

തിരുവനന്തപുരത്തെ IFFK മുഖ്യ വേദി.
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കുന്ന 30ാം കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്കെ) വെള്ളിയാഴ്ച തുടക്കമാകും. 19 വരെ തലസ്ഥാന നഗരി സിനിമാ പ്രേമികളുടെ ഉത്സവപ്പറമ്പാകും.
26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്‍റെയും ചരിത്രത്തിന്‍റെയും അടയാളപ്പെടുത്തലുകളുമായി ആൻ മേരി ജാസിർ സംവിധാനം ചെയ്ത 'പലസ്തീൻ 36' ആണ് മേളയുടെ ഉദ്ഘാടന ചിത്രം.
ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്ക് നൽകി ആദരിക്കും. ആഗോളവത്കരണം, പലായനം, സ്വത്വം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്‍റെ 'ടിംബുക്തു', 'ബ്ലാക്ക് ടീ' തുടങ്ങിയ ശ്രദ്ധേയമായ അഞ്ച് ചിത്രങ്ങൾ 'ദ ഗ്ലോബൽ ഗ്രിയോട്ട്: സിസാക്കോസ് സിനിമാറ്റിക് ജേണി' എന്ന പ്രത്യേക പാക്കെജിൽ പ്രദർശിപ്പിക്കും.
ഈജിപ്ഷ്യൻ സിനിമയിലെ ഇതിഹാസമായ യൂസഫ് ഷഹീന്‍റെ ജന്മശതാബ്ദി ആഘോഷ ഭാഗമായി അദ്ദേഹത്തിന്‍റെ വിഖ്യാത ചിത്രങ്ങളായ 'കെയ്‌റോ സ്റ്റേഷൻ', 'അലക്സാണ്ട്രിയ എഗെയ്ൻ ആൻഡ് ഫോറെവർ', 'ദി അദർ' എന്നിവ ഉൾപ്പെടുത്തി റിട്രോസ്‌പെക്റ്റീവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ സമാന്തര സിനിമയിലെ പ്രമുഖനായ സയീദ് മിർസയുടെ മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും മേളയുടെ മുഖ്യ ആകർഷണമാകും.
ഇന്തോനേഷ്യൻ സിനിമയുടെ ആധുനിക മുഖമായ ഗാരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ 'കണ്ടംപററി ഫിലിം മേക്കർ ഇൻ ഫോക്കസ്' വിഭാഗത്തിൽ പ്രദർശനത്തിനെത്തും. 57 ചലച്ചിത്രങ്ങൾ ഉൾപ്പെടുന്ന ലോക സിനിമാ വിഭാഗമാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്ന മറ്റൊരു പ്രധാന കാഴ്ചാ വിരുന്ന്.
അന്താരാഷ്‌ട്ര മത്സര വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച ചിത്രങ്ങൾ സുവർണ ചകോരം, രജത ചകോരം പുരസ്‌കാരങ്ങൾക്കായി മത്സരിക്കും. മലയാള സിനിമ ഇന്ന്, ഇന്ത്യൻ സിനിമ ഇന്ന് എന്നീ വിഭാഗങ്ങൾ സമകാലിക സിനിമയുടെ പുതിയ പാഠങ്ങൾ സമ്മാനിക്കും. ജൂറി അംഗങ്ങൾ സംവിധാനം ചെയ്ത 5 ചിത്രങ്ങൾ 'ജൂറി ഫിലിംസ്' വിഭാഗത്തിൽ പ്രദർശിപ്പിക്കും.
വിവിധ പ്രമേയങ്ങളെ മുൻനിർത്തി 'ഫീമെയിൽ ഫോക്കസ്', 'ലാറ്റിൻ അമെരിക്കൻ പാക്കെജ്', 'കൺട്രി ഫോക്കസ്: വിയറ്റ്നാം', 'ഫെസ്റ്റിവൽ ഫേവറൈറ്റ്സ്', 'കലൈഡോസ്കോപ്പ്' തുടങ്ങിയ പാക്കെജുകൾ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്. മുൻപ് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം നേടിയവരുടെ ചിത്രങ്ങൾ 'പാസ്റ്റ് എൽടിഎ വിന്നേഴ്സ്' എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും.
മുൻ വർഷങ്ങളിൽ സുവർണ ചകോരം നേടിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള 'ദ സുവർണ ലെഗസി' പ്രത്യേക പാക്കെജും ശ്രദ്ധേയമാകും. പ്രമുഖ ചലച്ചിത്ര പ്രവർത്തകർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന 'ഹോമെജ്' വിഭാഗവും മേളയിലുണ്ട്.