മാധവനും കങ്കണയും ഇല്ലാതെ ‘തനു വെഡ്സ് മനു 3’ സാധ്യമല്ലെന്ന് ആനന്ദ് എൽ. റായ്

മൂന്നാം ഭാഗം പുതിയ താരങ്ങളെ അണിനിരത്തി ഒരുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംവിധായകന്‍റെ പ്രതികരണം
Tanu Weds Manu

തനു വെഡ്സ് മനു

Updated on: 

മാധവനും കങ്കണ റണാവത്തും ഇല്ലാതെ ‘തനു വെഡ്സ് മനു’ പരമ്പരയിലെ മൂന്നാം ഭാഗം സാധ്യമല്ലെന്ന് സംവിധായകൻ ആനന്ദ് എൽ. റായ്. മൂന്നാം ഭാഗം പുതിയ താരങ്ങളെ അണിനിരത്തി ഒരുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംവിധായകന്‍റെ പ്രതികരണം.

2011ലും 2015ലും പുറത്തിറങ്ങിയ ‘തനു വെഡ്സ് മനു’വിന്‍റെ ആദ്യ രണ്ട് ഭാഗങ്ങളും സംവിധാനം ചെയ്തത് ആനന്ദ് എൽ. റായ് ആയിരുന്നു. രണ്ട് ചിത്രങ്ങളും വാണിജ്യവിജയം നേടിയിരുന്നു.

“മാധവനില്ലാതെ ‘തനു വെഡ്സ് മനു’ സാധ്യമല്ല. അതിനാൽ മൂന്നാം ഭാഗമായാലും നാലാം ഭാഗമായാലും അഞ്ചാം ഭാഗമായാലും മാധവനും കങ്കണയും അതിലുണ്ടാകും”- വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ റായ് പറഞ്ഞു. മാതാപിതാക്കൾ കണ്ടെത്തുന്ന പെൺകുട്ടിയുമായി വിവാഹം കഴിക്കാൻ എത്തുന്ന വിദേശ ഇന്ത്യക്കാരനും മറ്റൊരാളെ സ്നേഹിക്കുന്ന യുവതിയും തമ്മിലുള്ള ബന്ധമായിരുന്നു ആദ്യ ചിത്രത്തിന്‍റെ പ്രമേയം.

‘തനു വെഡ്സ് മനു’, ‘രാഞ്ജണ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമയിൽ ചെറുപട്ടണങ്ങളിലെ സാധാരണക്കാരുടെ ജീവിതം അവതരിപ്പിച്ച സംവിധായകനാണ് റായ്. സിനിമാ വ്യവസായത്തിൽ വൻബജറ്റ് ചിത്രങ്ങളോടുള്ള താൽപര്യം വർധിക്കുന്നുണ്ടെന്ന് തനിക്ക് അറിയാമെങ്കിലും കഥയ്ക്കാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ ബജറ്റ് 10 കോടി രൂപയോ 500 കോടി രൂപയോ ആകാം. ചിത്രീകരണത്തിലേക്ക് കടക്കുമ്പോൾ ആ കഥ തന്നെ എത്രത്തോളം ആവേശം കൊള്ളിക്കുന്നു എന്നതാണ് നോക്കുന്നത്. ആദ്യം പ്രേക്ഷകനാകുന്നത് താനാണ്. തനിക്ക് കഥ ഇഷ്ടപ്പെടണമെന്നും റായ് വ്യക്തമാക്കി.

പുതുമുഖങ്ങളായ അൻഷ് ദുഗ്ഗലും പ്രഗതി ശ്രീവാസ്തവയും അഭിനയിക്കുന്ന ‘നഖ്രേവാലി’യാണ് റായ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രം. രാഹുൽ ശങ്കല്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്റ്റോബർ 30ന് ചിത്രം തിയെറ്ററുകളിലെത്തും.

logo
Metro Vaartha
www.metrovaartha.com