Sthanarthi Sreekuttan movie review director interview

സ്താനാർത്തി ശ്രീക്കുട്ടൻ എന്ന സിനിമയിൽ നിന്നൊരു രംഗം.

സ്താനാർത്തി ശ്രീക്കുട്ടൻ: സ്റ്റോറി സെല്ലിങ്ങിന്‍റെ കാലത്തെ സ്റ്റോറി ടെല്ലിങ്

'സ്താനാർത്തി ശ്രീക്കുട്ടൻ' എന്ന സിനിമ ഇന്ന് ആഗോളതലത്തിൽ തന്നെ ചർച്ചയായിരിക്കുന്നു. സംവിധായകൻ വിനേഷ് വിശ്വനാഥുമായി അഭിമുഖം.
Published on

വിനേഷ് വിശ്വനാഥ് | പി.ജി.എസ്. സൂരജ്

തിയെറ്ററിൽ പോയി കണ്ടവരെല്ലാം നല്ല അഭിപ്രായം പറഞ്ഞിട്ടും ദിവസങ്ങൾക്കകം മറ്റൊരു സിനിമയ്ക്കു വഴിമാറിക്കൊടുക്കേണ്ടി വന്നു. ഇന്നത്തെക്കാലത്ത് സ്റ്റോറി ടെല്ലിങ്ങിനെക്കാൾ പ്രയാസമുള്ള കാര്യമാണ് സ്റ്റോറി സെല്ലിങ്ങെന്നു പറഞ്ഞ സംവിധായകൻ റാമിന്‍റെ വാക്കുകളെ ഓർമിപ്പിക്കും വിധമൊരു സംഭവം.

2024ലാണ് തിയേറ്ററുകളിൽ 'സ്താനാർത്തി ശ്രീക്കുട്ടൻ' എത്തുന്നത്. സിനിമ റീലിസായതിന് പിന്നാലെ അധികം താമസിയാതെ തന്നെ ചില വൻകിട സിനിമകളുമെത്തി. ബി​ഗ് ബജറ്റ് സിനിമകൾക്കൊപ്പം പിടിച്ചുനിൽക്കാൻ സ്താനാർത്തി ശ്രീക്കുട്ടനായില്ല. തിയേറ്റർ വിട്ട സിനിമയ്ക്കു പിന്നെയും മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നു ഒടിടിയിലെത്താൻ. കാത്തിരിപ്പിനൊടുവിൽ സൈന പ്ലേയിലൂടെയുള്ള ആ വരവ് ചരിത്രമായി. സിനിമയ്ക്കു ലഭിച്ച സ്വീകാര്യത അതിരുകളും ഭാഷയും കടന്നു. സിനിമയുടെ രാഷ്ട്രീയവും മുന്നോട്ടു വച്ച കാഴ്ചപ്പാടും അം​ഗീകരിക്കപ്പെട്ടു. ഇതിൽപ്പരം എന്താണ് ഒരു സിനിമയ്ക്ക് ലഭിക്കേണ്ടത്! സന്തോഷിക്കുക എന്നല്ലാതെ മറ്റൊരു ഓപ്ഷൻ മുന്നിലില്ലെന്നാണ് സ്താനാർത്തി ശ്രീക്കുട്ടന്‍റെ സംവിധായകൻ വിനേഷ് വിശ്വനാഥനും പറയാനുള്ളത്. സംവിധായകന്‍റെ സന്തോഷവർത്തമാനങ്ങളിലൂടെ....

<div class="paragraphs"><p><em>വിനേഷ് വിശ്വനാഥ്, സംവിധായകൻ</em></p></div>

വിനേഷ് വിശ്വനാഥ്, സംവിധായകൻ

Q

ഇന്ത്യയിലെ പല സ്കൂളുകളിലും വലിയ മാറ്റത്തിന് തുടക്കം കുറിച്ച സിനിമയായി മാറിയിരിക്കുകയാണ് സ്തനാർത്തി ശ്രീക്കുട്ടൻ. അനവധി സ്കൂളുകളില്‍ ഇതിനോടകം വലുപ്പച്ചെറുപ്പമില്ലാതെ കുട്ടികള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന രീതിയില്‍ സിനിമയുടെ രീതി മാതൃകപരമായി നടപ്പാക്കിക്കഴിഞ്ഞു. ഇത്തരമൊരു പ്രമേയത്തിനു പിന്നിൽ ഏതെങ്കിലും അനുഭവത്തിന്‍റെ സ്വാധീനമുണ്ടോ?

A

എന്‍റെ സിനിമ പുതിയ മാറ്റങ്ങൾക്കു തുടക്കം കുറിച്ചതിൽ ഏറെ സന്തോഷമുണ്ട്. കഥാപാത്രങ്ങളുടെ പിറവി ഞങ്ങൾ നാല് എഴുത്തുകാരുടെയും അനുഭവത്തിന്‍റെ വെളിച്ചത്തിലായിരുന്നു. കഥാപാത്രങ്ങളെ അതേപടി പകർത്തുകയായിരുന്നില്ല. മറിച്ച് അവയുടെ സ്വാധീനത്താൽ എഴുതുകയായിരുന്നു. അജു വർ​ഗീസിന്‍റെ കഥാപാത്രമായ സിപിയെ പോലെയൊരു സാർ എന്നെയും പഠിപ്പിച്ചിട്ടുണ്ട്. അനുഭവങ്ങളിൽ നിന്നാണ് സിപിയുണ്ടായത്.

നമ്മളോട് ഒരു ടീച്ചർ നന്നായി പെരുമാറുന്നു എന്നു കരുതി എല്ലാവരോടും അങ്ങനെയാണെന്നു പറയാനാകില്ലല്ലോ. സംശയം ചോ​ദിക്കുമ്പോൾ പോലും അവർ പെരുമാറുന്നത് ഓരോരുത്തരോടും ഓരോ രീതിയിലാകും. അധ്യാപകരുടെ ഭാ​ഗത്ത് നിന്നുണ്ടാകുന്ന പ്രതികരണങ്ങൾ പലപ്പോഴും കുട്ടികളെ അരക്ഷിതാവസ്ഥയിലെത്തിക്കും. സിപിമാർ ഇപ്പോഴും പല സ്കൂളുകളിലുമുണ്ട്. നിയമം ശക്തമായതിനാൽ അവരുടെയൊക്കെ ഉള്ളിലെ ജാതീയത പരസ്യമല്ലെന്നു മാത്രം. പക്ഷേ, മനസിൽ വെച്ച് പെരുമാറുന്ന ഒരുപാട് പേരുണ്ടല്ലോ.

ഇവിടെ തന്നെ സിപി ജാതി പറയുന്നില്ല. അതിനെ ലിങ്ക് ചെയ്യുന്ന രീതിയിലാണ് പ്രവൃത്തികൾ. സിനിമയിലാകെ സൂചനകൾ മാത്രമാണുള്ളത്. പിന്നെ ജാതീയുടെ പേരിൽ കുട്ടികളെ അധിക്ഷേപിക്കുന്ന വാർത്ത ഇപ്പോഴും വരുന്നുണ്ട്. അധിക്ഷേപം ശീലമാക്കിയവർ പെട്ടെന്ന് തിരുത്തുമെന്ന് തോന്നുന്നുണ്ടോ?

Q

കുട്ടികൾക്കിടയിൽ, ഒരു പക്ഷേ ക്ലാസ് റൂമുകളിൽ അഡ്രസ് ചെയ്യപ്പെടാതെ നിശബ്ദമായിപ്പോയൊരു വിഷയം വിജയകരമായി ചർച്ചകളിൽ ഉൾപ്പെടുത്താൻ സിനിമയ്ക്കായല്ലോ?

A

അതേ, നമുക്കെല്ലാവർക്കും ടോക്സിക് ടീച്ചിങ്ങിനെക്കുറിച്ച് വളരെ വ്യക്തമായി അറിയാം. പക്ഷേ, ഭൂരിപക്ഷം പേരും അതിനു നേരെ കണ്ണടയ്ക്കുകയാണ്. വിവേചനം കാണിക്കുന്ന ടോക്സിക് രീതി പിന്തുടരുന്ന അധ്യാപകരെ തിരിച്ചറിഞ്ഞ് അവരെ ഒറ്റപ്പെടുത്താനും, തിരുത്തലുകൾ വരുത്തി അവർക്ക് തിരിച്ചുവരാനുമൊരവസരം നൽകാൻ സിനിമ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ വിഷയത്തിൽ ചർച്ചകൾ സജീവമാകണം. അത്തരം ചർച്ചകളിലൂടെ സിപിമാരെ തിരിച്ചറിയാനും അവരെ ശുദ്ധീകരിക്കാനും കഴിയണം.

Q

തുടക്കമെന്ന നിലയിൽ ഇത്തരമൊരു വിഷയം തെരഞ്ഞെടുക്കുമ്പോൾ കുറെ ചിന്തിച്ചിരിക്കുമല്ലോ? ഒടിടി റീലിസിനു ശേഷമുള്ള സ്വീകാര്യത പ്രതീക്ഷിച്ചിരുന്നോ?

A

പൊതുവേ കുട്ടികളെയും മൃ​ഗങ്ങളെയും വച്ച് തുടക്കത്തിൽ തന്നെ സിനിമ ചെയ്യുന്നത് ബാലികേറാമലയാണെന്നു കേട്ടിട്ടുണ്ട്. പക്ഷേ, ഞങ്ങൾക്ക് ഈ സിനിമ അത്തരത്തിലൊരു കഠിനമലയായി ഒന്നും തോന്നിയില്ല. ഒടിടി റീലിസിനു ശേഷം സിനിമ ചർച്ചയാകുമെന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷേ, രാജ്യാന്തര തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുമെന്നു കരുതിയില്ല.

Q

വർഷങ്ങളായി ക്ലാസ്റൂമുകളിൽ റൊട്ടേഷൻ പരിപാടി നിലനിൽക്കുന്നുണ്ടല്ലോ? അപ്പോൾ സ്താനാർത്തി ശ്രീക്കുട്ടൻ മെതേഡ് പൂർണമായി ഫലപ്രദമാണെന്ന് കരുതുന്നുണ്ടോ?

A

സിനിമയിൽ ശ്രീക്കുട്ടൻ മാതൃകാ ക്ലാസ് റൂം നിർമിക്കുന്ന സമയത്ത് ആ ക്ലാസിൽ റൊട്ടേഷനാണുള്ളത്. അവന്‍റെ കുഞ്ഞു മനസിൽ മുന്നിലും പുറകിലുമൊന്നും ആരും വേണ്ട. എല്ലാവരും ഒരുമിച്ചിരുന്നാൽ മതിയെന്നാണ്. സിനിമ കണ്ട ശേഷം മന്ത്രി ​ഗണേഷ് കുമാറുൾപ്പെടെയുള്ളവർ അതിലെ ആശയത്തെ അം​ഗീകരിക്കുന്നതു കാണുമ്പോൾ സന്തോഷമുണ്ട്. മറ്റു സംസ്ഥാനങ്ങൾ ഉൾപ്പെടെ അതിന്‍റെ ട്രയലുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്.

ഈ മാതൃകയാണ് ശരിയെന്നല്ല സിനിമ പറയുന്നത്. ബാക്ക് ബെഞ്ചർ, ഫ്രണ്ട് ബെഞ്ചർ എന്ന വേർതിരിവിനെക്കുറിച്ചാണ് പറയുന്നത്. മാതൃകാ ക്ലാസ് റൂം നിർമിക്കാൻ കൂടുതൽ സ്ഥലം ആവശ്യമാണ്. അപ്പോൾ എല്ലാ ക്ലാസിലും ഇത് നടപ്പാക്കാനാകണമെന്നില്ല. ഈ മാതൃക സംബന്ധിച്ച് പല ടീച്ചര്‍മാരും അവരുടെ അഭിപ്രായം പങ്കുവച്ചിരുന്നു. സെമി സർക്കിൾ ക്ലാസ് കഴുത്തുവേദനയ്ക്കു കാരണമാകുമെന്നു ചിലർ പറഞ്ഞു. ബോർഡിന്‍റെ ഭാ​ഗത്തേക്കു തന്നെ എപ്പോഴും നോക്കിയിരുന്നാലേ കഴുത്തുവേദനയുണ്ടാകൂ. ക്ലാസെടുക്കുന്ന ടീച്ചറിന്‍റെ സ്ഥാനം നടുക്കായിരുന്നാൽ ടീച്ചറിനും കുട്ടികൾക്കും പരസ്പരം കാണാനാകും. നോട്ടെഴുതുന്ന സമയത്തു മാത്രമേ അവർക്ക് ബോർഡിൽ ശ്രദ്ധിക്കേണ്ടി വരൂ. റൊട്ടേഷനും പോസിബിളാണ്.

Q

തമിഴ് സിനിമയായ കാക്ക മുട്ടൈയിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് താങ്കള്‍ പറഞ്ഞിരുന്നല്ലോ?

A

കാക്കമുട്ടൈ പക്കാ കൊമേഴ്സ്യൽ സിനിമയാണ്. അതിന്‍റെ അകക്കാമ്പ് അത്രയും ശക്തമാണ്. ഒട്ടും ലൗഡ് അല്ലാതെ തന്നെ ഒരുപാട് വിഷയങ്ങൾ ആ സിനിമ പറയുന്നുണ്ട്. അതാണ് കാക്കമുട്ടൈയിൽ നിന്ന് കിട്ടിയ പ്രചോദനം. ആ സിനിമയോട് എനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. അതുപോലൊരു സിനിമ ചെയ്യണമെന്ന ആ​ഗ്രഹം കൂടിയാണ് ഈ കഥയിലേക്ക് എത്തിച്ചത്. സിനിമയ്ക്കായി ഒരുപാട് കുട്ടികളെ ഇന്‍റർവ്യൂ ചെയ്തു. ശേഷം വിവിധ ജില്ലകളിലെ സ്‌കൂളുകളിൽ പോയി കുട്ടികളെ കണ്ടു സംസാരിച്ചു. ഈ പ്രശ്‌നം മിക്ക സ്‌കൂളുകളിലും ഉള്ളതാണെന്നു മനസിലാക്കിയ ശേഷമാണ് സിനിമയുമായി മുന്നോട്ടു പോയത്.

Q

കർക്കശക്കാരനായ അധ്യാപകന്‍റെ വേഷത്തിലേക്ക് അജു വർഗീസിനെ തെരഞ്ഞെടുത്തതിനെക്കുറിച്ച്?

A

അജു വർ​ഗീസ് നല്ലൊരു നടനാണ്. അദ്ദേഹത്തിനെപ്പോഴും തന്നെത്തന്നെ ചലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങൾ ഏറ്റെടുക്കാനിഷ്ടമാണ്. അത്തരം കഥാപാത്രങ്ങൾ അദ്ദേഹത്തിന്‍റെ കൈയിൽ സുരക്ഷിതവുമായിരിക്കും. സിനിമയിലെ സിപിയെക്കുറിച്ചു പറയുമ്പോൾ അദ്ദേഹം എക്സൈറ്റഡായിരുന്നു. കഥാപാത്രത്തെ ഇഷ്ടമുള്ള രീതിയിലേക്കു മാറ്റാൻ എനിക്ക് അനുവാദവും തന്നിരുന്നു.

Q

അതിഭാവുകത്വമില്ലാതെ ശക്തമായ ഒരു രാഷ്ട്രീയത്തെ അതിന്‍റെ സിമ്പിൾ ഫോമിൽ‍ പ്രേക്ഷകരിലേക്ക് എത്തിക്കുക അത്രയെളുപ്പമാകില്ലല്ലോ... അതിനെക്കുറിച്ച്?

A

സിനിമ വലിയ രാഷ്ട്രീയം പറയുന്നുവെന്നതിലുപരി കുട്ടികളെ വച്ച് പക്കാ കൊമേഴ്സ്യൽ പടം ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. സിനിമയെക്കുറിച്ച് ചർച്ച ചെയ്യപ്പെടുന്ന പല വിഷയങ്ങളുടെയും സൂചനകൾ മാത്രമാണ് സിനിമയിൽ കാണിക്കുന്നത്. അതു പെട്ടെന്ന് കണക്റ്റായി എന്നതിനർഥം, സമൂഹത്തിൽ ഇപ്പോഴും അത്തരം കാര്യങ്ങൾ നിലനിൽക്കുന്നുവെന്നു തന്നെയല്ലേ.... സ്കൂളുകൾ സന്ദർശിച്ചപ്പോൾ ബെഞ്ചിങ് സിസ്റ്റത്തിലെ പ്രശ്നങ്ങൾ പലയിടത്തുമുണ്ടെന്നു മനസിലായി. ഇതൊരു ഏഴാം ക്ലാസുകാരന്‍റെ ബുദ്ധിയിലുണ്ടായ കാര്യമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിന്‍റെ പ്രായോഗിക വശം സമൂഹം ചർച്ച ചെയ്യട്ടെ, മെച്ചപ്പെട്ട നിർദേശങ്ങൾ വരട്ടെ.

Q

തിരക്കഥയിലെ ബ്രില്ല്യൻസാണല്ലോ ഏതൊരു സിനിമയുടെയും അടിത്തറ. അതിനെക്കുറിച്ച്?

A

ഇവിടെ ഞാൻ അനൂപ് മേനോന്‍റെ വാക്കുകൾ കടമെടുക്കുകയാണ്. 'നല്ല തിരക്കഥ ആണേൽ ബേസിക് ഷോട്സ് വച്ച് മാത്രം ആൾക്കാരെ കാസ്റ്റ് ചെയ്ത് നല്ല സിനിമ ചെയ്യാനാകും'. ഞങ്ങൾ ഇവിടെ അതിനുമപ്പുറം വർക്ക് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. സമയമെടുത്താണ് തിരക്കഥ പോലും തയാറാക്കിയത്. അതിന്‍റെ ഫലമാണ് ഇന്ന് ഈ ലഭിക്കുന്ന സ്വീകാര്യത.

Q

സിനിമ കണ്ട് കഴിയുമ്പോ ഓരോരുത്തരിലും നിറയുന്ന സംതൃപ്തിയുടെ പുഞ്ചിരി തന്നെയല്ലേ ഈ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം?

A

തീർച്ചയായും. നന്ദി പറയാനാണെങ്കിൽ ഒരുപാട് പേരോടുണ്ട്. പ്രേക്ഷകർ നൽകുന്ന സ്നേഹം. മമ്മൂക്കയുടെ നല്ല വാക്കുകൾ. കാസ്റ്റിങ് ടീം, ക്രൂ, പല രീതിയിൽ സിനിമയുടെ ഭാഗമായവർ, വിശ്വസിച്ച് കൂടെ നിന്ന നിർമാതാക്കൾ. നിർമാതാക്കളെ ഒഴിവാക്കി ഒരു നന്ദി പറയൽ സാധ്യമല്ല.

Q

ഈ പ്രൊഡക്ടഷൻ ടീമിലേക്ക് എത്തിയതിനെക്കുറിച്ച്...?

A

ബഡ്ജറ്റ് ലാബിന്‍റെ ബാനറിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടത്തുന്നുണ്ട്. അവരുടെ ആദ്യ സീസണിലെ വിജയികൾ ഞങ്ങളായിരുന്നു. അങ്ങനയൊണ് അതിന്‍റെ സാരഥികളുമായി പരിചയമാകുന്നത്. പിന്നെ സ്താനാർത്തി ശ്രീക്കുട്ടന്‍റെ നിർമാതാക്കളെ തേടുന്ന സമയത്ത് സാരഥികളായ നിശാന്ത് പിള്ളയിലേക്കും മുഹമ്മദ് റാഫിയിലേക്കും എത്തിപ്പെടുകയായിരുന്നു. അവരുടെ പൂർണ പിന്തുണ ഞങ്ങൾക്ക് ധൈര്യമായി.

Q

സിനിമയിലേക്ക് എത്തിച്ച കുഞ്ഞു കുഞ്ഞു വാശികളെക്കുറിച്ച്...?

A

കുഞ്ഞു കുഞ്ഞു വാശികളെക്കുറിച്ചു പറയാനാണെങ്കിൽ ഒരുപാടുണ്ട്. അതൊക്കെ വ്യക്തിപരമാണ്. അതു കടന്ന് മുന്നോട്ട് പോകണമെന്നു വിചാരിക്കുന്നയാളാണു ഞാൻ. സാധാരണ സിനിമ ബാക്ക്ഗ്രൗണ്ട് ഇല്ലാത്ത ഒരു നാട്ടിൽ നിന്ന് വരുമ്പോൾ നേരിടേണ്ടി വരുന്ന കുറച്ച് കടമ്പകളുണ്ട്. സിനിമ കൈയെത്തിപ്പിടിക്കാനാകുന്ന ദൂരത്തിലല്ലെന്ന് എല്ലാവരും പറയും. എന്‍റെ വീട്ടിലുൾപ്പെടെ അത്തരം സംസാരങ്ങളുടെ സ്വാധീനത്തിൽ സിനിമ സുരക്ഷിതമാണോ എന്ന ആശങ്ക ഉയർന്നിരുന്നു. അതെല്ലാം ഈ സിനിമയോടെ മാറി വരുന്നു എന്നതിൽ സന്തോഷമുണ്ട്. പിന്നെ എന്തെങ്കിലുമൊക്കെ മനസിൽ വച്ച് മറുപടി കൊടുക്കണമെന്നു കരുതി ഒന്നും ചെയ്തിട്ടില്ല. ഞാൻ എന്നെത്തന്നെയാണ് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com