മലയാള സിനിമ പ്രേമികളുടെ നൊസ്റ്റാൾജിയ എന്നു വിളിക്കാവുന്ന മോഹൻലാൽ - ശോഭന കോംബിനേഷനിൽ വരുന്ന ചിത്രമെന്ന തരത്തിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് 'തുടരും'. ദൃശ്യം പോലൊരു സിനിമ എന്ന് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞതിനു ശേഷം ചിത്രത്തിന്‍റെ ഴോണർ എന്താണെന്ന ചർച്ചകളും സജീവം.
ഒരു സംവിധായകൻ എന്ന നിലയിൽ, 'തുടരും' ഒരു ഫാമിലി ഡ്രാമയാണ് എന്നു വെളിപ്പെടുത്തുകയാണ് തരുൺ മൂർത്തി. ഇതൊരു ഫീൽ ഗുഡ് സിനിമയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സംവിധായകനുമായി നടത്തിയ സംഭാഷണത്തിൽനിന്ന്....
പ്രേക്ഷ പ്രതീക്ഷയുടെ അമിതഭാരമുണ്ടോ?
എനിക്കിതുവരെ അങ്ങനെയൊരു ഭാരം തോന്നുന്നില്ല, ഒരു നല്ല സിനിമ ചെയ്തു എന്ന വിശ്വാസമുണ്ട്. ഞങ്ങൾക്ക് കിട്ടിയ റിസോഴ്‌സസിനെയും അഭിനേതാക്കളെയും കൃത്യമായി ഉപയോഗിക്കാൻ പറ്റി എന്നൊരു തോന്നലുണ്ട്. അതൊരു ഓവർ കോൺഫിഡൻസ് ആയല്ല പറയുന്നത്. തിരക്കഥയോട് നീതി പുലർത്തിയ ഒരു സിനിമ ചെയ്യാൻ പറ്റി എന്നൊരു ആത്മവിശ്വാസമുണ്ട്, സന്തോഷമുണ്ട്. ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്നത് മുൻകൂട്ടി പറയാൻ സാധിക്കില്ലല്ലോ.
'ഓപ്പറേഷൻ ജാവ' ചെയ്യുമ്പോഴും, 'സൗദി വെള്ളക്ക' ചെയ്യുമ്പോഴും ഒരു നല്ല സിനിമ ചെയ്യാൻ സാധിച്ചു എന്നത് തന്നെയായിരുന്നു ഉള്ളിൽ ഉണ്ടായിരുന്നത്. ആ രണ്ട് സിനിമകളും കഴിഞ്ഞപ്പോഴുണ്ടായ സന്തോഷവും ആത്മവിശ്വാസവും തന്നെയാണ് ഇപ്പോഴുമുള്ളത്. ജനങ്ങൾക്ക് ഇഷ്ടപ്പെടുന്നൊരു മോഹൻലാൽ ചിത്രമായിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്, അതിനപ്പുറത്തേക്ക് ആകുലതകളില്ല.
ട്രെയിലറിൽ തന്നെ ഒരു മൂഡ് ഷിഫ്റ്റ് ഉണ്ട്, എന്താണ് ഈ ചിത്രത്തിന്‍റെ ഴോണർ എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഇനി പറയാമോ?
ഇതൊരു ഫാമിലി ഡ്രാമയാണ്, അല്ലെങ്കിൽ ഒരു സോഷ്യൽ ഡ്രാമ എന്നു വേണമെങ്കിൽ പറയാം. 'ഓപ്പറേഷൻ ജാവയെ' ത്രില്ലർ എന്ന് എല്ലാവരും പറയുമെങ്കിലും അതിൽ പ്രണയമുണ്ട്, ഫാമിലിയുണ്ട്, സൗഹൃദങ്ങളുണ്ട്, മൾട്ടി-ഴോണേഡ് ചിത്രമാണത്. 'സൗദി വെള്ളക്ക' കോർട്ട് റൂം ഡ്രാമയാണോ സോഷ്യൽ സറ്റയർ ആണോ അതോ ഡാർക്ക് ഹ്യൂമർ ആണോ എന്ന ചിന്തകളെല്ലാം വന്നേക്കാം. തുടരും മൾട്ടി ഴോണേഡ് സിനിമ തന്നെയാണ്. പല ലെയറുകളുള്ള സിനിമയാണ്. പക്ഷേ, സംവിധായകൻ എന്ന നിലയിൽ ഈ സിനിമയെ ഒരു ഫാമിലി ഡ്രാമ എന്ന് വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
'ദൃശ്യം' പോലെയൊരു സിനിമ എന്ന് ലാലേട്ടൻ ഒരു അഭിമുഖത്തിൽ പറഞ്ഞതിന് ശേഷമാണ് പ്രേക്ഷകർക്കിടയിൽ സിനിമയുടെ സ്വഭാവത്തെക്കുറിച്ച് പുതിയ വായനകൾ വന്ന് തുടങ്ങിയത്. അദ്ദേഹമത് പറഞ്ഞത് ഒരു ഫാമിലി മാൻ ആയ, ഗ്രൗണ്ടഡ് ആയ സാധാരക്കാരനെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നതുകൊണ്ടാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നോ, മിസ്റ്ററി ത്രില്ലർ എന്നോ ഇതിനെ വിശേഷിപ്പിക്കാൻ പറ്റില്ല. എനിക്ക് സമൂഹത്തോടു പറയാനുള്ള, ഞാൻ കുടുംബങ്ങളിൽ കണ്ടിട്ടുള്ള നർമങ്ങളും, ചില എക്സൈറ്റ്മെന്‍റുകളും പറയുന്ന ഒരു സിനിമ.
ഫീൽ ഗുഡ് സിനിമയല്ല എന്തായാലും. ത്രില്ലർ എന്നൊന്നും പറഞ്ഞ് ആളുകളുടെ പ്രതീക്ഷകൾ ഉയർത്താനുള്ള ഒന്നും ഈ ചിത്രത്തിൽ ഇല്ല. ഒരു സംവിധായകൻ എന്ന നിലയിൽ ആ ഉറപ്പ് തരാം. ലാലേട്ടന്‍റെയും ശോഭന മാമിന്‍റെയും ഒരു കുടുംബകഥ കേൾക്കാൻ വരൂ എന്നാണ് പ്രേക്ഷകരോട് പറയാനുള്ളത്.
സിനിമയുടെ നിർമാണത്തെപ്പറ്റി?
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ചിത്രം നിർമിക്കുന്നത്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറ്റം വലിയ അനുഗ്രഹം, കൂടെ നിൽക്കുന്ന ഒരു നിർമാതാവിനെ ലഭിക്കുകയെന്നതാണ്. പൂവ് ആഗ്രഹിച്ചപ്പോൾ പൂന്തോട്ടം കിട്ടിയ അനുഭവമായിരുന്നു രഞ്ജിത്തേട്ടൻ. ഏതു കാര്യത്തിനും എന്നെക്കാൾ മുന്നേ രഞ്ജിത്തേട്ടൻ ഉണ്ടാകും. അതുവലിയ പോസിറ്റീവ് അനുഭവം നൽകി.
അതേപോലെ തന്നെയായിരുന്നു ഛായാഗ്രാഹകനായ ഷാജികുമാറിന്‍റെ സാന്നിധ്യവും. പിന്നെ എടുത്തു പറയേണ്ടത് മ്യൂസിക്ക് കമ്പോസറായ ജെയ്ക്ക് ബിജോയിയുടേതാണ്.
നിഷാദ് യൂസഫിന്‍റെ വിടവാങ്ങൽ?
ഫിലിം എഡിറ്ററായ നിഷാദ് യൂസഫിന്‍റെ വേർപാട് വല്ലാത്ത ഒരാഘാതം തന്നെയായിരുന്നു. നിഷാദ് ഇല്ലങ്കിൽ തരുൺ മൂർത്തി എന്നൊരു സംവിധായകൻ പോലുമുണ്ടാകുമോയെന്നു സംശയിക്കുന്നു. ആദ്യ ചിത്രമായ ഓപ്പറേഷൻ ജാവയിൽ തുടങ്ങിയ ബന്ധം, പിന്നിട് സൗദി വെള്ളക്കയിലും ഒന്നിച്ചു പ്രവർത്തിച്ചു. പ്രൊഫഷണൽ മാത്രമായൊരു ബന്ധമല്ല ഞങ്ങൾ തമ്മിലുണ്ടായിരുന്നത്. ഈ സിനിമയിൽ നിഷാദ് അഭിനയിച്ചിട്ടുമുണ്ട്.
നിഷാദ് വിട്ടു പോയതിനു ശേഷം നിഷാദിനെ പോലെ, അല്ലേൽ നിഷാദ് തന്നെ എന്നൊരു ധൈര്യം എനിക്ക് ഷഫീഖ് എന്ന എഡിറ്ററും തന്നിട്ടുണ്ട്. പ്രതിക്ഷയോടെ തന്നെ കാണുന്നു ഷഫീഖ് എന്ന എഡിറ്ററനെയും.

