"എന്‍റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു"; ശ്രീകുമാരൻ തമ്പി

"അതു മരണവീടായാൽ അവർക്ക് ഏറെ സന്തോഷം, ചൂടോടെ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇട്ടാൽ കൂടുതൽ വ്യൂസ് കിട്ടുമല്ലോ"
sreekumaran thampi reacts to insensitive behaviour of online media

Sreekumaran Thampi

Updated on

നടൻ സലിം കുമാറിനെ സംസ്കാര ചടങ്ങിനിടെ ഇരച്ചു ക‍യറിയ ഓൺലൈൻ മാധ്യമപ്രവർത്തകരോട് മകൻ‌ ചന്തു പ്രതികരിച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചു. മരണം പോലും റീച്ച് കിട്ടാനുള്ള ഉപാധിയായി കാണുന്ന ഇത്തരം ഓൺലൈൻ മാധ്യമങ്ങൾക്കെതിരേ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ എഴുത്തുകാരൻ ശ്രീകുമാരൻ തമ്പിയും വിഷയത്തിൽ പ്രതികരിക്കുകയാണ്.

സലിം കുമാറിന്‍റെ സംസ്കാരവേളയിൽ മാധ്യമ പ്രവർത്തകരെന്ന ഭാവത്തിലും കൈയിൽ മൊബൈലുമായി വന്ന്‌ ചില സാമൂഹികവിരുദ്ധർ കാണിച്ച കോപ്രായങ്ങളും അതുകണ്ട് വേദനിച്ചു നിസ്സഹായനായി നിലവിളിക്കുകയും ഗത്യന്തരമില്ലാതെ ക്ഷോഭിക്കുകയും ചെയ്യുന്ന ചന്തുവിന്‍റെ അവസ്ഥ കണ്ട് കണ്ണു നിറഞ്ഞുവെന്നും പരിസരബോധമില്ലാതെ ആരുടെയും ദുഃഖം വിറ്റു പണമുണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരക്കാർ എല്ലായിടത്തുമുണ്ട്.

സംസ്കാരം നടക്കുന്ന സ്ഥലത്തും ഒരിക്കൽ ക്രൂരന്മാരായ ഈ സാഡിസ്റ്റുകൾ വരുമെന്ന് എനിക്കറിയാം. അന്ന് എനിക്ക് എഴുന്നേറ്റു നിന്ന് "പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ" എന്നു പറയാൻ കഴിയില്ലല്ലോ. അതുകൊണ്ട് ആ വാചകം ഇന്നു തന്നെ അവരോട് പറയുന്നു. എന്‍റെ മൃതദേഹത്തിനടുത്ത് ഇതു പോലുള്ള കപടജീവികൾ മൊബൈലുമായി വന്നു നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് എന്‍റെ യഥാർഥ സുഹൃത്തുക്കളോട് അപേക്ഷിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...

അനശ്വരനടൻ സലിം കുമാറിന്‍റെ സംസ്കാരവേളയിൽ അദ്ദേഹത്തിന്‍റെ ആരാധകരെന്ന നാട്യത്തിലും മാധ്യമ പ്രവർത്തകരെന്ന ഭാവത്തിലും കയ്യിൽ മൊബൈലുമായി വന്ന്‌ ചില സാമൂഹികവിരുദ്ധർ കാണിച്ച കോപ്രായങ്ങളും അതുകണ്ട് വേദനിച്ചു നിസ്സഹായനായി നിലവിളിക്കുകയും ഗത്യന്തരമില്ലാതെ ക്ഷോഭിക്കുകയും ചെയ്യുന്ന ചന്തുവിന്‍റെ (സലിംകുമാറിന്‍റെ മൂത്ത പുത്രൻ ) അവസ്ഥ കണ്ട് എന്‍റെയും കണ്ണു നിറഞ്ഞു. എനിക്ക് തോന്നിയ അതേ വികാരം മനുഷ്യത്വമുള്ള എല്ലാ മലയാളികൾക്കും ഉണ്ടായിക്കാണും.

പരിസരബോധമില്ലാതെ ആരുടെയും ദുഃഖം വിറ്റു പണമുണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ എവിടെയും കാണാം. അതു മരണവീടായാൽ അവർക്ക് ഏറെ സന്തോഷം, ചൂടോടെ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇട്ടാൽ കൂടുതൽ വ്യൂസ് കിട്ടുമല്ലോ. എന്‍റെ സംസ്കാരം നടക്കുന്ന സ്ഥലത്തും ഒരിക്കൽ ക്രൂരന്മാരായ ഈ സാഡിസ്റ്റുകൾ വരുമെന്ന് എനിക്കറിയാം. അന്ന് എനിക്ക് എഴുന്നേറ്റു നിന്ന് "പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ " എന്നു പറയാൻ കഴിയില്ലല്ലോ.

അതുകൊണ്ട് ആ വാചകം ഇന്നു തന്നെ അവരോട് പറയുന്നു. എന്‍റെ മൃതദേഹത്തിനടുത്ത് ഇതു പോലുള്ള കപടജീവികൾ മൊബൈലുമായി വന്നു നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് എന്‍റെ യഥാർത്ഥ സുഹൃത്തുക്കളോട് അപേക്ഷിക്കുന്നു. ഒരു വ്യക്തിയുടെ സ്വകാര്യതയെയും വികാരങ്ങളെയും അഭിമാനത്തെയും ഹനിക്കുന്ന ഈ ക്രിമിനൽ കുറ്റത്തിനെതിരെ ഐ റ്റി നിയമപ്രകാരം കേസെടുക്കാൻ സർക്കാരിനും ബാധ്യതയുണ്ട്. ആഭ്യന്തര വകുപ്പും പോലീസും ഇക്കാര്യത്തിൽ മുന്നോട്ടു വരണം.

പ്രശസ്തി ഒരു ദോഷവും ആരാധന ഒരു ശല്യവുമാകുന്ന അവസ്ഥ ആർക്കും ഉണ്ടാകാൻ പാടില്ല. പ്രശസ്തരും മനുഷ്യരാണ്. അവർക്കും കുടുംബമുണ്ട്. ആ കുടുംബത്തിന്‍റെ നാഥനായ, തന്‍റെ എല്ലാമെല്ലാമായ ഒരാൾ ചിതയിൽ കത്തിയെരിയുമ്പോൾ ആ വേദന ഉള്ളിലൊതുക്കുകയും പെട്ടന്ന് പൊട്ടിക്കരയുകയും ചെയ്യുന്ന നല്ല സ്നേഹമുള്ള മക്കൾ അവർക്കുമുണ്ട്. ആ മക്കൾക്കും ബന്ധുമിത്രാദികൾക്കുമൊക്കെ വേണ്ടത് നിങ്ങളുടെ വൃത്തികെട്ട മൊബൈൽ കാമറാ കണ്ണുകളുടെ ഒപ്പിയെടുക്കൽ അല്ല. മനഃസമാധാനവും സ്വകാര്യതയും അല്പം കാരുണ്യവുമാണ്

logo
Metro Vaartha
www.metrovaartha.com