

കാറിൽ നിന്ന് ചവിട്ടി പുറത്തിട്ടു, മത്സരാർഥിക്ക് പാനിക് അറ്റാക്ക്; ബിഗ് ബോസിൽ 2 പേർക്ക് റെഡ് കാർഡ്
ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. വിവിധ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണിത്. ബിഗ്ബോസിന്‍റെ ഒൻപതാം സീസണാണ് തമിഴിൽ ഇപ്പോൾ നടക്കുന്നത്.
ഷോ നിലവിൽ 89 ദിവസങ്ങൾ പിന്നിടുകഴിഞ്ഞു. ടിക്കറ്റ് ടു ഫിനാലെയാണ് നടക്കുന്നത്. ടിക്കറ്റ് ടു ഫിനാലെയുടെ അവസാനത്തെ കാർ ടാസ്കിലെ പെർഫോമൻസിന് രണ്ട് മത്സരാർഥികൾക്ക് ഒരുമിച്ച് റെഡ് കാർഡ് നൽകിയിരിക്കുകയാണ് അവതാരകനായ വിജയ് സേതുപതി. ബിഗ് ബോസ് ചരിത്രത്തിൽ ഇതാദ്യമായാണ് രണ്ടുപേർക്ക് ഒരുമിച്ച് റെഡ് കാർഡ് നൽകുന്നത്.
ടാസ്ക് തുടങ്ങിയപ്പോൾ മുതൽ തർക്കങ്ങൾ ഉണ്ടായി. കമറുദ്ദീനും പാർവതിയുമാണ് പ്രധാന പ്രശ്നക്കാരായിരുന്നത്. ഒരു ഘട്ടത്തിൽ പാർവതി സൈഡിൽ ഇരുന്ന സാന്ദ്രയെ പ്രകോപിപ്പിച്ച് പുറത്താക്കാൻ നോക്കി. ഇത് നടക്കാതെ വന്നപ്പോൾ സാന്ദ്രയെ പാർവതി ചവിട്ടി പുറത്തേക്കിടുകയായിരുന്നു. കമറുദ്ദീനും സപ്പോർട്ട് ചെയ്തു.
ഇത് വലിയ തർക്കത്തിലും വിവാദത്തിനും കാരണമായി. ഷോയ്ക്ക് അകത്തും പുറത്തും പാർവതിക്കും കമറുദ്ദീനും എതിരേ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. ഇതിനിടയിൽ സാന്ദ്രയ്ക്ക് പാനിക്ക് അറ്റാക്കും വന്നു. ഇതോടെ ഇരുവരെയും പുറത്താക്കണമെന്ന ആവശ്യം ശക്തമായി.
തുടർന്നാണ് വിജയ് എത്തിയ അടുത്ത എപ്പിസോഡിൽ ഇരുവർക്കും റെഡ് കാർഡ് നൽകിയത്. താരത്തിന്‍റെ പ്രഖ്യാപനം എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് പ്രേക്ഷകർ ഏറ്റെടുത്തത്. സാന്ദ്രയോട് മാപ്പു പറഞ്ഞ ശേഷമാണ് ഇരുവരും ഷോയിൽ നിന്ന് പുറത്തേക്ക് പോയത്.