
തമിഴ് സിനിമാതാരവും തിയെറ്റർ ആർട്ടിസ്റ്റുമായ മയിൽസാമി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നു പുലർച്ചെയാണ് അന്ത്യം. 57 വയസായിരുന്നു. നിരവധി സിനിമകളിൽ ഹാസ്യപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മയിൽസാമിക്ക് മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സർക്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
കെ. ഭാഗ്യരാജിനൊപ്പം ധവനി കനവുകൾ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. ധൂൾ, വസീഗര, ഗില്ലി, വീരം തുടങ്ങിയവയാണു പ്രധാന ചിത്രങ്ങൾ. തിയെറ്റർ ആർട്ടിസ്റ്റും ടെലിവിഷൻ അവതാരകനുമായിരുന്നു. നെഞ്ചുക്ക് നീതി, ദ ലെജന്‍റ് തുടങ്ങിയ ചിത്രങ്ങളിലാണ് അടുത്തിടെ അഭിനയിച്ചത്. മയിൽസാമിയുടെ മരണത്തിൽ കമൽഹാസൻ, ശരത്കുമാർ അടക്കമുള്ളവർ അനുശോചിച്ചു.