

പലക് മുഛൽ
കുട്ടിക്കാലത്ത് അച്ഛനും അമ്മയ്ക്കുമൊപ്പം ട്രെയിൻ യാത്ര ചെയ്യുമ്പോൾ പലക് മുഛൽ ഒരിക്കലും വിചാരിച്ചിരുന്നില്ല അത് തന്‍റെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന്. അന്നുവരെ അവൾ വിചാരിച്ചിരുന്നത് എല്ലാവരുടേയും കുട്ടിക്കാലം തന്നെപ്പോലെ സന്തോഷകരമായിരിക്കും എന്നാണ്. എന്നാൽ, ആ ട്രെയിൻ യാത്രയിൽ പലക് ആദ്യമായി ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന കുട്ടികളെ കണ്ടു. ആ ദിവസം പലക് ഉറച്ച ഒരു തീരുമാനമെടുത്തു, 'ഒരു ദിവസം ഞാൻ ഇവരെ സഹായിക്കും'. വർഷങ്ങൾക്ക് ശേഷം അറിയപ്പെടുന്ന ഗായികയായപ്പോഴും പഴയ ട്രെയിൻ ഓർമ അവരുടെ മനസ്സിൽ നിന്ന് മാഞ്ഞിരുന്നില്ല. ഇപ്പോൾ താൻ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് ഗായിക.
3800 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം നൽകിയതോടെയാണ് പലക് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഗായിക സ്ഥാപിച്ച പലക് പലാഷ് ചാരിറ്റബിൾ ഫൗണ്ടേഷൻ വഴിയാണ് ഇന്ത്യയിലും പുറത്തുമുള്ള കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കായി ഗായിക പണം മുടക്കിയത്.
എന്നാൽ പലക്കിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിൽ മാത്രം ഒതുങ്ങുന്നതല്ല. കാർഗിൽ രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് ഗായിക സഹായം ലഭ്യമാക്കുന്നുണ്ട്. കൂടാതെ ഗുജറാത്ത് ഭൂകമ്പത്തിൽ ഇരയായവർക്ക് 10 ലക്ഷം രൂപയാണ് ധനസഹായം നൽകിയത്. ഇന്തോർ സ്വദേശിയായ പലക് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾക്കാണ് ശബ്ദം നൽകിയിരിക്കുന്നത്. 'മേരി ആഷിഖി', 'കോൻ തുജേ', 'പ്രേം രതൻ ധൻ പായോ' തുടങ്ങിയ നിരവധി ഗാനങ്ങൾ പലക് ആലപിച്ചിട്ടുണ്ട്.