വർഷത്തിൽ ഒരു സിനിമ; സുരേഷ് ഗോപിക്ക് സർക്കാർ നിയന്ത്രണം | Video

ഒറ്റക്കൊമ്പൻ സിനിമക്കായി താടി വളർത്തിയ സുരേഷ് ഗോപി താടി വടിച്ച് വിന്‍റേജ് ലുക്കിൽ വന്നതോടെ സിനിമ ഇനിയും നീളുമെന്ന സൂചനയാണ് നൽകുന്നത്

ബാലചന്ദ്രൻ ചീറോത്ത്

തൃശൂര്‍: സുരേഷ് ഗോപിക്കു മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബിജെപി കേന്ദ്ര നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നിര്‍ദേശിച്ചതോടെ മണ്ഡലത്തില്‍ കൂടുതല്‍ സജീവമാകാന്‍ സുരേഷ് ഗോപി. സിനിമാ അഭിനയത്തിന് താത്കാലിക ഇടവേള പ്രഖ്യാപിച്ച് മന്ത്രിയെന്ന നിലയിലും എംപി എന്ന നിലയിലുമുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാനാണ് കേന്ദ്ര നിര്‍ദേശം.

നിരന്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുന്നു എന്ന പരാതിയും കേന്ദ്ര നേതൃത്വം പരിഗണിച്ചിട്ടുണ്ട്. പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതടക്കമുള്ള വിഷയങ്ങളില്‍ നടത്തിയ പ്രതികരണങ്ങള്‍ പൊതുസമൂഹത്തില്‍ വിരുദ്ധാഭിപ്രായത്തിന് കാരണമായി. ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ആംബുലന്‍സില്‍ വന്നിറങ്ങുന്ന സുരേഷ് ഗോപിയുടെ ദൃശ്യം എല്ലാവരും കണ്ടതാണ്. എന്നിട്ടും, താന്‍ ആംബുലന്‍സില്‍ വന്നതായി കണ്ടത് മായക്കാഴ്ചയാണ് എന്ന സുരേഷ് ഗോപിയുടെ പ്രസംഗം എതിരാളികള്‍ വലിയ തോതില്‍ പ്രചരിപ്പിച്ചു. പാര്‍ട്ടി നേതൃത്വത്തിന് ഇതിനെ ന്യായീകരിക്കാന്‍ സാധിക്കാതെയുമായി. ഇതടക്കം നിരന്തരം അദ്ദേഹം ഉയര്‍ത്തുന്ന വിവാദങ്ങള്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിന് വലിയ തലവേദനയാണുണ്ടാക്കുന്നത്.

മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്‍റെ പെരുമാറ്റരീതി തിരുത്തണമെന്ന നിര്‍ദ്ദേശവും പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. സിനിമാ സ്റ്റൈലില്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും പെരുമാറ്റരീതികളും പൊതുവായ രാഷ്‌ട്രീയ പ്രവര്‍ത്തന രീതിക്ക് നിരക്കാത്തതാണെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്.

എന്നാല്‍, ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് പറയാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിക്കുന്നില്ല.

സംസ്ഥാന നേതൃത്വത്തിനു മുകളില്‍ കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവ് എന്ന നിലയില്‍ സുരേഷ് ഗോപി പലപ്പോഴും പ്രാദേശിക പാര്‍ട്ടി നേതൃത്വത്തെ മുഖവിലയ്‌ക്കെടുക്കാറില്ല എന്നാണ് ബിജെപിയിലെ ഒരു വിഭാഗം പറയുന്നത്. ഇത്തരം സമീപനങ്ങള്‍ക്ക് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന പുതിയ നിര്‍ദേശങ്ങള്‍ തടയിട്ടേക്കും.

കേന്ദ്ര മന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അധികസമയം അദ്ദേഹം മാറ്റിവയ്ക്കുന്നില്ല എന്നതാണ് മറ്റൊരു പരാതി. ഇതിലും ഇനി മാറ്റമുണ്ടാകും. ആഴ്ചയില്‍ നാല് ദിവസമെങ്കിലും മന്ത്രിയുടെ ഓഫീസില്‍ വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം.

മന്ത്രിയെന്ന നിലയില്‍ കൂടുതല്‍ സമയം സുരേഷ് ഗോപി പ്രവര്‍ത്തിക്കുന്നതോടെ കോടികള്‍ മുടക്കിയ പല സിനിമകളുടെയും ഭാവി അനിശ്ചിതത്വത്തിലായി. പാതിവഴിയില്‍ ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയിലാണ് പല നിര്‍മാതാക്കളും. മന്ത്രിയായി ചുമതല എറ്റപ്പോള്‍ താന്‍ അഭിനയം നിര്‍ത്തില്ലെന്നും തന്‍റെ ജീവിത മാര്‍ഗമാണ് അതെന്നുമാണ് അദ്ദേഹം പറഞ്ഞത്. അഭിനയം തുടരാന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി നേതൃത്വവും അനുവാദം തരുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചിരുന്നു.

എന്നാല്‍, കേരളത്തില്‍ നിന്നുള്ള പാര്‍ട്ടിയുടെ ആദ്യ ലോക്‌സഭാംഗമെന്ന നിലയില്‍ പാര്‍ട്ടിക്കു വേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ സുരേഷ് ഗോപി തയ്യാറാകണമെന്നാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം പറയുന്നത്. ബിജെപിക്ക് എക്കാലും അപ്രാപ്യമായിരുന്ന കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചതിലൂടെയുണ്ടായ മേല്‍ക്കൈ കളഞ്ഞുകുളിക്കരുതെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. കേന്ദ്ര സര്‍ക്കാരിന്‍റെ കേരളത്തിലെ മുഖമാണ് സുരേഷ് ഗോപി. അതിനാല്‍ തത്ക്കാലം അഭിനയമോഹം മാറ്റിവച്ച് മുഴുവന്‍ സമയ രാഷ്‌ട്രീയ നേതാവാകാനാണ് അദ്ദേഹത്തിനുള്ള നിര്‍ദേശം.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com