'അവനൊക്കെ പാട്ടെഴുതാൻ പറ്റുമോ': ആ ചോദ്യം നേരിട്ടയാളുടെ കൈയിലിപ്പോൾ ഓസ്കർ പുരസ്കാരമുണ്ട്

ഇന്ന് ഓസ്കർ വേദിയെ ആവേശം കൊള്ളിച്ച, പുരസ്കാരത്തിന്‍റെ നെറുകയിലേറിയ ഗാനത്തിന്‍റെ രചയിതാവ്. കീരവാണിക്കൊപ്പം അക്കാഡമി അവാർഡിന്‍റെ വേദിയിലെത്തി, ഒരു നമസ്തേ മാത്രം പറഞ്ഞ് നിശബ്ദം മടങ്ങിയ ഗാനരചയിതാവ്.
'അവനൊക്കെ പാട്ടെഴുതാൻ പറ്റുമോ': ആ ചോദ്യം നേരിട്ടയാളുടെ കൈയിലിപ്പോൾ ഓസ്കർ പുരസ്കാരമുണ്ട്
Updated on

അവനൊക്കെ പാട്ടെഴുതാൻ പറ്റുമോ എന്നൊരു ചോദ്യം മുഴങ്ങിക്കേട്ടിരുന്ന കാലമുണ്ടായിരുന്നു നാട്ടു നാട്ടു ഗാനത്തിന്‍റെ രചയിതാവ് ചന്ദ്രബോസിന്. ഇന്ന് ഓസ്കർ വേദിയെ ആവേശം കൊള്ളിച്ച, പുരസ്കാരത്തിന്‍റെ നെറുകയിലേറിയ ഗാനത്തിന്‍റെ രചയിതാവ്. കീരവാണിക്കൊപ്പം അക്കാഡമി അവാർഡിന്‍റെ വേദിയിലെത്തി, ഒരു നമസ്തേ മാത്രം പറഞ്ഞ് നിശബ്ദം മടങ്ങിയ ഗാനരചയിതാവ്. നാട്ടു നാട്ടു ഗാനത്തിന്‍റെ എഴുത്തുകാരൻ ചന്ദ്രബോസിന്‍റെ ഗാനരചനാജീവിതം, ആഗോള സിനിമാപുരസ്കാര വേദി വരെ എത്തി നിൽക്കുമ്പോൾ അതൊരു മധുരപ്രതികാരം കൂടിയാണ്.

സ്വന്തം ഗാനരചനാ ജീവിതത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കുന്നു ചന്ദ്രബോസ്. അവനു പാട്ടെഴുതാൻ പറ്റുമോ എന്ന് ആളുകൾ ചോദിച്ചിരുന്ന സമയമുണ്ടായിരുന്നു. അതിൽ നിന്നും, അവനും പാട്ടെഴുതാൻ പറ്റുമെന്നൊരു പ്രമോഷൻ കിട്ടി. കുറച്ചുകാലം കഴിഞ്ഞപ്പോൾ, ഇത്തരം പാട്ടുകൾ അവനു മാത്രമേ എഴുതാൻ കഴിയൂ എന്നൊരു വിശേഷണവും കാലം അദ്ദേഹത്തിനൊപ്പം ചേർത്തു നിർത്തി.

ഹൈദരാബാദിൽ നിന്നും ഇലക്ട്രോണിക്സ് എൻജിനിയറങ്ങിൽ ബിരുദം നേടിയശേഷം ദൂരദർശനിൽ പാട്ടുകാരനാകാൻ പോയൊരു ഭൂതകാലമുണ്ട് വാറങ്കൽ സ്വദേശി ചന്ദ്രബോസിന്. ബിടെക്കിൽ മൂന്നാം റാങ്ക് ലഭിച്ചയാളാണെന്ന അധികഭാരം ചുമലിലേറ്റിയാണ് പാട്ടിന്‍റെ വഴി തെരഞ്ഞെടുത്തതെ ന്നോർക്കണം. എന്നാൽ പാടി തെളിയാനാവില്ലെന്നു തോന്നിയപ്പോൾ, സ്വരം നന്നാവുന്നതിനു മുമ്പേ പാട്ടു നിർത്തി, പേനെയെടുത്തു. 1995-ൽ താജ് മഹൽ എന്ന ചിത്രത്തിനു വേണ്ടി പാട്ടെഴുതാൻ അവസരം ലഭിച്ചു. അതൊരു തുടക്കമായി. വളർച്ചയുടെ ഓരോ കാലവും തിരിച്ചറിഞ്ഞു കൊണ്ടു തന്നെ മുന്നോട്ടു പോയി.

ഗാനരചനാരംഗത്ത് 25 വർഷത്തിലധികമായി. 850-ലധികം തെലുങ്ക് ചിത്രങ്ങളിലായി മൂവായിരത്തിലധികം സിനിമാഗാനങ്ങളെഴുതി. പാട്ടുകാരനാകണമെന്ന മോഹവും ഇതിനിടെ പൂർത്തീകരിച്ചു. എങ്കിലും എഴുത്തിന്‍റെ ലോകത്തു തന്നെ നിറഞ്ഞു നിൽക്കാനായിരുന്നു ജീവിതനിയോഗം. കൊറിയോഗ്രഫറായ സുചിത്ര ചന്ദ്രബോസാണു ജീവിതസഖി.

2020-ൽ ആർആർആറിന്‍റെ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന സമയം. ചിത്രത്തിലേക്കൊരു പാട്ട് വേണമെന്ന ആവശ്യവുമായി എസ് എസ് രാജമൗലി കീരവാണിയെ സമീപിച്ചു. തന്‍റെ പ്രിയ എഴുത്തുകാരൻ ചന്ദ്രബോസിനോടു തന്നെ കീരവാണി ആ ആവശ്യം പറഞ്ഞു. ഇരുപതുകളിൽ നടക്കുന്ന കഥയാണ്, വരികളിൽ ഉപയോഗിക്കുന്ന വാക്കുകളിൽ ആ കാലം പ്രതിഫലിക്കണം. ബാല്യകാലത്തെ മനസിലുറച്ചിരുന്ന ഫോക്ക് അംശങ്ങളുള്ള വരികൾ മനസിലെത്തി. രണ്ടു ദിവസം കൊണ്ട് പാട്ടിന്‍റെ ഏറിയ പങ്കും എഴുതിത്തീർത്തു. പക്ഷേ അതൊരു പൂർണരൂപത്തിലെത്താൻ 19 മാസമെടുത്തെന്ന് ചന്ദ്രബോസ് ഓർക്കുന്നു. ഒടുവിൽ 95-ാമത് ഓസ്കർ വേദിയിൽ ആ പ്രയത്നത്തിന് അംഗീകാരം കിട്ടുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com