഞെട്ടി ആരാധകർ
സംവിധായകൻ കമലിന്‍റെ അസിസ്റ്റന്‍റായി സിനിമയിലേക്ക് ചുവടുവച്ച നടനാണ് ഷൈൻ ടോം ചാക്കോ. കമൽ തന്നെ സംവിധാനം ചെയ്ത് ഗദ്ദാമയിലൂടെയാണ് ഷൈൻ കാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കമലിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് ഷൈൻ ടോം ചാക്കോ പങ്കുവച്ച കുറിപ്പാണ്.
കമലിന്റെ ചിത്രത്തിനൊപ്പം ‘സ്നേഹപൂക്കൾ’ എന്നെഴുതി റോസാപ്പൂക്കളുടെ ഇമോജിക്കൊപ്പമാണ് ഷൈൻ ജന്മദിനാശംകൾ പങ്കുവച്ചത്. കൂടെ ‘ഹാപ്പി ബർത്ത്ഡേ കമൽ സർ’ എന്നും എഴുതിയിട്ടുണ്ട്. എന്നാൽ ഈ പോസ്റ്റ് വായനക്കാരെ നിമിഷനേരത്തേക്ക് ആശങ്കയിലാക്കുകയായിരുന്നു. പിറന്നാൾ ആശംസയാണെന്ന് അറിഞ്ഞതോടെ പോസ്റ്റിന് താഴെ ട്രോളുകൾ നിറയുകയാണ്.
പെട്ടെന്ന് പോസ്റ്റ് കണ്ടപ്പോൾ ഞെട്ടിപ്പോയെന്നാണ് ആരാധകർ കുറിക്കുന്നത്. ‘ഓർമപ്പൂക്കൾ’ എന്ന് തെറ്റി വായിച്ചു, പോസ്റ്റ് കണ്ട് കമൽ പോലും അമ്പരന്നു കാണും എന്നൊക്കെയാണ് ആരാധകരുടെ കമന്‍റ്. സംവിധായകൻ കമലിന്റെ 68-ാം പിറന്നാളാണ് കഴിഞ്ഞത്. സിനിമാ മേഖലയിലെ പ്രമുഖർ അദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നു.