

വാങ്ചുക്ക്, ആമിർ ഖാൻ
3 ഇഡിയറ്റ്സിലെ ആമിർ ഖാന്‍റെ കഥാപാത്രം പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുകിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ട് ആമിർ തന്നെ രംഗത്തെത്തി. 3 ഇഡിയറ്റ്സിൽ അഭിനയിക്കുന്നതിനു മുൻപ് താൻ സോനം വാങ്ചുകിനെ നേരിട്ടുകണ്ടിട്ടില്ലെന്നാണ് ആമിർ പറഞ്ഞത്. പിന്നാലെ 2008 ൽ ഇരുവരും കണ്ടുമുട്ടിയതിന്‍റെ വിഡിയോ പുറത്തുവന്നു. ഇപ്പോൾ ആമിർ ഖാന്‍റെ വാദങ്ങളെ പരിഹസിച്ചുകൊണ്ട് സോനം വാങ്ചുക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഗജിനി സിനിമയിലെ കഥാപാത്രത്തിന്‍റേതുപോലെ ഷോർട്ട് ടേം മെമ്മറി ലോസ് സംഭവിച്ചതുകൊണ്ടായിരിക്കാം ആമിറിന് തന്നെ ഓർമയില്ലാത്തത് എന്നാണ് സോനം വാങ്ചുക് പറഞ്ഞത്. പ്രഖർ ഗുപ്തയുമായുള്ള പോഡ്കാസ്റ്റിലായിരുന്നു പ്രതികരണം. 2008ൽ താൻ ഒരു പുരസ്കാരം സ്വീകരിക്കുന്ന ചടങ്ങിൽ ആമിർ ഖാൻ എത്തിയിരുന്നുവെന്നും തങ്ങൾ അന്ന് വിശദമായി സംസാരിക്കുകയും ആശയം പങ്കുവെക്കുകയും ചെയ്തിരുന്നുവെന്നും സോനം വ്യക്തമാക്കി. ആമിർ ഖാൻ തന്‍റെ പ്രസംഗങ്ങളിലൊന്ന് കാണുന്നതിന്‍റെ വിഡിയോ പിന്നീട് പുറത്തുവന്നിരുന്നുവെന്നും അന്ന് അദ്ദേഹം ഗജിനി സിനിമയുടെ വേഷത്തിലായിരുന്നുവെന്നും സോനം ചൂണ്ടിക്കാട്ടി.
കഥാപാത്രങ്ങളിലേക്ക് ആമിർ ഖാൻ അത്രയധികം ആഴത്തിലിറങ്ങാറുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഗജിനി എന്ന കഥാപാത്രത്തിൽ അത്രയധികം അദ്ദേഹം ലയിച്ചുപോയതായിരിക്കും. ഒരു അവാർഡ് ചടങ്ങിൽ ഞങ്ങൾ ഒന്നിച്ചെത്തിയപ്പോൾ പരസ്പരം കണ്ടുമുട്ടുകയും ആശയങ്ങൾ പങ്കുവക്കുകയും ചെയ്തിരുന്നു. അത് അദ്ദേഹം മറന്നതായിരിക്കും. അന്ന് ഞങ്ങൾ സംസാരിച്ചതിനെ അടിസ്ഥാനമാക്കിയോ ജീവചരിത്രമായോ ആണ് 3 ഇഡിയറ്റ്സ് ചെയ്തത് എന്ന് ഞാൻ പറയില്ല. ഒരാളെ കണ്ടുമുട്ടി സംസാരിച്ചതിൽ നിന്നു കിട്ടിയ ആശയം തിരക്കഥയിൽ ചേർത്തുവെന്നത് അദ്ദേഹത്തിന്‍റെ സഹ എഴുത്തുകാർക്കോ സംവിധായകർക്കോ മനസിലായിട്ടുണ്ടാകില്ല. എനിക്ക് അതിൽ യാതൊരു പ്രശ്നവുമില്ല. അതങ്ങ് വിട്ടേക്കൂ.- വാങ്ചുക് പറഞ്ഞു.