സുപ്രിയ സുലെയുടെ മകളുടെ വിവാഹം; പങ്കെടുത്ത് രാഷ്ട്രീയ-സിനിമ രംഗത്തെ പ്രമുഖര്‍

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം രാഷ്ട്രീയ-സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്
Karnataka Chief Minister D.K. Shivakumar at the wedding ceremony of Supriya Sule's daughter Revathi Sule

സുപ്രിയ സുലെയുടെ മകള്‍ രേവതി സുലെയുടെ വിവാഹ ചടങ്ങില്‍ കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍

Updated on

മുംബൈ: രാഷ്ട്രീയനേതാക്കളുടെയും ബോളിവുഡ് സെലിബ്രിറ്റികളുടെയും സാന്നിധ്യത്താല്‍ ശ്രദ്ധയാകര്‍ഷിച്ച് എന്‍സിപി (എസ്പി) എംപി സുപ്രിയ സുലെയുടെ മകള്‍ രേവതി സുലെയുടെ വിവാഹം. ജൂണ്‍ 20ന് മുംബൈയില്‍ വെച്ചാണ് നാഗ്പൂരിലെ ബിസിനസുകാരനായ സാംരഗ് ലഖനീയുമായി രേവതിയുടെ വിവാഹം നടന്നത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം രാഷ്ട്രീയ-സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ വിവാഹ ചടങ്ങിനെത്തി. വിവാഹത്തിന്റെ തലേന്നു നടന്ന സംഗീത് ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പങ്കെടുത്തിരുന്നു. ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും വിവാഹ ചടങ്ങിനെത്തി.

ബോളിവുഡില്‍നിന്നുള്ള സെലിബ്രിറ്റികളും വിവാഹ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, ജാക്കി ഷെറോഫ്, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജലസംരക്ഷണം, മലിനജല സംസ്‌കരണം, റോഡ് നിര്‍മാണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിഷ് വരാജ് ഗ്രൂപ്പിന്റെ ഉടമസ്ഥന്‍ അരുണ്‍ ലഖനീയുടെ മകനാണ് സാരംഗ് ലഖനീ. നാഗ്പുര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ സാരംഗ് ബെംഗളൂരു ഐഐഎമ്മില്‍നിന്ന് മാനേജ്‌മെന്റ് സ്റ്റഡീസും പൂര്‍ത്തിയാക്കി. കൂടാതെ ന്യൂയോര്‍ക്കിലെ കൊളംബിയ ബിസിനസ് സ്‌കൂളില്‍നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്.

കരിയറിന്റെ തുടക്കത്തില്‍ ന്യൂഡല്‍ഹിയില്‍ നീതി ആയോഗില്‍ പ്രവര്‍ത്തിച്ചിരുന്ന സാരംഗ് പിന്നീട് കുടുംബ ബിസിനസില്‍ ചേരുകയായിരുന്നു. 2017ല്‍ ലീഡ് പ്രൊജക്റ്റ് കോഓര്‍ഡിനേറ്ററായി ചേര്‍ന്ന സാരഗിന് 2018ല്‍ വൈസ് പ്രസിഡന്റായി (ഓപ്പറേഷന്‍സ് വിഭാഗം) സ്ഥാനക്കയറ്റം ലഭിച്ചു. 2020 മുതല്‍ കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്റ്ററായി പ്രവര്‍ത്തിച്ചുവരികയാണ് സാരംഗ്. കായികതാരം കൂടിയായ സാരംഗ് ബാന്റ്മിന്റണില്‍ നിരവധി ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com