'സമ്മര്‍ ഇന്‍ ബത്‌ലഹേ'മിൻ്റെ 25 വർഷം: ഓഡിയോ ലോഞ്ച്

ലയാളത്തിൽ ആദ്യമായി ഒരു ചിത്രത്തിലെ മുഴുവൻ താരങ്ങളും അണിയറ പ്രവർത്തകരും ഒത്തുചേർന്ന ഓഡിയോ ലോഞ്ചിന് നേതൃത്വം നൽകിയത് പ്രശസ്ത നിർമ്മാതാവ് എം.രഞ്ജിത്ത് ആണ്

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമകളിൽ ഒന്നാണ് 1998ല്‍ പുറത്തിറങ്ങിയ 'സമ്മര്‍ ഇന്‍ ബത്‌ലഹേം'. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. മലയാളത്തിലെ മികച്ച അതിഥി വേഷങ്ങളിലൊന്നായിരുന്നു ചിത്രത്തിൽ മോഹൻലാലിന്‍റേത്.

കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച് രഞ്ജിത്തിന്‍റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമ ഇറങ്ങി കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് പരിപാടിയുടെ പ്രസക്തഭാഗങ്ങൾ പുറത്തിറക്കിയിരിക്കുയാണ്.

കോക്കേഴ്സിൻ്റെ തന്നെ യൂട്യൂബ് ചാനലായ 'കോക്കേഴ്സ് എൻ്റർടെയിൻമെൻ്റ്സി'ലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മലയാളത്തിൽ ആദ്യമായി ഒരു ചിത്രത്തിലെ മുഴുവൻ താരങ്ങളും അണിയറ പ്രവർത്തകരും ഒത്തുചേർന്ന ഓഡിയോ ലോഞ്ചിന് നേതൃത്വം നൽകിയത് പ്രശസ്ത നിർമ്മാതാവ് എം.രഞ്ജിത്ത് ആണ്. ഗിരീഷ് പുത്തഞ്ചേരി, കലാഭവൻ മണി, കൊച്ചിൻ ഹനീഫ, സുകുമാരി, അഗസ്റ്റിൻ, വി.ഡി രാജപ്പൻ തുടങ്ങി അന്തരിച്ച നിരവധി താരങ്ങളും പങ്കെടുത്ത പരിപാടിയുടെ വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്.

ചിത്രം പുറത്തിറങ്ങി കാൽ നൂറ്റാണ്ട് പൂർത്തിയാകുന്ന വേളയിൽ ഈ ചിത്രത്തിന്‍റെ രണ്ടാം ഭാ​ഗം ഒരുക്കുന്നുവെന്ന വാർത്ത നിർമ്മാതാവ് സിയാദ് കോക്കർ അറിയിച്ചിരുന്നു. അതേസമയം കോക്കേഴ്‌സ് മീഡിയ എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ നിർമ്മിച്ച് ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "മാരിവില്ലിൻ ഗോപുരങ്ങൾ" അണിയറയിൽ ഒരുങ്ങുകയാണ്. 'സമ്മർ ഇൻ ബത്ലഹേ'മിലെ തന്നെ ഏറെ ജനശ്രദ്ധ നേടിയ 'മാരിവില്ലിൻ ഗോപുരങ്ങൾ...' എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ വരികൾ തന്നെയാണ് പുതിയ ചിത്രത്തിൻ്റെ പേരായി ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ദേയമാണ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com