

വിജയ്‌യുടെ 'ജനനായകൻ' ടിക്കറ്റ് നിരക്ക് 2000 കടന്നു
ബെംഗളൂരു: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ്‌യുടെ അവസാന സിനിമയായി എത്തുന്ന ജനനായകന്‍റെ ടിക്കറ്റ് നിരക്ക് 2,000 പിന്നിട്ടു. ജനുവരി 9 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തിന്‍റെ പ്രീബുക്കിങ് ആരംഭിച്ച ബെംഗളൂരിൽ മോണിങ് ഷോയുടെ ടിക്കറ്റുകളുടെ നിരക്കാണ് 2,000 രൂപ വരെ ഉയർന്നത്.
ടിക്കറ്റുകൾക്ക് 1000- 2000 രൂപയ്ക്കിടയിൽ വിലയിട്ടിട്ടും ഇതിനോടകം വിറ്റുതീർന്നു. ബുക്ക് മൈ ഷോയിലും ടിക്കറ്റില്ല. പുലർച്ചെ 6.30 ന് ഷോ ആരംഭിക്കുന്ന മുകുന്ദ തിയേറ്ററിൽ 1800-നും 2000 നും ഇടയ്ക്കാണ് ടിക്കറ്റ് നിരക്ക്.
തമിഴ്നാട്ടിൽ പ്രീബുക്കിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. കൊച്ചിയിൽ ഏറ്റവും ഉയർന്ന നിരക്ക് 350 ആണ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാൻ കാത്തിരിക്കുകയാണ് എന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്താൻ സിബിഎഫ്‌സി നിർദേശിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിലും കർണാടകത്തിലും ചില വിദേശ രാജ്യങ്ങളിലുമാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'ജനായകനി'ൽ മമിത ബൈജു, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.