

''മഞ്ജു ജിക്ക് ഒരു കുടുംബമുണ്ട്, അവൾക്ക് ഞങ്ങളുണ്ട്, തകർത്തു മുന്നേറൂ പെണ്ണേ''; കമന്‍റുമായി ശോഭന
നടി മഞ്ജു വാര്യരെ പ്രശംസിച്ചുകൊണ്ട് ശാരദക്കുട്ടി പങ്കുവച്ച കുറിപ്പിന് താഴെ കമന്‍റുമായി നടി ശോഭന. ബിഎംഡബ്ല്യു ബൈക്കിൽ ധനുഷ്കോടിയിലേക്ക് നടത്തിയ യാത്രയുടെ വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടിയെ പ്രശംസിച്ചുകൊണ്ട് ശാരദക്കുട്ടി കുറിപ്പ് പങ്കുവച്ചത്. അതിൽ ‘കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല’ എന്ന പ്രയോഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് ശോഭനയുടെ കമന്‍റ്. മഞ്ജുവിന് കുടുംബവും ഞങ്ങൾ സുഹൃത്തുക്കളുമെല്ലാം ഉണ്ടെന്നാണ് ശോഭന കുറിച്ചത്.
‘‘മഞ്ജു ജിക്ക് ഒരു കുടുംബമുണ്ട്! മിക്ക ആളുകൾക്കുമുള്ളതിനേക്കാൾ വലിയ ഒന്നല്ലേ അത്? അവൾക്ക് ഞങ്ങളുണ്ട്, അവളുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും. എല്ലാത്തിലുമുപരി അവളുടെ സിനിമകളിലൂടെ അവൾ ഉണ്ടാക്കിയെടുത്ത പാരമ്പര്യമുണ്ട്... ആരാധകരുണ്ട്. അതുകൊണ്ട് നീ തകർപ്പനായി മുന്നേറൂ പെണ്ണേ... യാതൊരു തടസ്സങ്ങളുമില്ലാതെ ഒറ്റയ്ക്ക് യാത്ര തുടരൂ. കലയും നിന്റെ ബൈക്കും മാത്രം കൂട്ടിനുണ്ടാവട്ടെ. ചേച്ചിയോടും സ്നേഹം മാത്രം''- ശോഭന കുറിച്ചു.
പിന്നാലെ ഇരുവരുടേയും സൗഹൃദത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്. ഒറ്റയ്ക്കല്ലെന്നും സ്നേഹിക്കാൻ ഒരുപാടുപേരുണ്ടെന്ന ഉറപ്പ് ഏതൊരു സ്ത്രീക്കും വലിയ കരുത്താണെന്ന് ആരാധകർ കമന്‍റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ബിഎംഡബ്ലൂ ബൈക്കിലെ തന്‍റെ യാത്രയുടെ വിഡിയോ മഞ്ജു പങ്കുവച്ചത്. പിന്നാലെ വൻ സ്വീകാര്യതയാണ് വിഡിയോയ്ക്ക് ലഭിച്ചത്. പെൺകുട്ടികൾ പഠിക്കേണ്ട പാഠപുസ്തകമാണ് മഞ്ജു എന്നാണ് ശാരദക്കുട്ടി കുറിച്ചത്.