മമ്മൂട്ടി vs ആസിഫ് അലി; സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം കാത്ത് ആരാധകർ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരം ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. പുറത്തു വരുന്ന വിവരമനുസരിച്ച് മികച്ച നടന്‍റെ പട്ടികയിൽ മമ്മൂട്ടിയും ആസിഫ് അലിയുമാണ് മുന്നിൽ. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായുള്ള പ്രകടനത്തിൽ മമ്മൂട്ടിയും കിഷ്കിന്ധാകാണ്ഡം, ലെവൽ ക്രോസ് എന്നീ ചിത്രത്തിലെ പ്രകടനത്തിന് ആസിഫ് അലിയും മികച്ച നടനായി മത്സരിക്കുകയാണ്. പ്രകാശ് രാജിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറിയാണ് പുരസ്കാര നിർണയം നടത്തുന്നത്.
ഇവർക്ക് പുറമേ കിഷ്കിന്ധാകാണ്ഡത്തിലെ പ്രകടത്തിന് വിജയ രാഘവനും എആർഎമ്മിലെ പ്രകടത്തിന് ടോവിനോയും ആവേശത്തിലെ പ്രകടനത്തിന് ഫഹദ് ഫാസിലും മികച്ച നടന്മാരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നതായാണ് വിവരം. നവാഗത സംവിധായകനുള്ള പുരസ്കാര മത്സരത്തിൽ മോഹൻലാലും രംഗത്തുണ്ട്.
36 സിനിമകളാണ് ഇക്കുറി അവസാന ഘട്ടത്തിലെത്തിയത്. ചലച്ചിത്ര മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഓൾ വി ഇമാജിൻ അസ് ലൈറ്റ്, ഫെമിനിച്ച് ഫാത്തിമ എന്നീ ചിത്രങ്ങൾ മികച്ച ചിത്രങ്ങളുടെ മത്സരത്തിൽ അവസാന ഘട്ട പോരാട്ടത്തിലാണ്. ഈ ചിത്രങ്ങളിൽ വേഷമിട്ട കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ എന്നിവർ മികച്ച നടിക്കായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. അനശ്വര രാജൻ, സുരഭി ലക്ഷ്മി, ജ്യോതിർമയി എന്നിവരും അവസാന ഘട്ടത്തിലേക്ക് എത്തിയതായി വിവരമുണ്ട്.
സൂക്ഷ്മ ദർശിനി, അജയന്‍റെ രണ്ടാം മോഷണം, കിഷ്കിന്ധാകാണ്ഡം, വർഷങ്ങൾക്ക് ശേഷം, ഭ്രമയുഗം, മാർക്കോ, ആവേശം, ഗുരുവായൂർ അമ്പല നടയിൽ എന്നീ ചിത്രങ്ങളാണ് ജനപ്രിയ സിനിമയുടെ പട്ടികയിലുള്ളത്.
