

യേശുദാസ്
ഒരിടവേളയ്ക്ക് ശേഷം പൊതുവേദിയിലെത്തി ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസ്. അമെരിക്കൻ മലയാളികളുടെ ഓണാഘോഷത്തിലാണ് പാട്ടുമായി യേശുദാസ് വീണ്ടുമെത്തിയത്.
രണ്ടു ഗാനങ്ങൾ ആലപിച്ച അദ്ദേഹം സംഗീതത്തിനപ്പുറം കേരളത്തിന്‍റെ സാംസ്കാരിക തനിമയെക്കുറിച്ചും സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചും സംസാരിച്ചു. കേരളത്തെ ചേർത്ത് നിർത്തുന്നത് മത സൗഹാർദമാണെന്നും അത് ചോർന്ന് പോകാതെ സംരക്ഷിക്കണമെന്നും യേശുദാസ് പറഞ്ഞു. സംഗീതത്തെ പൂർണമായി ഉൾക്കൊള്ളാൻ ഈ ജന്മം പോരെന്നും അദ്ദേഹം പ്രതികരിച്ചു.
കൊവിഡ് കാലം മുതൽ അമെരിക്കയിലെ ഡാലസിൽ വിശ്രമജീവിതം നയിക്കുകയാണ് യേശുദാസ്. സമീപകാലത്തായി പൊതുവേദികളിൽ വളരെ അപൂർവമായേ അദ്ദേഹം എത്താറുള്ളൂ. അതുകൊണ്ടുതന്നെ ഈ തിരിച്ചുവരവ് പ്രവാസികൾക്ക് മാത്രമല്ല സംഗീതലോകത്തിനുതന്നെ അവിസ്മരണീയമായ അനുഭവമായി മാറി.