കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസ് അഭിമുഖം | Interview Kalamkaval director Jithin K Jose

ജിതിൻ കെ. ജോസ്

MV

മലയോര ഗ്രാമത്തിൽ നിന്ന് മമ്മൂട്ടി ചിത്രം വരെ...

റിലീസിനു മുൻപേ ചർച്ചാവിഷയമായിക്കഴിഞ്ഞ കളങ്കാവൽ എന്ന മമ്മൂട്ടി - വിനായകൻ ചിത്രത്തിന്‍റെ സംവിധായകൻ ജിതിൻ കെ. ജോസ് മെട്രൊ വാർത്ത പ്രതിനിധിക്ക് അനുവദിച്ച അഭിമുഖം.
Published on

പി.ജി.എസ്. സൂരജ്

അമ്പൂരി എന്ന മലയോരഗ്രാമത്തില്‍ നിന്ന് ഒരു മമ്മൂട്ടി ചിത്രത്തിന്‍റെ സംവിധായകനാവുക എന്നത് ജിതിന്‍ കെ. ജോസ് എന്ന തനിനാടന്‍ പയ്യന് സ്വപ്നങ്ങള്‍ക്കപ്പുറമുള്ള അസുലഭ സൗഭാഗ്യമായിരുന്നു. റിലീസിനു മുന്‍പേ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന 'കളങ്കാവല്‍' എന്ന സിനിമയുടെ സംവിധായകനാണ് ജിതിന്‍. പുതിയ മമ്മൂട്ടിഭാവങ്ങളുടെ മറ്റൊരദ്ഭുതമാകും കളങ്കാവല്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറച്ചു വിശ്വസിക്കുന്നു.

തെക്കന്‍ തിരുവിതാകൂറിലെ നാഗര്‍കോവില്‍ - കന്യാകുമാരിയാണ് കഥാഭൂമിക. പേരിലെ വൈവിധ്യം കൊണ്ടും, സിഗരറ്റ് കടിച്ചു നില്‍ക്കുന്ന മെഗാസ്റ്റാറിന്‍റെ ലുക്ക് കൊണ്ടും, വിനായകന്‍റെ പൊലീസ് വേഷം കൊണ്ടും ഇതിനകം സോഷ്യല്‍ മീഡിയയെ വല്ലാതെ ചൂടു പിടിപ്പിച്ചു കഴിഞ്ഞു കളങ്കാവല്‍. ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഉടന്‍ തെയെറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവല്‍. റിലീസിനു ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍കിട്ടിയ ചെറിയൊരു ഇടവേളയില്‍ അമ്പൂരിയിലെ വീട്ടിലെത്തിയ ജിതിന്‍, മെട്രൊ വാര്‍ത്തയ്ക്കു മുന്നില്‍ മനസ് തുറക്കുകയാണ്.

Q

കളങ്കാവല്‍ എന്ന പേരിൽനിന്നു തുടങ്ങിയാലോ?

A

ഒന്നു രണ്ടു പേരുകള്‍ ഞങ്ങളുടെ മനസിലുണ്ടായിരുന്നു. എന്നാല്‍, എല്ലാവര്‍ക്കും പൂർണം തൃപ്തിയുള്ള പേരുകളായിരുന്നില്ല അതൊന്നും. ആ സമയത്താണ് ഈ സിനിമയുടെ സഹ രചയിതാവായ ജിഷ്ണുവും ഞാനുമായുള്ള സംസാര മധ്യേ അവിചാരിതമായി കളങ്കാവല്‍ എന്ന ആചാരത്തെക്കുറിച്ച് സംസാരിക്കുന്നത്. തെക്കന്‍ തിരുവിതാംകൂറിലെ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു ആചാരമാണ് കളങ്കാവല്‍. ഭാഷാപരമായി തമിഴിലും മലയാളത്തിലും ഒരേ അർഥം വരുന്ന പേരാണിത്. സിനിമയുടെ പ്രധാന ആശയവുമായി പല രീതിയിലും ബന്ധപ്പെട്ടു കിടക്കുന്ന പേരുകൂടിയാണിത്‌. സിനിമയില്‍ കാണിക്കുന്ന സാംസ്കാരികമായ പല വിഷയങ്ങളുമായും ഈ പേരിനു ബന്ധമുണ്ട്. പിന്നെ കൂടുതല്‍ ചിന്തിക്കാന്‍ നില്‍ക്കാതെ കളങ്കാവല്‍ എന്ന പേര് തന്നെ ഇടാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

എന്‍റെ കളത്തിനു ഞാന്‍ കാവല്‍ നില്‍ക്കുന്നു എന്നതാണ് കളങ്കാവല്‍ എന്ന പേരിന്‍റെ വാച്യാഥം. കോപംകൊണ്ട് ജ്വലിക്കുന്ന ഭദ്രകാളിയുടെ, ദാരികനെ തേടിയുള്ള യാത്രയാണ് കാളീ ക്ഷേത്രങ്ങളിലെ ഈ ആചാരത്തിനു പിന്നിലുള്ള ഐതിഹ്യം. കളത്തിൽ ദേവി അസുരനെ നിഗ്രഹിക്കുന്നതിന്‍റെ പ്രതീകാത്മക ചടങ്ങാണിത്. കളങ്കാവൽ സമയത്ത് വാത്തി തിരുമുടി തലയിലേന്തി ദേവി ദാരികനെ തിരയും.

തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗങ്ങളിലും നാഗര്‍ കോവില്‍, കന്യാകുമാരി ജില്ലകളിലെ ക്ഷേത്രങ്ങളിലെ കാളിയൂട്ട് ഉത്സവവുമായി ബന്ധപ്പെട്ടും കളങ്കാവൽ നടത്താറുണ്ട്. തിരുവനന്തപുരം വെള്ളായണി ക്ഷേത്രത്തിലെ ആചാരം പ്രശസ്തമാണ്. പേരിനു പിന്നിലുള്ള ഐതിഹ്യം വിവരിച്ചപ്പോള്‍ മമ്മൂക്കയ്ക്കും ഒരുപാടിഷ്ടമായി. ആ ഒരു ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍ ഈ പേര് തന്നെ ഉറപ്പിക്കുന്നത്.

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസ് അഭിമുഖം | Interview Kalamkaval director Jithin K Jose
Q

കഥാപശ്ചാത്തലത്തെക്കുറിച്ച്?

A

ഈ അവസരത്തില്‍ കൂടുതലായി സംസാരിക്കാന്‍ എനിക്ക് പരിമിതികളുണ്ട്. തിരുവനന്തപുരം - കന്യാകുമാരി ജില്ലകളിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ നടക്കുന്ന ചില സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കളങ്കാവല്‍ എന്ന സിനിമയുടെ കഥ വികസിക്കുന്നത്. ശരിക്കും നടന്ന ചില സംഭവങ്ങളില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ട് പൂർണമായും ഫിക്ഷണല്‍ വേള്‍ഡില്‍ നടക്കുന്ന കഥയാണിത്‌.

Q

സയനൈഡ് മോഹനന്‍ എന്ന സീരിയല്‍ കില്ലറുടെ കഥയുമായി സിനിമയ്ക്ക് ബന്ധമുണ്ടെന്നു പറയുന്നുണ്ടല്ലോ?

A

സംവിധായകനായ ഞാനോ സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരോ ഇത് സയനൈഡ് മോഹനന്‍റെ കഥയാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഏതെങ്കിലും ഒരു വ്യക്തിയെയോ ചില പ്രത്യേക സംഭവങ്ങളെയോ മുന്‍നിര്‍ത്തി ചെയ്ത ഒരു സിനിമയല്ല കളങ്കാവല്‍.

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസ് അഭിമുഖം | Interview Kalamkaval director Jithin K Jose
Q

മമ്മൂട്ടി എന്ന സ്വപ്നസാഫല്യത്തിലേക്കെത്തിയത്?

A

രണ്ട് പ്രധാന കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ക്രൈം ത്രില്ലറാണ് കളങ്കാവല്‍. കഥാപാത്രനിർമിതിയെക്കുറിച്ചു ഞങ്ങള്‍ ആലോചിച്ചപ്പോള്‍ തന്നെ കഥയിലെ ശക്തമായ ഒരു കഥാപാത്രം മമ്മൂക്ക ചെയ്‌താല്‍ വളരെയധികം ശ്രദ്ധിക്കപ്പെടുമെന്ന് തോന്നിയിരുന്നു. അതിലുപരി മമ്മൂക്കയിലേക്ക് ഈ കഥാപാത്രം എത്തിയാല്‍ അദ്ദേഹത്തിന് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന ആത്മവിശ്വാസവും ഞങ്ങള്‍ക്കുണ്ടായിരുന്നു. അങ്ങനെയാണ് ഒരു ശ്രമം നടത്തി നോക്കാമെന്ന് ഞങ്ങള്‍ വിചാരിക്കുന്നത്.

അദ്ദേഹം ഒരുപാട് പുതുമുഖ സംവിധായകര്‍ക്ക് അവസരം കൊടുക്കുകയും അതില്‍ ഭൂരിഭാഗംപേരുടെയും സിനിമകള്‍ വിജയിക്കുകയും ചെയ്തിട്ടുണ്ടല്ലോ. മമ്മൂക്ക നായകനായ മാമാങ്കത്തില്‍ സംവിധാന സഹായിയും, കുറുപ്പ് എന്ന ചിത്രത്തിന്‍റെ സഹ രചയിതാക്കളില്‍ ഒരാളുമായി പ്രവര്‍ത്തിച്ച പരിചയം വച്ചാണു ഞാന്‍ മമ്മൂക്കയെ കാണാന്‍ ഒരു ശ്രമം നടത്തിയത്. മമ്മൂക്കയുടെ അടുത്തേക്കെത്താന്‍ ഞങ്ങള്‍ സമീപിച്ച ആളുകള്‍ക്കും ഈ കഥ കേട്ടപ്പോള്‍ വലിയ ആത്മവിശ്വാസമാണ്‌ തോന്നിയത്.

മമ്മൂക്കയെ കണ്ടപാടെ കഥ പറയുകയായിരുന്നില്ല. ഞാന്‍ നേരത്തെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച സിനിമകളെക്കുറിച്ചൊക്കെ ചില കാര്യങ്ങള്‍ സംസാരിച്ചു. അതെല്ലാം കഴിഞ്ഞു നമ്മളെ ഒന്ന് കൂളാക്കിയ ശേഷമാണ് കഥ പറയാന്‍ തുടങ്ങിയത്. വെറുമൊരു വണ്‍ലൈന്‍ പറയുന്നതിനപ്പുറം ഫുള്‍ സ്ക്രിപ്റ്റ്മായിട്ടാണു ഞങ്ങള്‍ മമ്മൂക്കയുടെ മുന്നില്‍ ചെല്ലുന്നത്. വളരെ വിശദമായി സീന്‍ ബൈ സീനായി വായിച്ച് സമാന രീതിയിലുള്ള പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും ഒക്കെ കാണിച്ചായിരുന്നു സ്ക്രിപ്റ്റ് വായിച്ചത്. ആദ്യമായി സംവിധാനം ചെയ്യുന്ന ഒരാളെന്ന നിലയില്‍ എന്‍റെ സിനിമ എന്താണെന്ന് മനസിലാക്കിക്കൊടുക്കയും വേണമല്ലോ. പൂർണമായും കഥയില്‍ തന്നെ ശ്രദ്ധിച്ചായിരുന്നു അദ്ദേഹം കേട്ടത്. ചിലപ്പോള്‍ ചില സംശയങ്ങളൊക്കെ ചോദിക്കും. കഥ പറയുന്ന സമയത്തു തന്നെ മമ്മൂക്കയ്ക്ക് കഥയില്‍ താത്പര്യം ജനിക്കുന്നുണ്ടെന്ന സൂചനകള്‍ ലഭിച്ചിരുന്നു.

Q

മമ്മൂട്ടി കമ്പനി തന്നെയാണല്ലോ കളങ്കാവലിന്‍റെ നിർമാണവും?

A

മമ്മൂക്കയ്ക്ക് കഥ ഇഷ്ട്ടപ്പെട്ടപ്പോള്‍ തന്നെ മമ്മൂട്ടി കമ്പനി സിനിമ നിർമിക്കാമെന്നു പറഞ്ഞിരുന്നു. അതും ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷം തോന്നിയ ഒരു മുഹൂര്‍ത്തമായിരുന്നു. മമ്മൂട്ടി കമ്പനിയുടെ മുന്‍ചിത്രങ്ങള്‍ എല്ലാം തന്നെ മികച്ച വിജയം നേടിയിരുന്നല്ലോ.

Q

വിനായകന്‍ - മമ്മൂട്ടി കോംബിനേഷന്‍ വളരെ അപൂർവമാണല്ലോ?

A

പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളുള്ള ഒരു സിനിമയാണിതെന്നു ഞാന്‍ ആദ്യമേ പറഞ്ഞല്ലോ. മമ്മൂക്ക കഴിഞ്ഞാല്‍ അടുത്ത കഥാപാത്രം ആരു ചെയ്യണമെന്നുള്ള ചര്‍ച്ചകള്‍ ആദ്യ ഘട്ടത്തില്‍ സജീവമായി നടക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഭാഗത്തു നിന്നു തന്നെ ഒന്നുരണ്ടു പേര്‍ വിനായകന്‍ ചേട്ടന്‍റെ പേര് സജസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഒരു ദിവസം മമ്മൂക്ക തന്നെ ഞങ്ങളോട്, വിനായകന്‍ ചെയ്താല്‍ എങ്ങനെയുണ്ടാവും എന്ന് ചോദിക്കുകയായിരുന്നു. അങ്ങനെയാണ് ഒടുവില്‍ വിനായകന്‍ ചേട്ടനെ തീരുമാനിക്കുന്നത്.

മമ്മൂട്ടി - വിനായകന്‍ കോംബോ തന്നെ പുതുമയുള്ളതായിരുന്നു. അതിലുപരി, വിനായകന്‍ ചെയ്താല്‍ മറ്റൊരു മാനത്തിലേക്ക് എത്താന്‍ സാധ്യതയുള്ള ഒരു കഥാപാത്രം കൂടിയായിരുന്നു ഇത്. കഥ കേട്ട വിനായകന്‍ ചേട്ടനും വളരെ ഇഷ്ടമായി. ഒരുപാടു തിരക്കില്‍ നില്‍ക്കുന്ന സമയത്താണ് ഈ സിനിമയിലേക്ക് അദ്ദേഹം വരുന്നത്. വിനായകന്‍ ചേട്ടന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായൊരു കഥാപാത്രമാണിത്.

Q

മമ്മൂക്കയുടെ ഒരു ദിവസത്തെ ചിത്രീകരണം ആരംഭിക്കുന്നതെങ്ങനെയാണ്?

A

മുന്‍കൂട്ടി ചാര്‍ട്ട് ചെയ്ത രീതിയിലായിരിക്കും ചിത്രീകരണം തുടങ്ങുക. മമ്മൂക്ക സെറ്റില്‍ വന്നാല്‍ അന്നത്തെ ദിവസം ചിത്രീകരിക്കുന്ന സീനിനെക്കുറിച്ചു വിശദീകരിക്കും. ആ സീനിന്‍റെ ദൃശ്യഭാഷ എന്താണെന്നും എഡിറ്റിങ് പാറ്റേണ്‍ എങ്ങനെയാണെന്നുമെല്ലാം ഞങ്ങള്‍ വിശദമായി തന്നെ പറഞ്ഞുകൊടുക്കും. ചെയ്യാന്‍ പോകുന്ന സീന്‍ എന്താണെന്നുള്ള വ്യക്തമായ ധാരണയിലായിരിക്കും മമ്മൂക്ക വരുന്നത്. മിക്കപ്പോഴും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള ചില അഭിനയ മുഹൂര്‍ത്തങ്ങളാകും മമ്മൂക്ക സമ്മാനിക്കുക.

മമ്മൂക്ക ഒരു സീന്‍ എങ്ങനെ ആകും ചെയ്യുന്നതെന്നു ചിത്രീകരണത്തിനു മുൻപേ നമുക്കു ചില സങ്കല്‍പ്പങ്ങള്‍ ഉണ്ടാകുമല്ലോ. എന്നാല്‍, കളങ്കാവലിന്‍റെ ചിത്രീകരണ സമയത്ത് മിക്കപ്പോഴും അത്തരം സങ്കല്‍പ്പങ്ങളെയെല്ലാം മമ്മൂക്ക ബ്രേക്ക് ചെയ്തിട്ടുണ്ട്. സിനിമയുടെ സമസ്ത മേഖലകളിലും വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ള നടനാണല്ലോ മമ്മൂക്ക. അതുകൊണ്ടു തന്നെ ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ സീന്‍ വിശദീകരിക്കുമ്പോഴും, ചെയ്ത ഷോട്ടുകള്‍ പിന്നീട് കാണുമ്പോഴുമൊക്കെ ചില ആകുലതകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ആദ്യത്തെ ഒന്നു രണ്ട് ദിവസം കൊണ്ടു തന്നെ മമ്മൂക്കയും ഞങ്ങളുമായി നല്ല സൗഹൃദത്തിലായി. ചിത്രീകരിച്ച ഭാഗങ്ങള്‍ റഫറന്‍സ് മ്യൂസിക് ഒക്കെ വച്ച് സ്പോട്ട് എഡിറ്റ് ചെയ്തു മമ്മൂക്കയെ കാണിക്കുമായിരുന്നു. അതു കാണുമ്പോള്‍ തന്നെ അദ്ദേഹത്തിന് ഈ കഥയോടുള്ള താത്പര്യം ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നു.

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസ് അഭിമുഖം | Interview Kalamkaval director Jithin K Jose
Q

കഥാ പശ്ചാത്തലം തെക്കന്‍ തിരുവിതാംകൂറിലെ നാഗര്‍കോവില്‍ - കന്യാകുമാരി ഭാഗങ്ങള്‍ ആണല്ലോ?

A

കഥാപശ്ചാത്തലം ആവശ്യപ്പെടുന്ന ഒരു ഭൂമികയാണ് നാഗര്‍കോവില്‍ - കന്യാകുമാരി പ്രദേശം. എന്‍റെ സ്വന്തം സ്ഥലം നാഗര്‍കോവിലിനോട് ഏറെ അടുത്ത് സ്ഥിതിചെയ്യുന്ന അമ്പൂരിയാണ്. അതുകൊണ്ടു തന്നെ എനിക്ക് ഏറെ പരിചിതമാണ്. ഭൂമിശാസ്ത്രപരമായി ഏറെ വൈവിധ്യങ്ങള്‍ ഉള്ള പ്രദേശം കൂടിയാണിത്. ഒരു ഭാഗത്ത്‌ പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യവും, മറുഭാഗത്ത്‌ മനോഹരമായ സമുദ്ര തീരങ്ങളുമുള്ള, ഒരുപാട് പ്രത്യേകതകളുള്ള രണ്ട് ഭൂപ്രദേശങ്ങളാണല്ലോ നാഗര്‍കോവിലും കന്യാകുമാരിയും. എന്നാല്‍, മലയാള സിനിമ ഒരു പരിധിക്കപ്പുറം ഉപയോഗിച്ചിട്ടില്ലാത്ത ലൊക്കേഷന്‍ കൂടിയാണ് ഈ പ്രദേശം.

Q

കളങ്കാവലിന്‍റെ രചനാവേളയിലെ വെല്ലുവിളികള്‍?

A

ഞാനും ജിഷ്ണു ശ്രീകുമാര്‍ എന്ന സുഹൃത്തും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചില യഥാർഥ സംഭവങ്ങളെക്കുറിച്ച് ഞങ്ങളുടെ മറ്റൊരു സുഹൃത്ത്‌ പറഞ്ഞപ്പോഴാണ് ഒന്നെഴുതി നോക്കാം എന്ന ത്വര ഉണ്ടാകുന്നത്. രചനാവേളയില്‍ ആദ്യ സമയത്തു വളരെ ഈസിയായി തന്നെ മുന്നോട്ടു പോയിരുന്നു. എന്നാല്‍, അവസാന ഭാഗം കൃത്യമായി എഴുതി പൂര്‍ത്തിയാക്കാന്‍ ഒരുപാട് വെല്ലുവിളികൾ നേരിട്ടു. ഒരുപാട് ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു ക്ലൈമാക്സ് പൂര്‍ത്തിയാക്കിയത്. ബേസിക് സീന്‍ ഓർഡറുകള്‍ ആദ്യമേ തന്നെ തയാറാക്കിയ ശേഷമാണ് ഞാന്‍ പൂർണമായ തിരക്കഥ എഴുതാനിരിക്കുന്നത്. അമ്പൂരിയിലെ എന്‍റെ വീട്ടിലിരുന്നു തന്നെയാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്.

Q

തിരുവനന്തപുരം ജില്ലയിലെ അമ്പൂരി എന്ന മലയോര ഗ്രാമത്തില്‍നിന്ന് എങ്ങനെ സിനിമയിലേക്ക് എത്തിപ്പെട്ടു?

A

കോട്ടയം കുഞ്ഞച്ചന്‍ എന്ന മമ്മൂക്കയുടെ ഹിറ്റ് ചിത്രത്തിന്‍റെ ലൊക്കേഷന്‍ കൂടിയാണ് അമ്പൂരി. അമ്പൂരിയില്‍ നിന്ന് മലയാള സിനിമയിലേക്ക് അധികം പേരൊന്നും വന്നിട്ടില്ല. സിനിമയുടെ കേന്ദ്രമായ എറണാകുളത്തേക്കോ തിരുവനന്തപുരത്തേക്കോ പെട്ടെന്ന് യാത്ര ചെയ്ത് എത്തിപ്പെടാന്‍ സാധാരണയില്‍ കൂടുതല്‍ സമയമെടുക്കും എന്ന ബുദ്ധിമുട്ട് മാത്രമേ ഉണ്ടായിട്ടുള്ളൂ. ആ ബുദ്ധിമുട്ട് മുന്‍കൂട്ടി മനസിലാക്കി അതനുസരിച്ച് യാത്രകള്‍ ക്രമീകരിക്കും.

സോഷ്യല്‍ മീഡിയ സജീവമായി നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍, ഒരു പരിധിക്കപ്പുറം, എവിടെ നിന്നു വരുന്നു എന്ന ചോദ്യത്തിനു വലിയ പ്രസക്തിയൊന്നുമില്ലല്ലോ. എല്ലാവരെയും പോലെ ഞാനും സോഷ്യല്‍ മീഡിയ വഴിയാണ് പലരെയും കോണ്‍ടാക്റ്റ് ചെയ്തത്. സിനിമയ്ക്കു പുറകേ പോയി ജീവിതം വിജയിച്ചവരുടെ എണ്ണം വളരെ കുറവായതു കൊണ്ടു തന്നെ, വേണ്ടപ്പെട്ടവരുടെ ഭാഗത്ത്‌ നിന്ന് ഒരുപാട് ചോദ്യങ്ങള്‍ വന്നിരുന്നു.

തിരുവനന്തപുരം, കുറ്റിച്ചല്‍ ലൂര്‍ദ് മാതാ എൻജിനീയറിങ് കോളെജിലാണു ഞാന്‍ പഠിച്ചത്. കോളെജ് കാലത്തു തന്നെ ആരുടെയെങ്കിലും കൂടെ സംവിധാന സഹായിയായി നില്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. കോളെജില്‍ വച്ച് കണ്ട്മുട്ടിയ സുഹൃത്താണ് കളങ്കാവലിന്‍റെ സഹ രചയിതാവായ ജിഷ്ണു. ഞാനും ജിഷ്ണുവും കൂടിയാണ് കുറുപ്പിന്‍റെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെ ബന്ധപ്പെടുന്നതും, തുടര്‍ന്ന് കുറുപ്പിന്‍റെ രചയിതാക്കളില്‍ ഒരാളാവുകയും ചെയ്യുന്നത്. സമാന്തരമായി തന്നെ ഒന്നു രണ്ടു സിനിമകളില്‍ സവിധാന സഹായിയായി പ്രവര്‍ത്തിക്കുകയും ചെയ്ത ശേഷമാണ് സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com