എന്നാലും ആ പൂച്ചയെ അയച്ചത് ആരായിരിക്കും? 27 വർഷങ്ങൾക്ക് ശേഷം 'സമ്മര്‍ ഇന്‍ ബത്‌ലഹേം' വീണ്ടും തിയേറ്ററുകളിലേക്ക്

ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു...
summer in bethlehem re release

എന്നാലും ആ പൂച്ചയെ അയച്ചത് ആരായിരിക്കും? 27 വർഷങ്ങൾക്ക് ശേഷം 'സമ്മര്‍ ഇന്‍ ബത്‌ലഹേം' വീണ്ടും തിയേറ്ററുകളിലേക്ക്

Updated on

ഒരിക്കൽ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടന്ന ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. കാലത്തിന്‍റെ മഞ്ഞിൽ മങ്ങിയ ആ ഓർമകളെ വീണ്ടും ജീവിപ്പിക്കാൻ, "സമ്മർ ഇൻ ബത്‌ലഹേം" പുതിയ തലമുറയ്ക്കായി അതിന്‍റെ മായാജാലം പുനർസൃഷ്ടിക്കുന്നു.

1998ൽ പുറത്തിറങ്ങിയ ഈ ചിത്രം മലയാള സിനിമയുടെ ഇമോഷണൽ എവർഗ്രീൻ ക്ളാസിക്കാണ്. സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലെ ചിത്രം ഗംഭീരമായ റീ റിലീസിന് തയ്യാറെടുത്തത്തിന്‍റെ ഔദ്യോഗിക പോസ്റ്റർ പുറത്തുവന്നു. രഞ്ജിത്തിന്‍റെ തിരക്കഥയില്‍ സിയാദ് കോക്കർ നിർമ്മിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. കേരളത്തിൽ ക്ലാസിക് ചിത്രങ്ങളുടെ റീ റിലീസുകൾ പ്രേക്ഷക ആവേശം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ, സമ്മർ ഇൻ ബത്‌ലഹേം അതിന്‍റെ ശക്തമായ റിപ്പീറ്റ് വാല്യു കൊണ്ടും, സംഗീതവും, ദൃശ്യഭംഗിയും, കഥാപാത്രങ്ങളുടെ മാനസിക ആഴവും കൊണ്ട് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുന്നു. 4K ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കപ്പെടുമ്പോൾ,

''ബെത്ലഹേമിലെ പ്രിയപ്പെട്ടവരേ ഒരിക്കൽകൂടി കാണാനുള്ള യാത്രയാണ് ഈ റീ റിലീസ് — അവരെ കണ്ടിട്ടില്ലാത്ത പുതിയ തലമുറയെയും കൂടെ കൂട്ടണം. ചില മാജിക് വെറുതെ സംഭവിക്കുന്നതല്ല; ഇതിഹാസങ്ങൾ ഒരുമിക്കുമ്പോഴാണ് അത് ഉണ്ടാകുന്നത്...'' എന്ന് നിർമാതാവ് സിയാദ് കോക്കർ പറയുന്നു.

കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്‍റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിൽ റീമാസ്റ്റേർ ചെയ്യുന്നത്. ചിത്രത്തിന്‍റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ എൽ. ഭൂമിനാഥൻ ആണ്. വിദ്യാസാഗറിന്‍റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്ന ഈ ചിത്രം വീണ്ടും ആ സ്വരങ്ങളിൽ ജീവിതം വീണ്ടെടുക്കുകയാണ്. കെ.ജെ. യേശുദാസ്, കെ.എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ. ശബ്ദ, ദൃശ്യ വിന്യാസത്തിനും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ റിലീസ് സമയത്ത് ഏറെ ജനപ്രീതി നേടിയ ചിത്രത്തെ അതിന്‍റെ രണ്ടാം വരവില്‍ പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

പ്രൊഡക്ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കലാസംവിധാനം: ബോബൻ, കോസ്റ്റ്യൂംസ്: സതീശൻ എസ്.ബി, മേക്കപ്പ്: സി.വി. സുദേവൻ, കൊറിയോഗ്രാഫി: കല, ബൃന്ദ, അറ്റ്മോസ് മിക്സ്‌:ഹരിനാരായണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, ഡിസ്ട്രിബ്യൂഷൻ: കോക്കേഴ്സ് മീഡിയ എന്‍റർടൈൻമെന്‍റ്സ്, പ്രോജക്ട് മാനേജ്മെന്‍റ്: ജിബിൻ ജോയ് വാഴപ്പിള്ളി,സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാർക്കറ്റിംഗ്: ഹൈപ്പ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: എം.കെ മോഹനൻ (മോമി), പബ്ലിസിറ്റി ഡിസൈൻസ്: അർജുൻ മുരളി, സൂരജ് സൂരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com