

ചില നടിമാർ പ്രത്യേക തരത്തിലുള്ള ഫോട്ടൊ എടുക്കുന്നതിനായി പാപ്പരാസികൾക്ക് പണം കൊടുക്കാറുണ്ടെന്ന് നടൻ സൽമാൻ ഖാൻ. പാപ്പരാസി വിഷയത്തിൽ സൽമാൻ ഖാൻ രൂക്ഷമായി പ്രതികരിച്ചതിനെ ബിഗ്ബോസ് മത്സരാർഥിയായ നേഹ പ്രശംസിച്ചിരുന്നു. ഇത്തരത്തിൽ സംസാരിച്ചതിന് നന്ദിയുണ്ടെന്നാണ് നേഹ വ്യക്തമാക്കിയത്. അതിനു മറുപടിയായാണ് താരം വിഷയത്തിൽ വിശദമായി സംസാരിച്ചത്. അത്തരത്തിൽ ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു തുടരാം. പക്ഷേ അത്തരം ഫോട്ടോകൾ ആഗ്രഹിക്കാത്തവരെ ദയവു ചെയ്ത് പ്രശ്നത്തിലാക്കരുതെന്നും ഹിന്ദി ബിഗ് ബോസ് ഷോയിൽ താരം പറഞ്ഞു.
സെപ്റ്റംബറിലെ ബിഗ്ബോസ് എപ്പിസോഡിലാണ് പാപ്പരാസികൾ ചിത്രം എടുക്കുന്നതിനെതിരേ സൽമാൻ ഖാൻ രൂക്ഷമായി അഭിപ്രായം രേഖപ്പെടുത്തിയത്. അത്തരത്തിൽ ഫോട്ടൊ എടുക്കുന്നതിൽ ചിലർക്ക് പ്രശ്നമുണ്ടായിരിക്കില്ല. പക്ഷേ അതിഷ്ടപ്പെടാത്തവർ എന്തു ചെയ്യണം, തിരിഞ്ഞ് അവരുടെ കരണത്തടിക്കണം. അവരുടെ അമ്മയുടെയും പെങ്ങളുടെയും പടം ഇത്തരത്തിൽ എടുത്ത് കാണിക്കാനും പറയണം എന്നുമാണ് താരം പറഞ്ഞത്.
അതിനു പിന്നാലെ ഫറാ ഖാൻ ഉൾപ്പെടെയുള്ളവർ പാപ്പരാസികളോട് അനവസരത്തിൽ ഫോട്ടോ എടുക്കരുതെന്ന് വ്യക്തമാക്കിയിരുന്നു.