
വൺ കൈൻഡ് 'ജേർണി ടു നെബുലക്കലു'മായി പ്രദീപ് കുമാർ കൊച്ചിയിൽ
കൊച്ചി: തമിഴ് ഗായകനും സംഗീത സംവിധായകനുമായ പ്രദീപ് കുമാർ, തന്‍റെ സംഗീത യാത്രയുടെ ഭാഗമായി വൺ കൈൻഡ് 'ജേർണി ടു നെബുലക്കൽ- പ്രദീപ് കുമാർ ലൈവ് ഇൻ കൊച്ചി' എന്ന സംഗീത പരിപാടിയുമായി കൊച്ചിയിലെത്തുന്നു. ഒക്ടോബർ 11-ന് വൈകുന്നേരം അഞ്ച് മണിക്ക് തേവര സേക്രഡ് ഹാർട്ട് കോളെജിലാണ് പരിപാടി നടത്തുന്നത്.
കേരളം തനിക്ക് വളരെ സ്പെഷ്യലാണെന്നും മലയാളി പ്രേക്ഷകർ നൽകുന്ന പ്രോത്സാഹനവും സ്നേഹവും ഒരു കലാകരനെ സംബന്ധിച്ച് വലിയ ഊർജമാണെന്നും പ്രദീപ് കുമാർ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘ജേർണി ടു നെബുലക്കൽ’ ഒരു സാധാരണ കോൺസെർട്ടല്ല, ഹൃദയ സ്പർശിയായ സംഗീതാനുഭവമാണ്. സിനിമാ ഗാനങ്ങളോടൊപ്പം, സ്വന്തം സൃഷ്ടിക്കളും അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ കലാകാരന്മാരെയും ബാൻഡുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ബാൻഡ് മത്സരവും ഷോയുടെ മുന്നോടിയായി ആരംഭിച്ചിട്ടുണ്ട്. വിജയികളാവുന്നവർക്ക് 50,000 രൂപ സമ്മാനമായി ലഭിക്കുന്നതിനോടൊപ്പം പ്രദീപ് കുമാർ ലൈവിൽ ഓപ്പണിങ് ആക്ടിനുളള അവസരവും ലഭിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി നഗരങ്ങളിൽ പ്രദീപ് കുമാർ ഇതിനോടനം സോൾഡ്-ഔട്ട് ഷോകൾ നടത്തിയിട്ടുണ്ട്. പ്രദീപ് കുമാറിന്‍റെ സംഗീതം വ്യത്യസ്ത തലങ്ങളിലുള്ള പ്രേക്ഷകരുമായി പൊരുത്തപ്പെടുന്നതാണെന്നും, പൊതു ജനങ്ങൾക്കിടയിൽ വ്യാപകമായി അറിയപ്പെടുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ ഗാനങ്ങൾ പ്ലേ ലിസ്റ്റിൽ ഉളളവരാണ് നല്ലൊരു ഭാഗം ആളുകളുമെന്നും വൺ കൈൻഡ് ഡയറക്ടർ ശ്രീരാമണി മൊഡുകുരി പറഞ്ഞു.
പ്രദീപ് കുമാർ തന്‍റെ പ്രശസ്ത സിനിമാ ഗാനങ്ങളിലൂടെ 3 മണിക്കൂർ നീണ്ട് നിൽക്കുന്ന പ്രത്യേക പരിപാടി അവതരിപ്പിക്കുന്നത് ഇതാദ്യമാണെന്ന് വൺ കൈൻഡ് ഡയറക്ടർ കല്യാൺ ചക്രവർത്തി പറഞ്ഞു. ഓ യെസ് പ്രൈം ആൻഡ് വൈബ്സാണ് സഹ നിർമാതാക്കൾ. കല,പാഷൻ,കാലത്തിനതീതമായ സംഗീതം എന്നിവയുടെ സംയോജനമായ ഈ ഷോ മികച്ച അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്ന് ഓ യെസ് പ്രൈം ആൻഡ് വൈബ്സ് ഇവന്‍റ്സ് ഡയറക്ടർ ശരവണൻ പറഞ്ഞു. എൻചാണ്ടഡ് എക്സ്പീരിയൻസസിലെ കാർഡിൻ റോബിയാണ് എക്സിക്യൂട്ടീവ് പങ്കാളി. പ്രേക്ഷകർക്ക് മികച്ച അനുഭവം നൽകുന്നതിനായി ആധുനിക ശബ്ദ-ലൈറ്റിംഗ് സംവിധാനങ്ങളും മികച്ച വേദി ക്രമീകരണങ്ങളുമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സംഗീതത്തോടൊപ്പം, ഭക്ഷണ സ്റ്റാളുകളും വിവിധ ഓൺ-ഗ്രൗണ്ട് അനുഭവങ്ങളും ഷോയുടെ ഭാഗമാണ്.
599 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. സ്റ്റുഡന്‍റ്സ് (599), ബ്രോൺസ് ഏർളി ബേർഡ് (899), സിൽവൽ ഏർളി ബേർഡ് (1499), ക്യൂൻസ് (1799), ഗോൾഡ് ഏർളി ബേർഡ് (2499) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ലഭ്യമാണ്. 10 ടിക്കറ്റുകളാണ് ഒരേ സമയം ബുക്ക് ചെയ്യാൻ കഴിയുക. കാർഡിൻ റോബി, വയലിനിസ്റ്റ് റിതു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.