തമിഴ് ചലച്ചിത്ര പുരസ്കാരം തൂക്കി മലയാളി താരങ്ങൾ; മികച്ച നടിമാരിൽ ഏഴിൽ 5 ഉം മലയാളികൾ
ചെന്നൈ: തമിഴ് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2016 മുതൽ 2022 വരെയുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. പുരസ്കാരങ്ങളിൽ മലയാളികളുടെ സ്ഥാനം പ്രധാനമായി. മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് 5 മലയാള നടിമാരാണ്. മറ്റ് വിഭാഗങ്ങളിലും മലയാളി സാന്നിധ്യം കാണാം.
2016ൽ പുറത്തിറങ്ങിയ പാമ്പു സട്ടൈയിലെ പ്രകടനത്തിലൂടെ മലയാളി താരം കീർത്തി സുരേഷ് മികച്ച നടിയായി. 2017 ൽ അരം ചിത്രത്തിലെ അഭിനയത്തിന് നയൻതാരയും 2018 ൽ ചെക്ക ചിവന്ത വാനം സിനിമയിലെ പ്രകടനത്തിന് ജ്യോതികയും മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടു.
2019 ൽ വെട്രിമാരൻ സംവിധാനം ചെയ്ത 'അസുരൻ' എന്ന ചിത്രത്തിലൂടെ മഞ്ജു വാരിയർ മികച്ച നടിയായി. 2020 ൽ സൂരറൈ പോട്ര് സിനിമയിലെ അഭിനയത്തിന് അപർണാ ബാലമുരളി, 2021 ൽ ജയ് ഭീമിയിലെ അഭിനയത്തിന് ലിജോ മോൾ എന്നിവരും മികച്ച നടിമാരായി. 2022 ൽ ഗാർഗിയിലെ പ്രകടനത്തിന് സായ് പല്ലവിയാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.
മികച്ച ഹാസ്യ താരമായി ഉർവശിയും മികച്ച പ്രതിനായകനായി റഹ്മാനും തെരഞ്ഞെടുക്കപ്പെട്ടു. മാനഗരം (2016), അരം (2017), പരിയേറും പെരുമാൾ (2018), അസുരൻ (2019) കൂഴങ്കൽ (2020), ജയ്ഭീം (2021), കാർക്കി(2022) എന്നിവയാണ് മികച്ച ചിത്രങ്ങൾ. വിജയ് സേതുപതി, കാർത്തി, ധനുഷ്, പാർഥിപൻ, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവർ മികച്ച നടന്മാരായി. ഫെബ്രുവരി 13 -ന് ചെന്നൈയിലെ കലൈവാണർ അരങ്ങിൽ നടക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പുരസ്കാരങ്ങൾ സമ്മാനിക്കും.
