'ചൂണ്ടലാണ് ചൂണ്ടലാണ് നിൻ്റെ കണ്ണേറ്', സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം പുറത്ത്| Video

അലോഷി ആഡംസ് ആണ് പാടിയിരിക്കുന്നത്

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്ന ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. 'ചൂണ്ടലാണ്' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വൈശാഖ് സുഗുണന്‍ ആണ്. ഡോണ്‍ വിന്‍സെന്റ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

അലോഷി ആഡംസ് ആണ് പാടിയിരിക്കുന്നത്. ആന്‍ട്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, കനകം കാമിനി കലഹം, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ ഉണ്ടായിരുന്ന കഥാപാത്രമാണ് രാജേഷ് മാധവന്‍ അവതരിപ്പിച്ച ഓട്ടോ ഡ്രൈവര്‍ സുരേശന്‍. അതേ സുരേശനെയും സുരേശൻ്റെ കാമുകിയായ സുമലതയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന സ്പിന്‍ ഓഫ് ചിത്രമാണ് സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. മലബാര്‍ പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രം കോമഡിക്ക് പ്രാധാന്യമുള്ള ഒന്നാണ്. നാടകവേദിയോടുള്ള മലബാറിൻ്റെ താല്‍പര്യത്തിനുള്ള ട്രിബ്യൂട്ട് കൂടിയാവുന്നുണ്ട് ചിത്രം.

logo
Metro Vaartha
www.metrovaartha.com