
കത്തനാർ ഫസ്റ്റ് ലുക്ക്
ജയസൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ പ്രീപ്രൊഡക്ഷനും, പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി വന്നിട്ടുള്ള ചിത്രമാണിത്. ശ്രീഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം റോജിൻ തോമസാണ് സംവിധാനം ചെയ്യുന്നത്. കടമറ്റത്തു കത്തനാർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയസൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
രൂപത്തിലും, വേഷത്തിലുമെല്ലാം ആരെയും അത്ഭുതത്തോടെ ആകർഷിക്കുന്ന ഒരു പോസ്റ്ററാണ് ഫസ്റ്റ് ലുക്കായി എത്തിയിരിക്കുന്നത്. കത്തനാർ എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ലുക്ക്. സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറും എന്നതിൽ തെല്ലും സംശയമില്ല. വലിയ ജനപ്രീതി നേടിയ ഫിലിപ്സ് ആന്‍റ് മങ്കി പെൻ, ഹോം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് റോജിൻ തോമസ്.
ചരിത്രത്തിന്‍റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്‍റസി കഥയാണ് കടമറ്റത്തു കത്തനാറിന്‍റേത്. പ്രശസ്തനായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ ഏറ്റവും ജനശ്രദ്ധ നേടിയ കഥയാണ് കടമറ്റത്തു കത്തനാർ. മന്ത്രവാദവും, മാജിക്കുമൊക്കെയായി കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിച്ചതാണ് കടമറ്റത്തു കത്തനാറിന്‍റെ കഥ.
കടമറ്റത്തച്ചൻ എന്ന പേരിൽ അനശ്വര നടൻ പ്രേം നസീർ അഭിനയിച്ച ചിത്രവും. കടമറ്റത്തു കത്തനാർ എന്ന പേരിൽ ഒരു ടിവി പരമ്പരയും ഉണ്ടായിട്ടുണ്ട്. അതിനൊക്കെ വലിയ സ്വീകാര്യത ലഭിച്ചത് ഈ കഥയോടുള്ള കൗതുകവും ആകാംക്ഷയുമാണ്. ഈ കഥയാണ് ആധുനിക സാങ്കേതികവിദ്യകളുടേയും, മികച്ച അണിയറ പ്രവർത്തകരുടെയും പിൻബലത്തോടെ സമീപകാല സിനിമയിലെ ഏറ്റം വലിയ മുതൽ മുടക്കിൽ ഗോകുലം മൂവീസ് ദൃശ്യാവിഷ്ക്കരണം നടത്തുന്നത്.
കത്തനാർ the wild soucer. എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമെത്തുന്നത്. അരങ്ങിലും അണിയറയിലും വലിയ കൗതുകങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ചിത്രത്തിന്‍റെ അവതരണം. ജയസൂര്യക്കു പുറമേ പ്രശസ്ത തെലുങ്കു താരം അനുഷ്ക്ക ഷെട്ടി, തമിഴ് താരം പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽ പ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിധീഷ് ഭരദ്വാജ് (ഞാൻ ഗന്ധർവ്വൻ ഫെയിം) സനൂപ് സന്തോഷ്. വിനീത്, കോട്ടയം രമേശ്, ദേവികാ സഞ്ജയ് (മകൾ ഫെയിം) കിരൺ അരവിന്ദാക്ഷൻ സുശീൽ കുമാർ, എന്നിവരും ഈ ചിത്രത്തിന്‍റെ പ്രധാന വേഷങ്ങളിലുണ്ട്.
ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷനുകൾ ബഹുഭൂരിപക്ഷവും വിദേശങ്ങളിലാണു നടക്കുന്നത്. മൂന്നു വർഷത്തെ പ്രീ പ്രൊഡക്ഷനാണ് ഈ ചിത്രത്തിനു വേണ്ടി വന്നതെന്ന് സംവിധായകൻ റോജിൻ തോമസ് പറഞ്ഞു.
മുപ്പതിൽപ്പരം ഭാഷകളിലായി രണ്ടു ഭാഗങ്ങളിലായിട്ടാണ് ഈ ചിത്രം എത്തുന്നത്. ആർ. രാമാനന്ദിന്‍റേതാണ് തിരക്കഥ. രാഹുൽ സുബ്രമണ്യനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം - നീൽ ഡികുഞ്ഞ. എഡിറ്റിങ് -റോജിൻ തോമസ്.