

രാമായണം ചിത്രത്തിൽ ശ്രീരാമനായി എത്തുന്ന രൺബീർ കപൂർ
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ 'രാമായണം' റിലീസിന് മുമ്പുതന്നെ മറ്റൊരു വമ്പൻ റെക്കോർഡ് സ്വന്തമാക്കി. ചിത്രത്തിന്‍റെ രണ്ട് ഭാഗങ്ങളുടെയും ആഗോള സംഗീതാവകാശം ടി-സീരീസ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ഇതിനായി നിർമാതാക്കൾക്ക് 75 കോടി രൂപ അഡ്വാൻസായി നൽകുന്ന കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സംഗീതാവകാശ കരാറുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഓസ്കർ ജേതാക്കളായ സംഗീതസംവിധായകരായ എ.ആർ. റഹ്മാനും ഹാൻസ് സിമ്മർയും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഈ കൂട്ടുകെട്ടാണ് സംഗീതാവകാശത്തിന് റെക്കോർഡ് തുക ലഭിക്കാൻ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആദ്യഘട്ടത്തിൽ സംഗീതാവകാശത്തിനായി ഏകദേശം 100 കോടി രൂപ പ്രതീക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഒടുവിൽ 75 കോടി രൂപയുടെ കരാറിലാണ് ധാരണയായത്. ഈ കരാർ ചിത്രത്തിന്‍റെ റിലീസിന് മുമ്പുള്ള വരുമാനത്തിൽ വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.
നമിത് മൽഹോത്രയുടെ നിർമാണത്തിൽ ഒരുങ്ങുന്ന 'രാമായണം' രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകരിലെത്തുക. ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായി എത്തുമ്പോൾ സായി പല്ലവി സീതയുടെ വേഷവും യഷ് രാവണന്‍റെ കഥാപാത്രവും അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ട്രെയിലർ ജൂലൈ 30ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അതിന് തൊട്ടുമുമ്പ് സംഗീതാവകാശ കരാർ പ്രഖ്യാപിച്ചതോടെ ചിത്രത്തിന്‍റെ വ്യാപാര മൂല്യം കൂടുതൽ ഉയർന്നിരിക്കുകയാണ്.