
മുംബൈ: ബോളിവുഡ് നടി ശ്രദ്ധ കപൂർ ഈ ദസറയ്ക്ക് തനിക്കു തന്നെ ഒരു സമ്മാനം വാങ്ങിക്കൊടുത്തു. വെറും നാലു കോടി രൂപ വിലയുള്ള ഒരു ലംബോർഗിനി കാർ. കൂടുതൽ കൃത്യമായി പറഞ്ഞാൽ ലംബോർഗിനി ഹുറാകാൻ ടെക്‌നിക, വില 4.04 കോടി രൂപ. സ്വാഭാവികമായും കാറിനൊപ്പമുള്ള ചിത്രങ്ങൾ ശ്രദ്ധ സമൂഹ മാധ്യമങ്ങൾ പോസ്റ്റ് ചെയ്തു. പക്ഷേ, തുടർന്നുണ്ടായത് നടി പ്രതീക്ഷിക്കാത്തതു പോലുള്ള ട്രോൾ മഴയാണ്. അതിന്‍റെ കാരണമറിയാൻ ചെറിയൊരു ഫ്ളാഷ് ബാക്ക്.
അധികമൊന്നുമില്ല, ഒരു നാലു വർഷം പിന്നോട്ടു പോയാൽ. മതി. മുംബൈ കാർ ഷെഡ് പദ്ധതിക്കു വേണ്ടി മൂവായിരത്തോളം മരങ്ങൾ മുറിച്ചുനീക്കാൻ മുംബൈ മെട്രൊ റെയിൽ കോർപ്പറേഷന്, ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അനുമതി നൽകുന്നു. ആരെയ് കോളനിയിലുള്ള 2,232 മരങ്ങൾ മുറിക്കുക, ഒരു 469 മരങ്ങൾ മൂടോടെ പിഴുത് മാറ്റി നടുക, ഇതായിരുന്നു പദ്ധതി. കാർ പാർക്കിങ്ങിന് സ്ഥലം കണ്ടെത്താനായിരുന്നു ഇത്.
അന്ന് ഈ നീക്കത്തിനെതിരായ പ്രക്ഷോഭങ്ങളുടെ മുന്നണിയിലുണ്ടായിരുന്ന പ്രമുഖരിലൊരാൾ ശ്രദ്ധ കപൂറായിരുന്നു. തിരക്കേറിയ മുംബൈ റോഡിലൂടെ, മഴയത്ത് പ്ലക്കാർഡും പിടിച്ച് മുദ്രാവാക്യം വിളിച്ച് നടന്നു നീങ്ങുന്ന ശ്രദ്ധയുടെ ചിത്രങ്ങൾ വൈറലാകുകയും ചെയ്തിരുന്നു.
അതേ ശ്രദ്ധ ഇപ്പോൾ വാങ്ങിയിരിക്കുന്ന കാറിന് ഏഴ് കിലോമീറ്ററാണ് പരമാവധി മൈലേജ്. മുംബൈയിലെ ട്രാഫിക് കുരുക്കിൽ മൂന്നോ നാലോ കിലോമീറ്ററിൽ കൂടുതൽ കിട്ടില്ലെന്നുറപ്പ്. ഈ കാറുമായി ഏതു വിധത്തിലുള്ള പരിസ്ഥിതി സംരക്ഷണമാണ് ശ്രദ്ധ നടത്താൻ ഉദ്ദേശിക്കുന്നതെന്നാണ് ട്രോളുകളിൽ ഉയരുന്ന പ്രധാന ചോദ്യം.
ഇത്തരം സെലിബ്രിറ്റികൾ യഥാർഥ പരിസ്ഥിതി സ്നേഹികളല്ലെന്നും, പത്രത്തിൽ പടം വരാനുള്ള പ്രകടനങ്ങൾ മാത്രമാണ് ഇവരിൽ പലരും നടത്തുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.