ചിത്ര അയ്യർ, ശാരദ അയ്യർ
സഹോദരിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി ഗായിക ചിത്ര അയ്യർ. നിന്‍റെ കലപില ശബ്ദം കേൾക്കാതെ താൻ എങ്ങനെ ജീവിക്കുമെന്ന് അറിയില്ല എന്നാണ് ചിത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒമാനിൽ വച്ച് ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തിലാണ് ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ വിടപറഞ്ഞത്.
നമ്മൾ ഒന്നിച്ച് യാത്ര ചെയ്തവരാണ്. നീ പെട്ടെന്ന് ഓടിപ്പോയി, പക്ഷേ ഞാൻ നിന്‍റെ അടുത്തെത്തും വൈകാതെ. ഞാൻ വാക്ക് തരുന്നു. ഐ ലവ് യൂ. ഞാൻ ഇനി എന്ത് ചെയ്യും. ഫോണിന്‍റെ മറുപുറത്ത് നിന്‍റെ കലപില ശബ്ദം കേൾക്കാതെ, അടുത്ത മുറിയിൽ നിന്ന് നിന്‍റെ അലർച്ച കേൾക്കാതെ ഞാൻ എങ്ങനെ ജീവിക്കും. - ചിത്ര അയ്യർ കുറിച്ചു.
സഹോദരിയുടെ ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആദരാജ്ഞലികൾ കുറിച്ചിരിക്കുന്നത്. ഒമാനിലെ വടക്കൻ ദാഖിലിയ്യ ഗവർണറേറ്റിലെ ബഹ്‍ലയിലെ ജബൽ ശംസിൽ സുഹൃത്തുക്കൾക്കൊപ്പം ട്രക്കിങ് നടത്തുന്നതിനിടെയുണ്ടായ അപകടത്തിലാണ് 52കാരിയായ ശാരദ മരിച്ചത്. ഒമാൻ എയർ മുൻ മാനേജരായ ശാരദ മസ്കറ്റിലായിരുന്നു താമസം. ഇവരുടെ പിതാവ് രാജദുരൈ അയ്യർ കഴിഞ്ഞ ഡിസംബർ 11-നാണ് അന്തരിച്ചത്. അച്ഛൻ മരിച്ചു ഒരു മാസം പിന്നിടും മുൻപെയാണ് ശാരദയുടെ വിയോഗം.