ഞാൻ ജനാധിപത്യത്തിനെതിര്: ശ്രീനിവാസൻ

''ദുബായിലുള്ള ഭരണാധികാരി ജനാധിപത്യ വിശ്വാസിയാണോ? ഏതെങ്കിലും പാർട്ടിയുടെ ആളാണോ? ഒന്നുമല്ലല്ലോ. നാടിനോടും ജനങ്ങളോടും അൽപ്പം സ്നേഹം വേണം''
Sreenivasan
SreenivasanFile
Updated on

കൊച്ചി: എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ജനാധിപത്യത്തിൽ ഇഷ്ടംപോലെ പഴുതുണ്ടെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ. ഈ ജനവിധി ജനങ്ങൾക്കു തന്നെ എതിരായ ജനിവിധിയാണ്. ആരു ജയിച്ചാലും അവർ ജനത്തിന് എതിരാണ്.

ഭരണാധികാരികൾ വിഷം കൊടുത്തു കൊന്ന തത്വജ്ഞാനി സോക്രട്ടീസ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ- ശ്രീനിവാസൻ പറഞ്ഞു. തൃപ്പൂണിത്തുറയിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതു നമുക്കു തന്നെ എതിരായിട്ടുള്ള ജനവിധിയാണ്. ആരു ജയിച്ചാലും അവർ നമുക്ക് എതിരല്ലേ? ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ട്. അതുകൊണ്ടാണ് താത്പര്യമില്ലാത്തത്.

ജനാധിപത്യത്തിന്‍റെ ആദ്യ മോഡൽ ഉണ്ടായത് ഗ്രീസിലാണ്. നമ്മളെക്കാൾ ബുദ്ധിയുണ്ടെന്നു കരുതുന്ന സോക്രട്ടീസ് അന്നു ചോദിച്ചത് കഴിവുള്ളവരെ ജനങ്ങൾ വോട്ടു ചെയ്ത് തെരഞ്ഞെടുക്കുന്നു, പക്ഷേ, ഈ വോട്ട് ചെയ്യുന്നവർക്ക് കഴിവുള്ളവരെ തെരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ എന്നാണ്.

''ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല. ഞാൻ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ഇങ്ങനെ മോശമായിട്ട് പറഞ്ഞപ്പോൾ, ദുബായിൽ നിന്നു ലീവിനു വന്ന ഒരാൾ ചോദിച്ചു, എന്തെങ്കിലും ഒരു വ്യവസ്ഥിതിയില്ലാതെ എങ്ങനെ ശരിയാകുമെന്ന്. ഞാൻ പറഞ്ഞു, ദുബായിൽ നിന്നു വന്ന ഒരാൾ ഇങ്ങനെ ചോദിക്കരുത്. ദുബായിലുള്ള ഭരണാധികാരി ജനാധിപത്യ വിശ്വാസിയാണോ? ഏതെങ്കിലും പാർട്ടിയുടെ ആളാണോ? ഒന്നുമല്ലല്ലോ. നാടിനോടും ജനങ്ങളോടും അൽപ്പം സ്നേഹം വേണം'', ശ്രീനിവാസൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com